ഉത്ഥിതനെ തേടി – 35 – ഇടയൻ

“നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴെങ്കിലുമൊക്കെയായി കുടിയിരുത്തപ്പെട്ട യേശുവിന്‍റെ ഇഷ്ടരൂപങ്ങളില്‍ ഒന്ന് നല്ലിടയന്‍റെ രൂപമാണ്. കുഞ്ഞാടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു കാതില്‍ കിന്നാരം ചൊല്ലുന്ന ദൈവം; അല്ലെങ്കില്‍ ആടിനെ തോളിലെടുത്ത് ആട്ടിന്‍പറ്റത്തെ ഇടയവടി കൊണ്ട് മേയിച്ചു നടന്നുപോകുന്ന യേശു; അതുമല്ലെങ്കില്‍ മുള്‍ച്ചെടിയില്‍ പെട്ടുപോയ കുഞ്ഞാടിനെ കയ്യെത്തിപ്പിടിക്കുന്ന ഇടയന്‍.”

ആടിന്‍റെ ചൂരുള്ള ഇടയന്മാരാണ് ഇന്നിന്‍റെ ആവശ്യം എന്ന ഫ്രാന്‍സിസ് പാപ്പയുടെ വചനങ്ങള്‍ അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചുകേട്ട വാക്കുകളാണെന്ന് തോന്നുന്നു. കുടുംബത്തില്‍, സമൂഹത്തില്‍, ജോലിയിടങ്ങളില്‍, ഇടവകയില്‍ ഞാനും നീയും ഇടയന്മാരാണ്. നല്ലിടയനോ? അതോ കൂലിക്കാരനോ?

(കടപ്പാട്: സിസ്റ്റർ സോജാ മരിയ സിഎംസി)

പ്രാർത്ഥിക്കാം

നല്ല ഇടയനായ ഈശോയെ, നിന്നെ ഞാൻ സ്നേഹിക്കുന്നു. പാപികളായ മനുഷ്യർക്കു വേണ്ടി ജീവൻ ബലികഴിക്കാൻ തിരുമനസായ അങ്ങനെ ഞാൻ ആരാധിക്കുന്നു. എന്റെ ജീവിതമേഖലകളിൽ, കർത്തവ്യങ്ങളിൽ, ഞാൻ ആയിരിക്കുന്ന ജീവിതസാഹചര്യങ്ങളിൽ എനിക്കുള്ള ഇടയദൗത്യം എന്താണെന്ന് മനസിലാക്കുവാനും അത് നന്നായി നിറവേറ്റുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.

നിയോഗം

തെറ്റായ മാതൃക കൊടുക്കുന്നവർ അതിൽനിന്നും പിന്തിരിയാൻ വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, മറ്റുള്ളവർക്ക് ദുർമാതൃക കൊടുക്കുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

ഞാന്‍ നല്ല ഇടയനാണ്‌. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ. 10:11).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു