ഉത്ഥിതനെ തേടി – 33 – കുറവ്

എന്റെ കുറവുകളെ മൂടിവച്ചു കൊണ്ട് മറ്റുള്ളവരുടെ കുറവുകൾ പർവ്വതീകരിച്ചു കാണിക്കാൻ വെമ്പൽകൊള്ളുന്നവരുടെ ലോകത്താണ് നാം ജീവിക്കുന്നത്. ആരും പൂർണ്ണരല്ല ഈ ലോകത്ത്. എന്റെ കണ്ണിലെ തടിക്കഷണം എടുത്തിട്ട് അപരന്റെ കണ്ണിലെ കരട് എടുക്കാൻ പോയാൽ മതി എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ.

‘നിനക്കൊരു കുറവുണ്ട്” എന്ന് ഈശോ ഇന്ന് എന്നോട് പറയുകയാണെങ്കിൽ അത് എന്തായിരിക്കും? തമ്പുരാന്റെ വാക്കുകൾക്ക് കാതോർക്കാം. നോമ്പുകാലം കുറവുകളെയും ബലഹീനതകളെയും വിജയിക്കാൻ കൂടിയുള്ളതാകട്ടെ.

പ്രാർത്ഥിക്കാം

ഈശോയെ, നിന്നെ അനുഗമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ എന്നെ സഹായിക്കണമേ. മറ്റുള്ളവരുടെ ജീവിതത്തിലെ നന്മകൾ കണ്ടെത്താനും അതിനെ പ്രോത്സാഹിപ്പിക്കാനുമുള്ള എന്റെ ഉത്സാഹക്കുറവിനെ എന്നിൽനിന്നും എടുത്തുമാറ്റണമേ. ആമ്മേൻ.

നിയോഗം

മറ്റുള്ളവരെ കളിയാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, മറ്റുള്ളവരെ കളിയാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അതുകേട്ട്‌ യേശു പറഞ്ഞു: ഇനിയും നിനക്ക്‌ ഒരു കുറവുണ്ട്‌. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക; അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന്‌ എന്നെ അനുഗമിക്കുക (ലൂക്കാ 18:22).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു