ഉത്ഥിതനെ തേടി – 21 – കോപം

കോപിക്കാം; എന്നാൽ, പാപം ചെയ്യരുത് എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത് (എഫേ. 4:12).

എപ്പോഴാണ് കോപം പാപമാകുന്നത്? കോപം നീണ്ടുപോകുന്തോറും അത് പാപമായി മാറുന്നു. മാതാപിതാക്കൾ മക്കളോടും അധ്യാപകർ കുട്ടികളോടും ഭരണാധികാരികൾ തങ്ങളുടെ കീഴിൽ ഉള്ളവരോടും ഒക്കെ കോപിക്കാറുണ്ട്; ദേഷ്യപ്പെടാറുണ്ട്. കാര്യമില്ലാതെയാണ് കോപിച്ചതെങ്കിൽ ആരാണോ കോപിച്ചത് അവരും, എന്തെങ്കിലും മോശമായി ചെയ്തിട്ടാണ് കോപത്തിനു ഇരയായത് എങ്കിൽ ആ വ്യക്തിയും എത്രയും പെട്ടന്ന് പ്രശ്നങ്ങൾ പരിഹരിച്ചു രമ്യതയിൽ എത്തണം. ഇല്ലെങ്കിലാണ് പ്രശ്നം എന്നാണ് പൗലോസ് ശ്ലീഹ പറയുക.

സാത്താന് നമ്മൾ അവസരം കൊടുക്കരുത്. കോപം ശമിപ്പിച്ചില്ല എങ്കിൽ സാത്താൻ അവസരം മുതലെടുക്കും. അത് പിന്നെ വിദ്വേഷമായും വൈരാഗ്യമായും വളരും. കൊലപാതകത്തിലേയ്ക്ക് വരെ ചിലപ്പോൾ എത്തിപ്പെട്ടേക്കാം. ക്ഷമിക്കാം. തെറ്റിധാരണകൾ പറഞ്ഞു തീർക്കാം. രമ്യതയിൽ ജീവിക്കാം. സാത്താന് അവസരം കൊടുക്കാതിരിക്കാം.

പ്രാർത്ഥിക്കാം

ഈശോയെ, കോപത്തെ നിയന്ത്രിക്കുവാൻ എന്നെ സഹായിക്കണമേ. ക്ഷമ എന്ന പുണ്യം എന്നിൽ വളർത്തണമേ. എന്നിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ തിന്മകളെയും പിഴുതുകളഞ്ഞ് നന്മയിൽ ആഴപ്പെടാൻ അനുഗ്രഹിക്കണമേ. ആമ്മേൻ.

നിയോഗം

ക്ഷമിക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിലും അതിന് സാധിക്കാതെ വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ ക്ഷമിക്കാൻ സാധിക്കാത്ത എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

കോപിക്കാം; എന്നാല്‍, പാപം ചെയ്യരുത്‌. നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതു വരെ നീണ്ടുപോകാതിരിക്കട്ടെ (എഫേ. 4:26).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു