ഉത്ഥിതനെ തേടി 18 – സ്നേഹം

സ്നേഹം എന്ന വാക്കിനും സ്നേഹിക്കുക എന്ന പ്രവൃത്തിക്കും പുതിയ അർത്ഥതലങ്ങൾ നൽകിയ വ്യക്തിയായിരുന്നു ഈശോ. എല്ലാ കാര്യങ്ങൾക്കും അവിടുന്ന് ഉദാഹരണം ആക്കിയത് തന്നെത്തന്നെ ആയിരുന്നു. ഈശോ പറഞ്ഞത്, അവനോ അവളോ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാനല്ല. മറിച്ച്, ‘ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ’ എന്നാണ് (യോഹ. 13:35).

ഈശോയുടെ സ്നേഹം പൂർണ്ണമായിരുന്നു – അവിടുന്ന് എല്ലാവരെയും സ്നേഹിച്ചു; വിട്ടുകൊടുക്കലിന്‍റേതായിരുന്നു – പിതാവിന്റെ ഹിതത്തിന് തന്നെത്തന്നെ അവിടുന്ന് വിട്ടുകൊടുത്തു; ക്ഷമയിൽ അധിഷ്ഠിതമായിരുന്നു – തള്ളിപ്പറഞ്ഞ പത്രോസിനോടും ഒറ്റിക്കൊടുത്ത യൂദാസിനോടും അവിടുന്ന് ക്ഷമിച്ചു, കരുണ കാണിച്ചു. നമുക്കും നമ്മുടെ വാക്കുകളെ പ്രവൃത്തിയിൽ കൊണ്ടുവരാം. സ്നേഹത്തിനും സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഈശോ മാത്രമായിരിക്കട്ടെ നമ്മുടെ മാതൃക. സ്നേഹിക്കാം പരിധികളില്ലാതെ, ആത്മാർത്ഥമായി. അപ്പോൾ നമ്മളും സ്നേഹിക്കപ്പെടും.

പ്രാർത്ഥിക്കാം

ഈശോയെ, സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും നീ തന്നെയാണ് ഏറ്റവും വലിയ മാതൃക. നിന്റെ സ്നേഹം മാതൃകയാക്കി എല്ലാവരെയും സ്നേഹിക്കാൻ എനിക്ക് കൃപ തരണമേ. ആമ്മേൻ.

നിയോഗം

ആരോരും സ്നേഹിക്കാനില്ലാത്ത എല്ലാവർക്കും വേണ്ടി

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, ആരോരും സ്നേഹിക്കാനില്ലാത്ത എല്ലാവരുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

പരസ്‌പരം സ്‌നേഹിക്കുക എന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചു കഴിഞ്ഞു (റോമാ 13:8).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു