ഉത്ഥിതനെ തേടി – 16 – സ്വപ്‌നം

സ്വപ്നങ്ങളാണ് യൗസേപ്പ് എന്ന മനുഷ്യനെ നയിച്ചത്. കണ്ട സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ തമ്പുരാനെ യൗസേപ്പ് കൂട്ടുപിടിച്ചു. ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. യൗസേപ്പിതാവിന് സ്വപ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഇനി എന്തുചെയ്യും എന്നറിയാൻ പാടില്ലാതെ നിൽക്കുമ്പോളാണ് സ്വപ്നങ്ങളിലൂടെ തമ്പുരാൻ ഇടപെടുന്നതും മുൻപോട്ടുള്ള വഴികൾ കാണിച്ചുകൊടുക്കുന്നതും.

ദൈവസ്വരത്തിന് ചെവി കൊടുക്കുന്നവരാകുക, ദൈവം സംസാരിക്കുന്നത് തിരിച്ചറിയുന്നവരാകുക. അത് സ്വപ്നങ്ങളിലൂടെ ആയിരിക്കാം, വ്യക്തികളിലൂടെ ആയിരിക്കാം, സാഹചര്യങ്ങളിലൂടെ ആയിരിക്കാം. അതുപോലെ ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ദുഃഖിക്കാതെ തളരാതെ കോപിക്കാതെ ശാന്തമായി ദൈവത്തിൽ ആശ്രയിക്കുക. വഴി തെളിയും. തീർച്ചയാണ്.

പ്രാർത്ഥിക്കാം

ഒരു ദിനംകൂടി നൽകിയതിന് അങ്ങേയ്ക്ക് നന്ദി. നിരാശയിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങേ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രത്യാശയുടെ വരം അങ്ങ് അവർക്ക് കൊടുക്കണമേ. വിഷമങ്ങളിൽ ലോകത്തിന്റെ വഴികൾ തേടിപ്പോകാതെ എല്ലാം അറിയുന്ന ദൈവമുണ്ട് എന്ന പ്രത്യാശയിൽ ജീവിതം മുൻപോട്ട് നയിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാ നിയോഗങ്ങളെയും സഫലമാക്കണമേ, ആമ്മേൻ.

നിയോഗം

വിഷമങ്ങൾ ഉണ്ടാകുമ്പോൾ നിരാശരായി ആത്മഹത്യയിൽ അഭയം തേടുന്നവർക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, നിരാശരായ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

ശക്തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ കൂടെ വരുന്നത്‌. അവിടുന്ന് നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല (നിയമാ. 31:6).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.