ഉത്ഥിതനെ തേടി – 15 – കല്പന

പണ്ട് ആദ്യകുർബാന സ്വീകരണത്തിന് ഒരുക്കമായി നമസ്കാരങ്ങൾ പഠിച്ചപ്പോൾ, പഠിച്ച ഒരു കാര്യമാണ് പത്തു കല്പനകളെ രണ്ടായി സംഗ്രഹിക്കാം എന്നത്. ഒന്ന് – എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുക. രണ്ട് – തന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ഈ രണ്ടു കാര്യങ്ങൾ ചെയ്യുന്നവർക്ക് തിന്മയുടെ വഴിയേ ചരിക്കാൻ സാധ്യമല്ല. അതുകൊണ്ടാണ് പൗലോസ് അപ്പസ്‌തോലൻ പറയുന്നത് സ്നേഹമാണ് സർവോത്കൃഷ്ടം എന്ന് (1 കോറി. 13:13).

‘The Passion of Christ’ എന്ന സിനിമയിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. തന്റെ വിലാപ്പുറത്ത് കുന്തംകൊണ്ട് കുത്തുന്ന പടയാളിയെ സുഖപ്പെടുത്തുന്ന ഈശോ. ഇതിനപ്പുറത്തേയ്ക്കൊന്നും ഒരു സ്നേഹവും വരില്ല. പിതാവിനോടുള്ള സ്നേഹത്തെപ്രതി പിതാവിന്റെ ഹിതം നിറവേറ്റുന്ന ഈശോ കുരിശിൽ കിടന്നുകൊണ്ട് പരസ്നേഹത്തിന്റെ വലിയ മാതൃക നൽകുന്നു. ദൈവസ്നേഹവും പരസ്നേഹവും നമ്മുടെ കൊച്ചു ജീവിതമാകുന്ന പൂന്തോട്ടത്തിൽ നട്ടുവളർത്താം. സ്നേഹിക്കാം – പരാതികളില്ലാതെ. അപ്പോൾ നമ്മളും സ്നേഹിക്കപ്പെടും. അർഹിക്കുന്നതിനേക്കാൾ അധികമായി.

പ്രാർത്ഥിക്കാം

ഈശോയെ, സ്നേഹത്തിന്റെ ബാലപാഠങ്ങൾ പഠിക്കേണ്ടത് അങ്ങിൽ നിന്നു തന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നതിനേക്കാൾ എല്ലാവരെയും സ്നേഹിക്കാൻ എനിക്ക് കൃപ തരണമെ. പരാതികളില്ലാതെ, കുറ്റപ്പെടുത്തലുകളില്ലാതെ എല്ലാവരെയും നിഷ്കളങ്കമായി സ്നേഹിക്കുവാൻ അങ്ങയുടെ ജീവിതം എനിക്ക് മാതൃകയാകട്ടെ. ആമ്മേൻ.

നിയോഗം

സ്വാർത്ഥലാഭങ്ങൾക്കായി മറ്റുള്ളവരെ സ്നേഹിക്കുന്നവർക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി മറ്റുള്ളവരെ സ്നേഹിക്കുന്ന എല്ലാവരുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും (പുറ. 20:6).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.