ഉത്ഥിതനെ തേടി 12 – അധികാരം

ഈശോയുടെ പ്രബോധനങ്ങളും പ്രവർത്തനങ്ങളും മുഴുവൻ അധികാരത്തോടെ ആയിരുന്നു (മർക്കോ. 1:22). കാരണം, താൻ ആരാൽ അയയ്ക്കപ്പെട്ടതാണ് എന്നും  തന്റെ ദൗത്യം എന്തെന്നും ഈശോയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ട് ഈശോ, തനിക്ക് പിതാവിൽ നിന്നും ലഭിച്ച അധികാരം ശുശ്രൂഷയാക്കി മാറ്റി. വലിയവൻ ചെറിയവൻ ആകണമെന്ന് പറയുക മാത്രമല്ല ജീവിതത്തിൽ കാണിച്ചുകൊടുക്കുകയും ചെയ്തു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് അധികാരം ശുശ്രൂഷയാണെന്ന് പഠിപ്പിച്ചു. രോഗികളെ സുഖപ്പെടുത്തിക്കൊണ്ട് അധികാരം സേവനമാണെന്ന് പഠിപ്പിച്ചു. കാറ്റിനെയും കടലിനെയും ശാന്തമാക്കിക്കൊണ്ട് അധികാരം നന്മ ചെയ്യുവനുള്ളതാണെന്ന്  പഠിപ്പിച്ചു.

എന്റെ ജീവിതസാഹചര്യങ്ങളിൽ എനിക്ക് അധികാരമുള്ള മേഖലകളിൽ ഞാൻ എങ്ങനെ അത് വിനിയോഗിക്കുന്നു? മറ്റുള്ളവരുടെ നന്മയ്ക്കായും ഉയർച്ചയ്ക്കായും എന്റെ അധികാരത്തെയും കഴിവുകളെയും ഉപയോഗിക്കാറുണ്ടോ?

പ്രാർത്ഥിക്കാം

ഈശോയെ, നന്മകൾ ചെയ്തു കടന്നുപോയ നിന്നെ അനുകരിക്കാൻ എനിക്ക് കൃപ തരണമേ. മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്തുകൊണ്ട്, നന്മകൾ നൽകിക്കൊണ്ട്, സേവനം ചെയ്തുകൊണ്ട് ഈ നോമ്പുകാലം ഫലദായകമാക്കുവാൻ അനുഗ്രഹം തരണമേ. ആമ്മേൻ.

നിയോഗം

അധികാരം ദുരുപയോഗം ചെയ്യുന്ന എല്ലാ മക്കൾക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്. പിതാവേ, അധികാരം ദുരുപയോഗം ചെയ്യുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ, അതു ലഭിക്കാന്‍ അവകാശം ഉള്ളവര്‍ക്ക് നിഷേധിക്കരുത്‌ (സുഭാ. 3:27).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.