ഉത്ഥിതനെ തേടി-3-പരീക്ഷണം

മരുഭൂമിയിലെ നാല്‍പതു ദിവസത്തെ ഈശോയുടെ ഉപവാസം പരീക്ഷണങ്ങളുടെമേൽ അവിടുന്ന് വരിച്ച വിജയം കൂടി ആയിരുന്നു. വചനത്തിൽ ഈശോ പറയുന്നുണ്ട്. “അവർ എന്നെ പീഡിപ്പിച്ചു. എങ്കിൽ നിങ്ങളെയും പീഡിപ്പിക്കും” (യോഹ. 15:20).

നോമ്പുകാലം പരീക്ഷകളെയും പരീക്ഷണങ്ങളെയും നേരിടാനുള്ള സമയം കൂടിയാണ്. നേരിട്ടാൽ മാത്രം പോര വിജയം വരിക്കുകയും വേണം. അതിന് നമ്മെ സഹായിക്കുന്നത് തമ്പുരാന്റെ വചനം തന്നെ ആണ്. ചില നിർണ്ണായക സമയങ്ങളിൽ നാമെടുക്കുന്ന ചില തീരുമാനങ്ങളാണ് നമ്മെ നന്മയിൽ നടത്തുക. നമ്മുടെയൊക്ക ജീവിതത്തിൽ ഒരുപാട് ഓപ്ഷൻസ് ഉണ്ട്. നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നതും മൂല്യം കൂട്ടുന്നതുമായ തിരഞ്ഞെടുപ്പുകൾ നടത്തുക. ആ തിരഞ്ഞെടുപ്പുകൾ നമ്മുടെ തിരിച്ചറിവുകളിൽ നിന്നാകുമ്പോൾ ആ തിരിച്ചറിവുകൾ നമ്മുടെ തീരുമാനങ്ങളുമാകും.

പ്രാർത്ഥന 

ഈശോയെ, പരീക്ഷണങ്ങൾ വചനത്തിന്റെ ശക്തിയാൽ വിജയിച്ച, പീഡനങ്ങൾ സ്നേഹത്തിന്റെ ശക്തിയാൽ സഹിച്ച നിന്നെ ഞാൻ ആരാധിക്കുന്നു. നന്മയിൽ വളരുവാനും നിന്റെ വചനത്തിലാശ്രയിച്ചു ജീവിക്കുവാനും അനുഗ്രഹം തരണമേ. എടുക്കുന്ന നല്ല തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുവാനുള്ള നിലനില്പിന്റെ വരം തരണമേ. ആമ്മേൻ

നിയോഗം

തിന്മയിലേയ്ക്ക് ആകർഷിതരാകുന്ന എല്ലാ മക്കൾക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ തിന്മയിലേയ്ക്ക് ആകർഷിതരാകുന്ന എല്ലാ മക്കളുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം 

നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു (മത്തായി 6:8).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.