ദാരിദ്ര്യ അടിയന്തിരാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ച് ‘സേവ് ദി ചിൽഡ്രൻ’ സംഘടന

റോമിലെ ഫിലിം ഫെസ്റ്റിൽ ലോകത്തെ വിവിധയിടങ്ങളിലെ പ്രത്യേകിച്ച്, അഫ്ഗാനിസ്ഥാനിലെ ദാരിദ്ര അടിയന്തിരാവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിച്ച് ‘സേവ് ദ ചിൽഡ്രൻ’ എന്ന സംഘടന. ഒക്ടോബർ 22 -ന് റോമിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ അഫ്ഗാനിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും ദാരിദ്ര്യത്തിലേക്ക് ആളുകളുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഈ സംഘടനയുടെ ശ്രമം.

ഇപ്പോഴും തുടരുന്ന കോവിഡ് -19 പ്രതിസന്ധിയും വിവിധ രാജ്യങ്ങളിലെ സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും നേരത്തെ തന്നെ പല രാജ്യങ്ങളിലും കുട്ടികൾ അനുഭവിച്ചു പോന്നിരുന്ന പോഷകാഹാരക്കുറവ് മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമാക്കിയിട്ടുണ്ട്. ലോകമെമ്പാടുമായി അഞ്ച് വയസ്സിനു താഴെയുള്ള ഏതാണ്ട് 57 ലക്ഷം കുട്ടികൾ കടുത്ത പട്ടിണിയുടെ വക്കിലാണ്. ഇവരിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ധാരാളം കുട്ടികളുമുണ്ട്. സമീപകാലത്ത് അവിടെ നടക്കുന്ന സംഘർഷങ്ങളും നേരത്തെ തന്നെ ഉണ്ടായിരുന്ന പ്രശ്നങ്ങളും കാരണം അവരുടെ ആയുർദൈർഘ്യം കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പതിനാറിൽ ഒന്ന് എന്ന നിരക്കിൽ രാജ്യത്തെ കുട്ടികൾ അഞ്ചു വയസ്സിന് മുൻപ് മരിച്ചുപോകുന്നതായും ഈ സംഘടന അറിയിച്ചു.

കുട്ടികളുടെ പോഷകാഹാരക്കുറവിന്റെയും പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനിലെ കുട്ടികൾ അനുഭവിക്കുന്ന ദാരിദ്ര്യമെന്ന ദുരന്തത്തിന്റെയും വിപത്തിനെ എടുത്തുകാണിക്കാനും ലക്ഷ്യമിട്ടാണ് സേവ് ദ ചിൽഡ്രൻ റോമിലെ ഫിലിം ഫെസ്റ്റിൽ ‘ദാരിദ്ര്യ അടിയന്തിരാവസ്ഥ’ എന്ന ഒരു പ്രചരണപ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ ഏതാണ്ട് നൂറ് വർഷങ്ങളായി ലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ‘സേവ് ദ ചിൽഡ്രൻ.’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭക്ഷ്യ അടിയന്തിരാവസ്ഥയെക്കുറിച്ച് പൊതുജനത്തെ ബോധവാന്മാരാക്കുകയാണ് ഇവരുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.