അതിശൈത്യത്തിൽപ്പെട്ടിരിക്കുന്ന ആളുകൾക്കായി സഹായാഭ്യർത്ഥന നടത്തി ‘സേവ് ദ ചിൽഡ്രൻ’ സംഘടന

അഫ്‌ഗാനിസ്ഥാനിൽ വിവിധയിടങ്ങളിലായി അതിശൈത്യം മൂലം മരണഭീതിയിൽ കഴിയുന്ന ആളുകൾക്ക് സഹായമെത്തിക്കാനായി ‘സേവ് ദ ചിൽഡ്രൻ’ സംഘടന സഹായാഭ്യർത്ഥന നടത്തി. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ബുദ്ധിമുട്ടിലായിരുന്ന നിരവധി കുടുംബങ്ങൾ, അഫ്‌ഗാനിസ്ഥാനിൽ ഇപ്പോൾ നിലനിൽക്കുന്ന അതിശൈത്യത്തെ അതിജീവിക്കാനായി പാടുപെടുകയാണ്. ഇതിനോടകം തന്നെ നിരവധി ഇടങ്ങളിൽ യുദ്ധങ്ങളുടെയും മറ്റ്‌ സംഘർഷങ്ങളുടെയും ദുരിതഫലങ്ങൾ അനുഭവിച്ച ദശലക്ഷക്കണക്കിന് കുട്ടികളാണ് ഇപ്പോൾ പട്ടിണിയുടെ വക്കിലേക്ക് തള്ളപ്പെട്ടിരിക്കുന്നത്. കൂടാതെ, പലയിടങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലും താഴെയായിട്ടുണ്ട്.

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഈ ശൈത്യകാലത്തെ ഉപയോഗത്തിനായി ഇന്ധനം വാങ്ങാൻ കഴിയാത്തതിനാൽ അവരിൽ പലരും ജീവൻ തന്നെ അപകടത്തിലായേക്കാവുന്ന സ്ഥിതിയിലാണെന്ന് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഫ്ഗാനിസ്ഥാനിലെ സേവ് ദി ചിൽഡ്രൻ ഡയറക്ടർ നോറ ഹസാനിയൻ പറഞ്ഞു. പട്ടിണി മൂലം പലയിടങ്ങളിലും സ്വന്തം കുട്ടികളെ വരെ മറ്റുള്ളവർക്ക് നൽകാനോ, വിൽക്കാനോ പോലും പല കുടുംബങ്ങളും നിർബന്ധിതമാകുന്നുണ്ടെന്നും നോറ ഹസാനിയൻ വെളിപ്പെടുത്തി.

രാജ്യത്തിനെതിരെ നിലനിൽക്കുന്ന ഉപരോധങ്ങളും തീവ്രവാദ വിരുദ്ധനയങ്ങൾ മൂലം എടുത്തിട്ടുള്ള രാഷ്ട്രീയ തീരുമാനങ്ങളും പല മാനവിക സഹായശ്രമങ്ങളെയും തടസ്സപ്പെടുത്തുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് സഹായം എത്തുന്നതിന് കൂടുതൽ ബുദ്ധിമുട്ടുണ്ടെന്നും ശൈത്യകാലത്തെ അതിജീവിക്കാൻ കുട്ടികൾക്ക് ആവശ്യമായ ജീവൻരക്ഷാ സഹായം നൽകാൻ ഇപ്പോൾ എല്ലാവരും തിടുക്കത്തിൽ പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു.

അടുത്ത വർഷം പകുതിയോടെ അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേരും ദാരിദ്ര്യരേഖക്ക് താഴെയാകുമെന്നാണ് ഭയപ്പെടുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ഭക്ഷ്യപ്രതിസന്ധിയെയാണ് നിലവിൽ രാജ്യം അഭിമുഖീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.