ദയാവധത്തിന് വിധേയനാക്കുവാൻ തീരുമാനിച്ച ഫ്രഞ്ച് പൗരനെ മരണം വരെ സംരക്ഷിക്കുവാൻ ആവശ്യപ്പെട്ട് കോടതിവിധി

10 വർഷമായി ‘കോമാ സ്റ്റേജിൽ’ കഴിയുന്ന ഫ്രഞ്ച് പൗരൻ, വിൻസെന്റ് ലാംബർട്ടിന്റെ ജീവൻ സ്വാഭാവികമരണം വരെ സംരക്ഷിക്കാൻ പാരീസിലെ അപ്പീൽ കോടതിയുടെ ഇടപെടൽ. 2008-ലെ കാറപകടത്തെ തുടർന്നാണ് 42 വയസുകാരനായ വിൻസെന്റ്, അബോധാവസ്ഥയിലായത്.

ഭക്ഷണവും ജലവും എത്തിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്ത് ലാംബർട്ടിനെ, ദയാവദത്തിന് വിധേയനാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഫ്രാൻസിസ് പാപ്പ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയതിലൂടെ ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ ജീവൻ ഏതുവിധേനയും നിലനിർത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം. അബോധാവസ്ഥയിലാണെങ്കിലും സ്വതന്ത്രമായി ശ്വസിക്കുകയും ഹൃദയം സ്വഭാവേന മിടിക്കുകയും ചെയ്യുന്ന തങ്ങളുടെ മകൻ മരിച്ചുകൊണ്ടിരിക്കുകയല്ല എന്ന് മാതാപിതാക്കൾ പറഞ്ഞുവെങ്കിലും ആശുപത്രി അധികൃതർ അതിനെ എതിർത്തു.

ലാംബെർട്ടിന് ഭക്ഷണവും ജലവും നൽകാൻ വേണ്ടിയുള്ള മാതാപിതാക്കളുടെ ആവശ്യത്തെ ഫ്രഞ്ച് ഗവർൺമെന്റ് കൗൺസിലും പിന്നീട് മനുഷ്യാവകാശങ്ങൾക്കായുള്ള യൂറോപ്യൻ കോടതിയും തള്ളിക്കളഞ്ഞെങ്കിലും മനുഷ്യാവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ കമ്മിറ്റി, ലാംബെർട്ടിന് ഭക്ഷണവും ജലവും നൽകാൻ നിർദേശിച്ചിരുന്നു. ഇപ്പോൾ പാരീസിലെ അപ്പീൽ കോടതിയിൽ നിന്നും അനുകൂലവിധിയും ഉണ്ടായിരിക്കുകയാണ്.