സാത്താന്റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം

സാത്താന്‍ ഏറ്റവുമധികം ജീവിതങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന തിന്മയുടെ ആയുധമാണു നിരാശ. വിശ്വാസവും പ്രത്യാശയും സ്‌നേഹവും പരിശുദ്ധാത്മാവിന്റെ ഇതരഫലങ്ങളും നഷ്ടപ്പെട്ട അവസ്ഥയാണ് നിരാശ. ഒരുവനും ഒരേസമയം നിരാശനും ദൈവവിശ്വാസിയുമായിരിക്കുക സാധ്യമല്ല. ഇല്ലായ്മയില്‍നിന്ന് ഈ ലോകത്തെ സൃഷ്ടിച്ച സര്‍വ്വശക്തനായ ദൈവത്തിന് സര്‍വ്വവും പുനഃസൃഷ്ടിക്കാനും കഴിയും, നാം സ്വയം സമര്‍പ്പിച്ചാല്‍ മാത്രം.

ആത്മീയഭൗതീക ജീവിതങ്ങളില്‍ വളരുന്നതിനു നമുക്കു വിശ്വാസവും പ്രത്യാശയും ദൈവത്തിനുള്ള തുറവിയും അത്യന്താപേക്ഷിതമാണ്. ദൈവത്തിന്റെ ഇടപെടലിന് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടിവന്നാലും പ്രത്യാശ കൈവെടിയാതെ കര്‍ത്താവിന്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക. സങ്കീര്‍ത്തകന്‍ പറയുന്നു: ‘കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ, ധൈര്യമവലംബിക്കുവിന്‍’ (31:24).

ഏശയ്യാ പറഞ്ഞിട്ടില്ലേ, ‘കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ വീണാലും എഴുന്നേല്ക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും’ എന്ന്. ദൈവത്തിന് അസാധ്യമായി ഒന്നിമില്ല. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തു തരാന്‍ അവിടുത്തേക്കു കഴിയും. ജെറമിയായിലൂടെ ദൈവം അരുളിച്ചെയ്യുന്നു: ‘ഞാന്‍ സകല മര്‍ത്യരുടേയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?’ (32:27).

ദൈവത്തിനു പരിഹരിച്ചുതരാനാവാത്ത ഒരു പ്രശ്‌നവുമില്ല. അസാധ്യങ്ങളെല്ലാം സാധ്യങ്ങളാക്കുന്നവനാണു ദൈവം. പ്രശ്‌നങ്ങളും പ്രയാസങ്ങളും ദൈവകരങ്ങളില്‍ കൊടുത്ത് അവിടുത്തെ സ്തുതിച്ചു മഹത്ത്വപ്പെടുത്തുക. വിസ്വാസപ്രമാണത്തിനു വലിയ ശക്തിയുണ്ട്. ബുദ്ധിമുട്ടുകളുണ്ടാകുമ്പോള്‍ വിശ്വാസപ്രമാണം ഉറക്കെ, ബോധ്യത്തോടെ ആവര്‍ത്തിച്ചു ചൊല്ലുക. ആത്മാര്‍ത്ഥതയോടെ അതുചൊല്ലുമ്പോള്‍ സാത്താന്‍ നമ്മെ വിട്ടുപോകും. കര്‍ത്താവ് പറഞ്ഞിട്ടില്ലേ, ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം’ (മത്തായി 11:28).