പിശാച് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്: ഫ്രാന്‍സിസ് പാപ്പാ 

സാത്താന്‍ അല്ലെങ്കില്‍ പിശാച് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്ന് ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, ഒരു പൊതുപ്രഭാഷണത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മ്മിപ്പിച്ചത്.

ഈശോ, തന്റെ പരസ്യജീവിതം ആരംഭിക്കുന്നത് സാത്താന്റെ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടാണ്. അതിനാല്‍ തന്നെ സാത്താന്‍ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ചിലര്‍ വിചാരിക്കുന്നത്, സാത്താന്‍ പണ്ടുകാലങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഒന്നാണ് എന്നാണ്. എന്നാല്‍, സുവിശേഷത്തിലേയ്ക്ക് നോക്കുക. അവിടെ സാത്താന്റെ പ്രലോഭനങ്ങളെ പരാജയപ്പെടുത്തുന്ന ഈശോയെ കാണാം. പാപ്പാ ചൂണ്ടിക്കാട്ടി.

നാം ഓരോരുത്തരും പരീക്ഷണങ്ങളുടെ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓര്‍ക്കുക, നമുക്കായി ക്രിസ്തു ഈ പരീക്ഷണങ്ങളെ അതിജീവിച്ച് വിജയം വരിച്ചിരുന്നു എന്ന്. ദൈവം ഒരിക്കലും മനുഷ്യനെ പ്രലോഭിപ്പിക്കുന്നില്ല. പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നതെന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല. അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. പാപ്പാ ഓര്‍മ്മിപ്പിച്ചു. പീഡനങ്ങളും പ്രലോഭനവും സര്‍വ്വോപരി യേശുവിന്റെ ജീവിതത്തില്‍ നിഗൂഢമാംവിധം സന്നിഹിതമായിരുന്നു. ഈ അനുഭവം അവിടത്തെ എല്ലാത്തരത്തിലും നമ്മുടെ സഹോദരനാക്കി മാറ്റുന്നു.

മരുഭൂമിയിലും ഗത്സേമന്‍ തോട്ടത്തിലും യേശു, ദൈവഹിതം വെടിയാനുള്ള എല്ലാം പ്രലോഭനങ്ങളെയും മറികടക്കുന്നു. എന്നാല്‍ നമുക്കറിയാം, ഭീതിയാലുള്ള മരവിപ്പിനാല്‍ തളര്‍ന്നുപോയ ശിഷ്യര്‍ ഉറങ്ങുകയായിരുന്നുവെന്ന്. സഹനങ്ങളുടെ വേളയില്‍ തന്നെ ഉപേക്ഷിക്കരുതെന്ന് ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ ഉറങ്ങുന്നു. എന്നാല്‍ ദൈവമാകട്ടെ, മനുഷ്യന്‍ പരീക്ഷണവിധേയനാകുമ്പോള്‍ ഉണര്‍ന്നിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ  ഏറ്റവും മോശവും ക്ലേശകരവും ആശങ്കാജനകവുമായ വേളകളില്‍ ദൈവം നമ്മൊടൊപ്പം ഉണര്‍ന്നിരിക്കുകയും നമ്മോടൊന്നു ചേര്‍ന്ന് പോരാടുകയും ചെയ്യുന്നു. അവിടുന്ന് എപ്പോഴും നമ്മുടെ ചാരെയുണ്ട്. പാപ്പാ കൂട്ടിച്ചേര്‍ത്തു.