സാത്താൻ ഒരു പ്രതീകാത്മക യാഥാർത്ഥ്യമാണ്: ജെസ്യൂട്ട് സുപ്പീരിയർ ജനറൽ

സാത്താൻ എന്നത് ഒരു വ്യക്തിയല്ല എന്നും അത് ഒരു പ്രതീകാത്മക യാഥാർത്ഥ്യമാണ് എന്നും വെളിപ്പെടുത്തി ജെസ്യൂട്ട് സുപ്പീരിയർ ജനറൽ ഫാ. അർതുറോ സോസ എസ്.ജെ. ബുധനാഴ്ച ഇറ്റാലിയൻ പ്രസിദ്ധീകരണമായ ടെമ്പിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

പിശാച് വ്യത്യസ്ത ഘടനകളിൽ തിന്മയുടെ വ്യക്തിത്വമായി നിലനിൽക്കുന്നു. എന്നാൽ അതിനെ ഒരു വ്യക്തിയായി കണക്കാക്കുവാൻ കഴിയില്ല. കാരണം, മനുഷ്യനെപ്പോലെ പിശാച് ഒരു വ്യക്തിയല്ല. തിന്മ ചെയ്യുന്നതിനുള്ള മാർഗ്ഗമാണ് അത്. പിശാച് എന്നത് മനുഷ്യന്റെ ജീവിതത്തിലെ തിന്മയുടെ സാന്നിധ്യമാണ് – അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ ജീവിതത്തിൽ നന്മയും തിന്മയും തമ്മിൽ നിരന്തരമായ ഒരു യുദ്ധം നടക്കുന്നുണ്ട്. അത് നമ്മൾ മനസിലാക്കുന്നതുമാണ്. നന്മ എന്നാൽ ദൈവം. പരിപൂർണ്ണ നന്മയായിട്ടാണ് നാം ദൈവത്തെ കാണുന്നത്. എന്നാൽ, തിന്മയെ ഒരു പ്രതീകമായിട്ടാണ് കണക്കാക്കുന്നതും. യഥാർത്ഥമായി ഒന്നിനെ പ്രതിനിധീകരിക്കുന്നതാണല്ലോ ഓരോ പ്രതീകങ്ങളും. സാത്താൻ എന്നത് ഒരു പ്രതീകാത്മക സത്യമായി നിലകൊള്ളുന്നു. എന്നാൽ, മാനുഷിക പ്രതീകം ആകുന്നില്ലാ താനും – ഫാ. അർതുറോ വിശദീകരിച്ചു.

പരമസത്യമായ ദൈവം നന്മയുടെ ഉറവിടങ്ങളായി രൂപം കൊടുത്ത മാലാഖാമാരായിരുന്നു സാത്താൻ. എന്നാൽ തങ്ങളുടെ പ്രവർത്തികൾ മൂലം സ്വർഗ്ഗത്തിൽ നിന്ന് അവർ പുറന്തള്ളപ്പെടുകയായിരുന്നു. അങ്ങനെ അവ തിന്മയുടെ ഭാവമായി മാറി. മാലാഖമാരെക്കുറിച്ച് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ആത്മീയവും എന്നാൽ ശാരീരികമല്ലാത്തതും ആയത് എന്നാണ്. അവ വ്യക്തിപരവും അമർത്യമായതും ബുദ്ധിയും ഇച്ഛാശക്തിയും ഉള്ളതുമായ സൃഷ്ടികളാണ് – അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.