സാറായുടെ താല്‍പര്യങ്ങൾ

ഫാ. ബിബിൻ മഠത്തിൽ

“ഈ കമ്പനി അതിന്റെ ഷെയർ ഹോൾഡേഴ്സിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ്.” ഒരു മൾട്ടി നാഷണൽ കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരുകയും അതു പിന്നീട് നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തപ്പോൾ തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കാനും ഷെയർ ഹോൾഡേഴ്സിന് കമ്പനിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉറപ്പ് നൽകാനുമായി പ്രസ്തുത കമ്പനി പുറത്തുവിട്ട പ്രസ്താവനയിൽ വായിച്ചതാണ്. ഇങ്ങനെ താന്താങ്ങളുടെ കമ്പനിയുടെയോ കൂട്ടായ്മയുടെയോ പാർട്ടിയുടെയോ രാജ്യത്തിന്റെയോ ഒക്കെ താല്‍പര്യങ്ങൾ (Interests) സംരക്ഷിക്കുവാനും അതിനുവേണ്ടി അദ്ധ്വാനിക്കുവാനും ഏതൊരാൾക്കും അവകാശമുണ്ട്. അതുകൊണ്ടാണ് “Indian interests;” “American interests,” “Interests of the share holders,” “പാർട്ടിയുടെ താല്‍പര്യങ്ങൾ” എന്നൊക്കെ നാം ഇടക്കിടക്ക് കേൾക്കുന്നത്. ഇങ്ങനെ നമുക്കെല്ലാവർക്കും സ്വന്തം താല്‍പര്യങ്ങൾ സംരക്ഷിക്കുവാനും അവക്കു വേണ്ടി പ്രയത്നിക്കുവാനുമുള്ള അവകാശവും ബാധ്യതയും ഉള്ളതുകൊണ്ടാണ് കുടുംബങ്ങളും സമൂഹങ്ങളും ഒക്കെ നിലനിൽക്കുന്നതു തന്നെ.

എന്നാൽ ഇത്തത്തിൽ സ്വന്തം താല്‍പര്യങ്ങൾ സംരക്ഷിക്കുവാൻ ഒരാൾക്ക് ഏതറ്റം വരെ പോകാം‌? എന്റെ അഭിപ്രായത്തിൽ “അന്യന്റെ മൂക്കിന്റെ തുമ്പത്ത് എന്റെ സ്വാതന്ത്രം അവസാനിക്കുന്നു” എന്ന അതിർവരമ്പ് ഇക്കാര്യത്തിലും ബാധകമാണ്. അതായത് മറ്റൊരാളുടെ അവകാശങ്ങൾ ആരംഭിക്കുന്നിടത്ത് എന്റെ താല്‍പര്യങ്ങൾ അവസാനിക്കണം. ആദ്യം പറഞ്ഞ കമ്പനിയുടെ ഉദാഹരണം എടുത്താൽ ആ കമ്പനിയുടെയോ കമ്പനിയുടെ ഷെയർ ഹോൾഡേർസിന്റെയോ താല്‍പര്യങ്ങൾ  ആ കമ്പനിക്ക് പുറത്തുള്ള ഏതെങ്കിലും ഒരാളുടെയൊ ഒരു സമൂഹത്തിന്റെയോ അവകാശങ്ങൾ ആരംഭിക്കുന്നിടത്ത് അവസാനിക്കേണ്ടതാണ്. രാജ്യതാല്‍പര്യങ്ങളുടെയും പാർട്ടിതാല്‍പര്യങ്ങളുടെയും കുടുംബതാല്‍പര്യങ്ങളുടെയും വ്യക്തിതാല്‍പര്യങ്ങളുടെയും ഒക്കെ കാര്യം ഇങ്ങനെ തന്നെ ആയിരിക്കണം. ഒരാളുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും ഒക്കെ മറ്റൊരാളുടെയും അവകാശങ്ങളെ ഹനിക്കുവാൻ പാടില്ല.

ഇനി, നമ്മുടെ താല്‍പര്യങ്ങൾ നമ്മുടെ അയൽവക്കക്കാരുടെ അവകാശങ്ങളെ ഹനിക്കുവാൻ പാടില്ല എന്നു മാത്രമല്ല, നമ്മുടെ താല്‍പര്യങ്ങൾ നമ്മുടെ കുടുംബത്തിലും നമ്മുടെ കൂട്ടായ്മയിലും നാമായിരിക്കുന്ന സമൂഹത്തിലും ഉള്ളവരുടെയും അവകാശങ്ങളെ ഹനിക്കുന്നവ ആകരുത്. അത്തരം അവകാശലംഘനങ്ങൾ നടന്നാൽ ആ പ്രവൃത്തി ചെയ്യുന്ന ആൾ അംഗമായിരിക്കുന്ന സമൂഹം തന്നെ അയാളുടെ പ്രവൃത്തിയെ തള്ളിപ്പറയും. പലപ്പോഴും ആ പ്രവൃത്തിയെ ക്രിമിനൽ കുറ്റമായി പോലും കാണേണ്ടതായി വരും. ഉദാഹരണത്തിന് നമ്മുടെ രാജ്യത്തിന്റെ പൊതുനന്മക്ക് വിരുദ്ധമായി ഒരു പൗരന്‍ പ്രവൃത്തിച്ചാൽ അത് രാജ്യദ്രോഹമായി കണക്കാക്കപ്പെടും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം – നമ്മുടെ താല്‍പര്യങ്ങൾ നാം അംഗങ്ങളായിരിക്കുന്ന സമൂഹത്തിന്റെ പൊതുനന്മയെപ്രതി പലപ്പോഴും മാറ്റിവക്കേണ്ടതായി വരും എന്നുള്ളതാണ്. പൊതു അഭിപ്രായത്തെ പേടിച്ച് ധാർമ്മികമായ ഒരു താല്‍പര്യം പോലും ബലികഴിക്കുന്ന ഭീരുത്വത്തിന്റെ കാര്യമല്ല ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മറിച്ച്, പൊതുനന്മയെപ്രതി സ്വയം ശൂന്യമാകുന്ന ബലിയർപ്പണത്തെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇത്തരം ശൂന്യമാകലുകൾ നമുക്കു നമ്മുടെ ചുറ്റും കാണുവാൻ സാധിക്കും. ഉദാഹരണമായി, കുടുംബത്തിനുവേണ്ടി വേണ്ടി സ്വന്തം താല്‍പര്യങ്ങൾ മാറ്റിവയ്ക്കുന്ന കുടുംബനാഥയും കുടുംബനാഥനും, രാജ്യത്തിനു വേണ്ടി സ്വന്തം താല്‍പര്യങ്ങൾ മാറ്റിവയ്ക്കുന്ന സൈനികൻ, വൃദ്ധരായ മാതാപിതാക്കൾക്കു വേണ്ടി സ്വന്തം താല്‍പര്യങ്ങൾ മാറ്റിവയ്ക്കുന്ന മക്കൾ എന്നിങ്ങനെ സ്വയം ശൂന്യരാകുന്ന ധാരാളം ആളുകൾ നമ്മുടെ ചുറ്റുമുണ്ട്.

മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി സ്വന്തം താല്‍പര്യങ്ങൾ മാറ്റിവച്ച് സ്വയം ശൂന്യരാകുന്ന ഈ മനോഭാവം യേശുക്രിസ്തുവിന്റെ മനോഭാവം ആണെന്നാണ് വി. പൗലോസ്‌ പഠിപ്പിക്കുന്നത്. ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ പൗലോസ്‌ ഇപ്രകാരം പറയുന്നു: “ഓരോരുത്തരും സ്വന്തം താല്‍പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താല്‍പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലിപ്പി. 2:4-5). യേശുക്രിസ്തുവിന്റെ ഈ മനോഭാവത്തെ പൗലോസ്‌ വിവരിക്കുന്നുമുണ്ട്. “ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി. 2:6-8). ദൈവം സ്വയം ശൂന്യനായി മനുഷ്യനായതും മനുഷ്യനായ ദൈവം വീണ്ടും ശൂന്യനായി കുരിശുമരണം സ്വീകരിച്ചതും നമുക്ക് മാതൃകകളാണ്. യേശുക്രിസ്തുവിന്റെ ഈ ശൂന്യവത്കരണത്തെ ദൈവശാസ്ത്രത്തിൽ വിശേഷിപ്പിക്കുന്നത് കെനോസിസ് എന്നാണ്.

യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം, സ്വയം ശൂന്യനാക്കാനുള്ള മനോഭാവം നമുക്ക് ഉണ്ടാകുമ്പോൾ മാത്രമാണ് നമുക്ക് ഒരു നല്ല മനുഷ്യനാകാൻ സാധിക്കുക. ആ മനോഭാവം ഉണ്ടാകുമ്പോഴാണ് നല്ല ഭർത്താവാകുവാനോ, ഭാര്യയാകുവാനോ, അപ്പനാകുവാനോ, അമ്മയാകുവാനോ, മക്കളാകുവാനോ ഒക്കെ ഒരാൾക്ക് സാധിക്കുക. മറ്റുള്ളവരുടെ താല്‍പര്യം കൂടി പരിഗണിക്കുന്ന അംഗങ്ങൾ ഉള്ള കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും മാത്രമേ സമ്പൂർണ്ണപുരോഗതിക്ക് അർഹരാവുകയുള്ളൂ.

സ്വന്തം താല്‍പര്യങ്ങൾക്കു മാത്രം പ്രാധാന്യം നൽകുന്ന ചിന്താധാരകൾ നമ്മുടെ ചുറ്റും വളർന്നുവരുമ്പോൾ സ്വയം ശൂന്യമാകുന്ന ധാർമ്മികത നമുക്ക് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. സ്വന്തം താല്‍പര്യത്തിനു വേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്ന, ഭർത്താവിനെ ഉപേക്ഷിക്കുന്ന, മക്കളെ ഉപേക്ഷിക്കുന്ന സംസ്കാരം മനുഷ്യത്വത്തിനു യോജിച്ചതല്ല എന്ന് നാം മനസിലാക്കണം. ഈ ധാർമ്മികചിന്തയിലാണ് സ്വന്തം കരിയറിനു വേണ്ടി, സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി സ്വന്തം ഉദരത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുന്ന സാറായുടെ താല്‍പര്യത്തെ നാം വിലയിരുത്തേണ്ടത്. സാറാ ഒരു മാതൃകയല്ല; ഒരു പാഠമാണ്. സ്വയം ശൂന്യമാകലിനു തയ്യാറാകാത്ത ആർക്കും അമ്മയാകാൻ സാധിക്കില്ല എന്ന വലിയ പാഠം.

അഭ്രപാളിയിലെ സാറായെപ്പോലെ സ്വന്തം താല്‍പര്യത്തിനു വേണ്ടി ജനിച്ചുവീണ തന്റെ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച രേഷ്മയും നമുക്ക് ഒരു പാഠമാണ്. സാറായുടെയും രേഷ്മയുടെയും പ്രവൃത്തികൾ തമ്മിലുള്ള വ്യത്യാസം എന്താണ്? ഒമ്പതു മാസത്തിനു ശേഷം ചെയ്ത പ്രവൃത്തി ആറാം മാസത്തിൽ ചെയ്തിരുന്നുവെങ്കിൽ രേഷ്മയെയും ഫെമിനിസത്തിന്റെ വാർപ്പുമാതൃകയായി അവതരിപ്പിക്കപ്പെടുമായിരുന്നില്ലേ? അതേപോലെ ഒമ്പതാം മാസത്തിനു ശേഷമാണ് സാറാ തന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞിരുന്നതെങ്കിൽ ‘സ്ത്രീയുടെ ചോയിസ്’ എന്ന് വാദിക്കുന്നവരുടെ പ്രതികരണം എന്താകുമായിരുന്നു? സാറായുടെയും രേഷ്മയുടെയും പ്രവൃത്തികൾ തമ്മിലുള്ള വ്യത്യാസം ഏതാനും മാസങ്ങളുടെ കണക്ക് മാത്രമാണ്. അതിനപ്പുറം രണ്ടുപേരും സ്വന്തം താല്‍പര്യങ്ങൾക്കു വേണ്ടി മറ്റുള്ളവരുടെ താല്‍പര്യങ്ങളെ പരിഗണിക്കാത്തവരാണ്. സ്വയം ശൂന്യമാകാതെ ഒരാൾക്കും അമ്മയാകാൻ കഴിയില്ല എന്ന പാഠം നമ്മെ പഠിപ്പിക്കുന്നവരാണ്.

ഒരു കാര്യം കൂടി – സ്വയം ശൂന്യമാകലിനു വിധേയരാകേണ്ടതും സ്വന്തം താല്‍പര്യങ്ങളോടൊപ്പം മറ്റുള്ളവരുടെ താല്‍പര്യങ്ങളും പരിഗണിക്കേണ്ടതും പള്ളിയെയോ പട്ടക്കാരെയോ പേടിച്ചിട്ടാവരുത്. മറിച്ച് യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം ഉണ്ടാകണം എന്ന ആഗ്രഹത്തോടെ ആയിരിക്കണം. അല്ലാത്തപക്ഷം ‘പള്ളിയിൽ കേറ്റിയില്ലെങ്കിലും ഇക്കാര്യത്തിൽ ക്രിസ്തു എന്റെ പക്ഷത്താണ്’ എന്നുപറഞ്ഞ സംവിധായകനെപ്പോലെ ക്രിസ്തുവിനെയോ, സഭയേയോ മനസിലാക്കാത്ത ആളുകളായി നാം മാറും.

യേശുക്രിസ്തുവിന്റെ മനോഭാവം നിങ്ങൾക്കുണ്ടാകട്ടെ!

ബിബിൻ മഠത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.