വിശുദ്ധ ജിയന്നയെ പോലെ ഒരമ്മ കേരളത്തിൽ നിന്ന്!

സ്വന്തം താത്പര്യങ്ങൾക്കായി മക്കളെ കൊല്ലുകയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നവരുടെ നാട്ടിൽ നിന്നും… ദൈവഹിതത്തോടു പരിശുദ്ധ കന്യക മറിയത്തെപ്പോലെ “ഇതാ കർത്താവിന്റെ ദാസി” എന്ന് പറഞ്ഞവൾ!

ഡൽഹി AlMS ൽ സ്റ്റാഫ് നേഴ്സായിരുന്ന സപ്ന 8 മക്കളുടെ അമ്മയാണ്! ദൈവം തന്ന കുഞ്ഞ് മരിക്കാതിരിക്കാൻ… മരണത്തിനു സ്വയം വിട്ടു കൊടുത്ത ഒരമ്മ! ക്രിസ്തുവിനനുരൂപയായി ക്രൂശിത സ്നേഹം പ്രകാശിപ്പിച്ച് നിത്യവിശ്രമത്തിനായി 25 – 12- 2017 രാവിലെ 7.30 ന് യാത്രയായി!

എട്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കവേ ക്യാൻസർ രോഗം തിരിച്ചറിഞ്ഞു.
എന്നാൽ ക്യാൻസർ ചികിത്സക്കു വേണ്ടി ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാനുള്ള നിർദ്ദേശം നിരസിച്ചു. “എനിക്ക് ജീവിക്കാനുള്ള അവകാശം ഉള്ളതുപോലെ തന്നെ എന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട്” എന്നായിരുന്നു അവളുടെ ഉറച്ച നിലപാട്.

“ഞാനെന്ന ഒരമ്മയ്ക്കേ സ്വന്തം കുഞ്ഞിനെ ഉദരത്തിൽ സംരക്ഷിക്കുവാൻ കഴിയൂ…. ജനിച്ചു വീഴുന്ന കുഞ്ഞിനെ സംരക്ഷിക്കാൻ ആർക്കും കഴിയും” എന്ന സപ്നയുടെ മറുപടി ക്രൈസ്തവ സമൂഹത്തോടുള്ള ഒരു പുതിയ ആഹ്വാനമാണ്!

ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ സമൂഹത്തിന്റെ ബാധ്യതകളല്ല; അനേകർക്ക് ദൈവാനുഗ്രഹത്തിന്റെ ഒരു പുതിയ വഴി തുറക്കാനുള്ള അവസരങ്ങളാണ്! ജീവന്റെ വഴിയിൽ വന്ന കടങ്ങളുടെ പൊറുതിക്കുള്ള മാർഗം വെളിപ്പെടുത്തപ്പെടുകയാണിവിടെ !!

കുറ്റപെടുത്തലുകളുടെയും ജീവിത ഞെരുക്കങ്ങളുടെയും നടുവിൽ, കർത്താവിൽ പ്രത്യാശയർപ്പിച്ചവൾക്ക് താങ്ങും തണലുമായി ഭർത്താവ് ജോജു ആഴമുള്ള വിശ്വാസവും ബോധ്യവുമായി കൂടെയുണ്ടായിരുന്നു.

എപ്പോഴും ദൈവഹിതത്തിനോട് ചേർന്ന് ജീവനോടു തുറവി പ്രകാശിപ്പിക്കുമ്പോഴും പാണ്ഡ്യത്യഭാരങ്ങളാൽ ജീവനെതിരെ ഒളിഞ്ഞും പാത്തും പുരാതന സർപ്പം തലപൊക്കിയപ്പോഴും കർത്താവിൽ പ്രത്യാശയർപ്പിച്ച് ജീവന്റെ പൂർണ്ണതയിൽ നിലകൊള്ളാൻ “ജീവന്റെ പ്രകാശം” സപ്നയിൽ നിറഞ്ഞു നിന്നിരുന്നു. കാരണം അവൾ ജീവന്റെ വചനത്തിൽ ആശ്രയം കണ്ടെത്തുകയും വചനം അനുവർത്തിക്കുന്നതിന് പ്രഥമസ്ഥാനം നൽകുകയും ചെയ്തു.

“ധാർമ്മികത”യുടെ മൂടുപടമണിഞ്ഞ് തിന്മയെ നന്മയുടെ പായ്ക്കറ്റിലാക്കി അവതരിപ്പിക്കപെട്ടപ്പോഴൊക്കെ നന്മയ്ക്കുള്ളിലെ തിന്മയുടെ കെണിയെ തിരിച്ചറിയാനുള്ള ജ്ഞാനം നിറഞ്ഞ “ദൈവികത” സപ്നയിൽ പ്രകാശിച്ചിരുന്നു.

ജീവനെതിരെയുള്ള പുരാതന സർപ്പത്തിന്റെ ചോദ്യശരങ്ങളെ “വിശ്വാസത്തിന്റെ പരിച”കൊണ്ട് തടയുകയും “ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ ” കൊണ്ട് വെട്ടുകയും ചെയ്ത സപ്നയെ രോഗാവസ്ഥയിൽ പോലും ശാന്തതയിലും സമാധാനത്തിലും സന്തോഷത്തിലുമേ കാണുവാൻ കഴിഞ്ഞുള്ളൂ…

ചില വിശുദ്ധ ജീവിതങ്ങൾ ഇങ്ങനെയാണ്…

അതെ ഈ ഭൂമിയിൽ ജീവന്റെ പൂർണത സ്വന്തംജീവിതത്തിൽ പ്രകാശിപ്പിച്ചവൾ നിത്യജീവന്റെ പാതയിൽ പ്രവേശിച്ചു! സ്വർഗത്തിലിരുന്ന് കൂടുതൽ അവൾക്ക് ചെയ്യുവാനുണ്ട്!

ജീവന്റെ നാഥനായ യേശുക്രിസ്തുവിന്റടുത്തേക്ക് നമുക്ക് മുൻപേ അവൾ കടന്നു പോയി!!

(കടപ്പാട്: ബാബു ജോസ്, ഫേസ്ബുക്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ