വഴികള്‍ അവസാനിക്കാത്ത യാത്രയുടെ അനുഭവവുമായി ഒരു വൈദികന്‍

സി. സൗമ്യ DSHJ

“നമ്മുടെയൊക്കെ സ്വപ്നങ്ങളുടെ സന്തോഷവും വേദനയും അതിന്റെ തീവ്രതയും പലപ്പോഴും നാം മാത്രമേ ആഴത്തിൽ അറിയാറുള്ളൂ… പൂർത്തിയാകുന്നതുവരെ ബാക്കി ഉള്ളവർക്ക് എന്നും അതൊരു കൗതുകം മാത്രമായിരിക്കും”.

വി. യാക്കോബിന്റെ കബറിടം സ്ഥിതിചെയ്യുന്ന സ്പെയിനിലെ സാന്തിയാഗോ ദൈവാലയത്തെ ലക്ഷ്യമാക്കിയുള്ള ജോജിൻ ഇലഞ്ഞിക്കലച്ചന്റെ യാത്ര ഓരോരുത്തർക്കും സ്വന്തം സ്വപ്നങ്ങളെ നോക്കി ഒരു ചെറു പുഞ്ചിരി നൽകാൻ പ്രേരിപ്പിക്കുന്ന ഒരു അനുഭവമാണ്. നാളുകളായി കൊണ്ടുനടന്ന ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ചന് കൂട്ടുണ്ടായിരുന്നത് ദൈവാനുഗ്രഹം മാത്രമായിരുന്നു. ആദ്യം അത്ഭുതവും പിന്നീട് അനുഭൂതിയും അവസാനം അതാസ്വദിച്ചവർക്ക് അഭിമാനവും ഉണർത്തുന്ന ഒരു യാത്രയാണ് ഈ തീർത്ഥാടനം. 942 കിലോമീറ്ററുകൾ താണ്ടിയുള്ള ആ യാത്രയുടെ വിശേഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപതാംഗമായ അച്ചൻ ലൈഫ് ഡേ – യുമായി പങ്കുവയ്ക്കുകയാണ്.

സ്വപ്നത്തിലേക്കുള്ള ദൂരം

ഇപ്പോള്‍ മീഡിയ ജേണലിസത്തില്‍ ഡോക്ടറെറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ജോജിന്‍അച്ചൻ സാന്റിയാഗോ തീർത്ഥാടനത്തെക്കുറിച്ച് വായിച്ചിറിയുന്നത് തന്റെ ഫിലോസഫി കാലഘട്ടത്തിലാണ്. പൗലോ കൊയിലോയുടെ ‘ആല്‍ക്കെമിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രത്യേകതകൊണ്ട് തന്നെ പലപ്രാവശ്യം അത് വായിക്കുകയും ചെയ്തു. വർഷങ്ങൾ മുൻപോട്ട് പോയപ്പോൾ  സാൻറിയാഗോ തീർത്ഥാടനത്തിന്റെ പ്രത്യേകതകൾ അന്വേഷിച്ചുള്ള തിരയലുകൾ കൂടിവന്നു. പിന്നീട് ഉപരി പഠനത്തിനായി ലുഗാനോയിൽ (Switzerland) എത്തിയശേഷം ഈ തീർത്ഥാടനം സഫലീകരിക്കണമെന് ആഗ്രഹം കൂടുതലായി. വര്‍ഷത്തില്‍ ഒരു മാസം ഉള്ള അവധി സാന്റിയാഗോയ്ക്ക് ആക്കുവാന്‍ തീരുമാനിച്ചപ്പോൾ സുഹൃത്തുക്കളൾ പലരും നിരുൽസാഹപ്പെടുത്തി കാരണം, ദുര്‍ഘടം പിടിച്ച വഴികള്‍ താണ്ടിയുള്ള ആ യാത്ര ഒറ്റയ്ക്ക് നടത്തുവാന്‍ സാധിക്കില്ലെന്ന് പലരും കരുതിയിരുന്നു. എങ്കിലും ഈ യാത്ര ജീവിതയാത്ര പോലെ ഒറ്റയ്ക്ക് നടത്തേണ്ടതാണെന്ന ഒരു ഉൾവിളിയിൽ ഉറച്ച് നിന്നത് കോണ്ട് പലപ്പോഴും കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടിയുള്ള ആ യാത്ര മുടങ്ങി.

സാന്റിയാഗോയുടെ പ്രത്യേകത 

ഈശോയുടെ ശിഷ്യന്മാരില്‍ മൂന്ന് ശിഷ്യന്മാരുടെ കബറിടത്തിന് മുകളില്‍ മാത്രമാണ് ബസലിക്കകള്‍ ഉള്ളത്. അതിലൊന്നാണ് വി. യാക്കോബിന്റെ ഈ കബറിടം. മറ്റ് രണ്ടെണ്ണത്തിൽ ഒന്ന് മൈലാപ്പൂരും മറ്റൊന്ന് റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയും ആണ്. മറ്റ് രണ്ടു ബസിലിക്കകളും സന്ദര്‍ശിച്ചിട്ടുള്ളതിനാല്‍ ഇതും കൂടി സന്ദര്‍ശിക്കണം എന്ന ആഗ്രഹവും മനസ്സില്‍ പച്ച കെടാതെ അവശേഷിച്ചു. മറ്റോരു പ്രത്യേകത അഗോള കത്തോലിക്കാ സഭയിലെ പ്രസിദ്ധമായ മൂന്ന് തീർത്ഥാടനങ്ങളിലൊന്ന് സാന്തിയാഗോയിലേക്കുളളതാണെന്നതാണ്. ജറുസലേമിലേക്കും റോമായിലേക്കുമാണ് മറ്റുള്ളവ.  വി. യാക്കോബ് സുവിശേഷം പ്രസംഗിച്ച് നടന്ന വഴികളെ അനുസ്മരിച്ചുള്ള യാത്ര എന്ന വലിയ പ്രത്യേകതയാണ് ഈ നടപ്പാതയെ അനശ്വരമാക്കുന്നത്. എന്നാല്‍ ആ സ്വപ്ന സഞ്ചാരം യാഥാര്‍ത്ഥ്യമാക്കുവാന്‍ അച്ചന് പത്ത് വര്‍ഷം കാത്തിരിക്കേണ്ടി വന്നു.

സാക്ഷാത്കരിക്കപ്പെട്ട ജീവിതാഭിലാഷം

ജൂലൈ 25 വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ദിനത്തോുടനുബന്ധിച്ച്  സാന്റിയാഗോയിൽ എത്തിച്ചേരുകയായിരുന്നു സ്വപ്നും പ്രാർത്ഥനയും. കാത്തിരിപ്പിനൊടുവിൽ  2019 ജൂൺ മാസം 25 -ാം തീയതി ആത്മീയമായും ശാരീരികമായും മൂന്നുമാസത്തോളം ഒരുങ്ങിയശേഷം വലിയ ആഗ്രഹത്തിലേക്കുള്ള തീർത്ഥാടനം ഇറ്റലിയിലെ മിലാനിൽ നിന്നുമായിരുന്നു അദ്ദേഹം ആരംഭിച്ചു.

തിരിച്ചുവരുമെന്ന യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രയിൽ വിൽപത്രം പോലും തയാറാക്കിവെച്ചിരുന്നു എന്നു കേൾക്കുമ്പോഴാണ് വഴികളുടെ ദുഷ്കരത പ്രസക്തമാകുന്നത്. കാരണം ആഗ്രഹിച്ചിട്ടും പലവിധകാരണങ്ങളാൽ യാത്ര പൂർത്തിയാക്കാതെ പിന്തിരിഞ്ഞവരാണ് ഭൂരിഭാഗവും. യാത്രയിലുടനീളം കാണേണ്ടിവരുന്ന പാതയോരങ്ങളിലെ പഥികരുടെ ശവകുടീരങ്ങൾ ആ കഥകൾ ഈ തീർത്ഥയാത്രയിൽ നമ്മെ ഓർമ്മിപ്പിക്കും. അതിനാൽത്തന്നെ ഈ യാത്ര പൂർത്തിയാക്കാനായാൽ ലഭിക്കുന്ന ആത്മീയ സമ്പത്ത് പറഞ്ഞറിയിക്കാനാവില്ല.

ഓരോ ദിവസും നടക്കേണ്ടിവരുന്ന ദൂരം

ഫ്രാൻസിലെ Saint Jean Pied de Port -ൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്. അവിടെ നിന്നും 820 കിലോമീറ്ററാണ് Santiago de Campostella  യിലെ സാന്തിയാഗോ ദൈവാലയം. അവിടെ നിന്നും 120 കിലോമീറ്ററുണ്ട് ലോകത്തിന്റെ അവസാന മുനമ്പ് എന്നു പേരുള്ള  Finisterra വരെ. അങ്ങനെ ഏതാണ്ട് മൊത്തം 940 കിലോമീറ്ററുകൾ. ഒരു ദിവസം മിനിമം 30 കിലോമീറ്റർ നടക്കാനായെങ്കിലേ ഒരു മാസം കൊണ്ട് ഈ യാത്ര പൂർത്തിയാക്കാനാവൂ.

ആദ്യ ആഴ്ചകളിൽ 43 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നതിനാൽ രാവിലെ രണ്ടരയോടുകൂടി എഴുന്നേറ്റ് മൂന്നുമണിയോടെ നടക്കുവാന്‍ തുടങ്ങും. ചൂട് കുറഞ്ഞശേഷം നടപ്പ് രാവിലെ അഞ്ചു മണിക്കായി. ഉച്ചയോടുകൂടി യാത്ര അവസാനിപ്പിച്ച് പാതയോരങ്ങളിലുള്ള എതേങ്കിലും സത്രങ്ങളിൽ വിശ്രമിക്കും. ഭാരം കൂടുതലായാൽ യാത്ര ദുഷ്ക്കരമാകും. അതുകൊണ്ട് ഒരുമാസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും ഏഴു കിലോയിൽ ഒതുക്കും. അതുകോണ്ടുതന്നെ സത്രത്തിലെത്തിയാലുടൻ മുഷിഞ്ഞ വസ്ത്രങ്ങൾ ഉണക്കാനിട്ട് ആകെയുള്ള രണ്ടു ജോഢിയിലോരെണ്ണം കഴുകിയിട്ട് അടുത്തത് ധരിച്ചിറങ്ങും. ഉച്ചവിശ്രമത്തിനുശേഷം വിശുദ്ധകുർബാന ചൊല്ലും. പിന്നിട് അന്ന് ആ ഗ്രാമതിത്തിൽ വിശ്രമിക്കുന്ന തീർത്ഥാടകരോടൊപ്പം സായാഹ്നം ചിലവഴിക്കും. ഒരോരുത്തരും തങ്ങളുടെ മാത്രം സ്വന്തമായ ജിവിത യത്രകളും അനുഭവങ്ങളും മറ്റ് സഹയാത്രികരുമായി പങ്കുവയ്ക്കുന്ന ആ സമയമാണ് യാത്രയിലെ മറ്റൊരു സുന്ദര നിമിഷം.

ഈ യാത്രയിലെ ദൈവാനുഭവങ്ങൾ

ഈ തീര്‍ത്ഥയാത്രയില്‍ ഉടനീളം ദൈവം കൈപിടിച്ചു നടത്തിയ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അച്ചന്‍ പറയുന്നു. ഒറ്റപ്പെട്ട വഴികള്‍ താണ്ടി, ഒറ്റയ്ക്കുള്ള ആ യാത്ര തന്ന അനുഭവങ്ങള്‍ വലുതാണ്‌.

കൊന്ത ചൊല്ലികൊണ്ടാണ് എല്ലാദിവസവും യാത്ര ആരംഭിക്കുന്നത്. കൂടെ ദൈവം മാത്രം.. കൂട്ടിന് മാലാഖമാരും! പേടിപ്പെടുത്തുന്ന അനേകം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും അതിരാവിലയുള്ള നടത്തത്തിൽ പലപ്പോലും കാട്ടുപോത്ത്, കാട്ടുപന്നി, പാമ് പോലുള്ള വന്യ മൃഗങ്ങളെ നേരിൽ കാണേണ്ടിവരും നായ്ക്കളുടെ ശല്യമാണ് അതിൽ കൂടുതലും. “ആട്ടിടയന്മാര്‍ ധാരാളം ഉള്ള സ്ഥലമായതിനാല്‍ ആടുകളോടോപ്പം അവയ്ക്ക് സംരക്ഷണമേകുന്ന നായ്ക്കളും കാണും. അതെക്കുറിച്ചുളള അച്ഛന്റെ അനുഭവം ഇങ്ങനെ: “ഒരു ദിവസം വെളുപ്പിനെ എഴുന്നേറ്റ് നടക്കുമ്പോള്‍ വലിയ ഒരു അല്‍സേഷ്യന്‍ നായ എതിരെ വന്നു. അടുത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ജപമാല ചൊല്ലി നടന്ന ഞാന്‍ അവിടെത്തന്നെ അനങ്ങാതെ നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു പട്ടികൂടി പുറകെ വന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ സ്തബ്ധനായി നിന്നു. ഉടനെ ആരോ വിളിച്ചിട്ടെന്നപോലെ ആ പട്ടികള്‍ രണ്ടും തിരിച്ചു പോയി. അപകടങ്ങൾ കണ്മുന്നിൽ വഴിമാറി പോകുന്ന കാഴ്ചകളെ നാം അത്ഭുതമെന്നല്ലേ വിളിക്കേണ്ടത്” ഇതുപോലെയുള്ള അനുഭവങ്ങൾ ധാരാളമുണ്ടായിരുന്നു ആ തീർത്ഥയാത്രയിൽ.

ബലഹീനതയെ ബലമാക്കി മാറ്റിയപ്പോള്‍  

“അസുഖങ്ങളൊന്നും ദൈവനുഗ്രഹത്താൽ ഇതുവരെയില്ലെങ്കിലും ആരോഗ്യകുറവ് എന്ന ഒറ്റക്കാരണം കൊണ്ട് ഈ യാത്ര പലപ്പോഴായി മാറ്റിവെച്ചിട്ടുണ്ട്. എങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ 30 – 40 കിലോമീറ്ററുകള്‍ നടന്നപ്പോഴും എനിക്ക് ആരോഗ്യത്തിന് ദൈവം യാതൊരു കുറവും വരുത്തിയില്ല.” ആദ്യ അഞ്ചാറ് കിലോമീറ്ററുകൾ എന്നും ദുഷ്കരമാണ്. അപ്പോൾ ജപമാലയാണ് ആശ്രയം പിന്നെ ഉച്ചായാകുന്നതറിയില്ല. ജോജിന്‍ അച്ചന്‍ ഇത് പറയുമ്പോള്‍ ബലഹീനതകൾക്കപ്പുറം ബലം ലഭിക്കുന്ന പ്രാർത്ഥനയുടെ ശക്തി നമുക്ക് കേൾക്കാനാകും. കാരണം, ദൈവവിചാരം മാത്രം അടിസ്ഥാനമാക്കിയുള്ള തീർത്ഥാടനങ്ങളിൽ യാത്രകരെ സംരക്ഷിക്കുന്നത് ദൈവം തന്നെയാണ്.

പ്രാർത്ഥനയുടെ ശക്തി

കൂടെ നടക്കുന്ന സഹയാത്രികൻ ഒരു പുരോഹിതനാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രാർത്ഥനാഭ്യർത്ഥനകളുമായി ഒരുപാട് പേർ അനുയാത്ര ചെയ്തതും അച്ചൻ പങ്കുവച്ചു. ഈ യാത്രയിൽ തന്റെ ദൈവവിളിയുടെ കടമയും ഉത്തരവാദിത്തവും നിറവേറാനായതിന്റെ ചാരിതാർഥ്യവും അച്ചനുണ്ട്. ഒരു അനുഭവം ഇങ്ങനെ: “വഴിയരികില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ധാരാളം അളുകൾ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ചുപോകാനെന്ന തീരുമാനങ്ങളുമായി വിഷമിക്കുന്നവരെ കാണുക സാധാരണമാണ്. അങ്ങനെ ഒരു ദീവസം വിഷമിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെ അദ്ദേഹം അറിയാതെ ഞാന്‍ കുരിശടയാളത്തില്‍ അനുഗ്രഹിച്ചിട്ട് കടന്നുപോയി. കുറച്ച് ദൂരെ യാത്ര തുടര്‍ന്നപ്പോൾ, ഉന്മേഷവാനായി യാത്ര തുടരുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രാർത്ഥനകൾ സഫമാകുന്നതിന്റെ നിർവൃതി ഉള്ളിൽ തോന്നി. എന്റ പൗരോഹിത്യ വഴിയുടെ കടമകളും ഓർമിപ്പിച്ച നിമിഷങ്ങളായിരുന്നുവെന്നു അച്ചന്‍ പറയുന്നു.

ജോജിന്‍ അച്ചനെ സംബന്ധിച്ചിടത്തോളം ഈ തീര്‍ത്ഥാടനം വെറുമൊരു യാത്ര മാത്രമല്ലായിരുന്നു. കാലുകള്‍ക്കൊണ്ട് അദ്ദേഹം നടത്തിയ ഒരു പ്രാര്‍ത്ഥനായജ്ഞം കൂടിയായിരുന്നു. അനേകം തിരിച്ചറിവുകളും ബോധ്യങ്ങളും ഈ യാത്ര പ്രദാനം ചെയ്തിട്ടുണ്ടാവണം. ഒപ്പം കാലങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം നൽകുന്ന ആത്മനിർവൃതിയും.

ദൈവത്തിന്റെ കൂടെ നടന്നപോലുള്ള അനുഭവം! യാത്രകൾ തീർത്ഥയാത്രകളാകുന്നതും, തീർത്ഥയാത്രകൾ തിരച്ചറിവുകളാകുന്നതും ഇങ്ങനെയാണ്…

ഈ യാത്രാനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ താഴെ:

സി. സൗമ്യ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

5 COMMENTS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.