യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 8-ാം ദിവസം – പ്രാര്‍ത്ഥനാ സഹായം

വളരെ അടുപ്പമുള്ള എന്റെ ചില സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനാ സഹായം തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി ഞാന്‍ അപേക്ഷിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന് നാം വിശ്വസിക്കുന്നു. അതിന്റെ കാരണം, നമ്മുടെ പ്രാര്‍ത്ഥനയുടെ ശക്തിയെക്കാള്‍, അതിനുത്തരം നല്‍കുന്ന ദൈവത്തില്‍ നാം ആശ്രയിക്കുന്നു എന്നതാണ്. അങ്ങനെ ആത്മീയമായി എന്റെ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകാന്‍ തയ്യാറായവരോട് ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ അറിയിച്ചു. അവയില്‍ ചിലത് താഴെ കുറിക്കുന്നു.

1. എല്ലാ ദിവസവും ഒരു ജപമാല രാവിലെയും വൈകുന്നേരവും ചൊല്ലുക. ഒരു തീര്‍ത്ഥാടകന് ഏറ്റവും എളുപ്പത്തില്‍ ചൊല്ലാവുന്ന ഒരു പ്രാര്‍ത്ഥനയാണിത്.

2. ഒരുപക്ഷെ, എല്ലാ ദിവസവും പോകുന്ന സ്ഥലങ്ങളില്‍ എനിക്ക് വിശുദ്ധ കുര്‍ബാാന അര്‍പ്പിക്കുന്നതിന് സാധിച്ചെന്നു വരില്ല. അതിനാല്‍, ഈ നിയോഗം വച്ച് കുര്‍ബാനയില്‍ സംബന്ധിക്കുകയോ കുര്‍ബാന ചൊല്ലിക്കുകയോ ചെയ്യുക.

3. വിശുദ്ധന്മാരുടെ ജീവചരിത്രമോ ആത്മീയോന്നതിക്ക് സഹായിക്കുന്നതോ ആയ ഒരു പുസ്തകം ഈ തീര്‍ത്ഥാടനകാലത്ത് മുഴുവനായി വായിക്കുക.

4. വരുന്ന മുപ്പത് ദിവസത്തേയ്ക്ക് ബൈബിളിലെ ഒരു അധ്യായം ഓരോ ദിവസവും വായിക്കുക. വചനത്തിലൂടെ ദൈവം സംസാരിക്കുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക.

5. മറ്റൊരാളുടെ നിയോഗത്തിലേയ്ക്ക് എല്ലാ ദിവസവും അല്‍പസമയം പ്രാര്‍ത്ഥിക്കുക.

6. അധികം പരിചയമില്ലാത്ത ഒരാള്‍ക്ക് ആരുമറിയാതെ എന്തെങ്കിലുമൊരു സഹായം ചെയ്യുക.

7. രമ്യതയിലല്ലാതിരുന്ന ഒരു കുടുംബാഗവുമായോ സുഹൃത്തുമായോ രമ്യതയിലാകുന്നതിന് ആത്മാര്‍ത്ഥമായ പരിശ്രമം നടത്തുക.

മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചിലര്‍ക്കെങ്കിലും അതിശയോക്തിപരമായോ അപ്രായോഗികമായോ തോന്നിയേക്കാം. എന്നാല്‍, ഇതൊക്കെ ചെയ്യാന്‍ തയ്യാറുള്ളവരായി കുറെയേറ നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആത്മീയ ഒരുക്കം കൂടാതെ ശാരീരികമായും ഭൗതികമായും തീര്‍ത്ഥാടനത്തിനായി ഒരുങ്ങേണ്ടതുണ്ട്. അതിനെക്കുറിച്ചും തീര്‍ത്ഥാടകന്റെ ഒരു സാധാരണ ദിവസത്തെക്കുറിച്ചും അടുത്ത ലക്കത്തില്‍ വിവരിക്കുന്നതാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)