യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 6-ാം ദിവസം – തീര്‍ത്ഥാടനത്തിനുള്ള മുന്നൊരുക്കം

പ്രധാനമായും രണ്ട് വിധത്തിലുള്ള ഒരുക്കങ്ങള്‍ തീര്‍ത്ഥാടനത്തിനായി ഞാന്‍ നടത്തി. ഒന്നാമത്തേത് ആത്മീയതലത്തിലും രണ്ടാമത്തേത് ശാരീരിക-ഭൗതിക തലത്തിലുള്ളതുമായിരുന്നു. വിവിധ മാനങ്ങളുണ്ടായിരുന്ന ആത്മീയ ഒരുക്കത്തെക്കുറിച്ച് ഇവിടെ വിവരിക്കാം.

വലുതായ ആത്മീയ ഒരുക്കം നല്ല തീര്‍ത്ഥാടനത്തിന് അനിവാര്യമായിരുന്നു. ഒരുക്കമില്ലാതെ നടത്തുന്ന തീര്‍ത്ഥാടനത്തില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹത്തിന്റെ അളവും കുറഞ്ഞിരിക്കും. എന്നും ഏതെങ്കിലും രീതിയിലൊക്കെ എന്റെ ദൈവത്തോട് ഞാന്‍ സംവദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, പലരോടും സംസാരിക്കുന്ന കൂട്ടത്തില്‍ ഒരു സംവേദനം മാത്രമായി അത് പരിണമിച്ചിട്ടുണ്ട്. അതിനാല്‍ എന്റെ ദൈവവും ഞാനുമായുള്ള ബന്ധത്തില്‍ അല്‍പംകൂടി ആഴപ്പെടണമെന്ന ചിന്ത എന്നെ പലപ്പോഴും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.

ആരുംകാണാതെ, മറ്റൊന്നിലും മനസ്സ് പതറാതെ ഒരിക്കല്‍ സ്‌നേഹബന്ധത്തേലേര്‍പ്പെട്ട ദൈവവും ഞാനുമായി അനന്തമായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി എന്റെ വൈദികജീവിതം കുറേക്കൂടി ആനന്ദകരമാക്കാനുള്ള ഒരു അഭിനിവേശത്തിലായിരുന്നു ഞാന്‍. കാണാതെ പഠിച്ച ഒരുപാട് പ്രാര്‍ത്ഥനകള്‍, അറിഞ്ഞും അറിയാതെയും ഉരുവിട്ടപ്പോഴും ഇനിയും പഠിക്കാനുള്ള – ഇനിയും ചൊല്ലാനുള്ള പ്രാര്‍ത്ഥനകള്‍ കണ്ടെത്താനുള്ള ഒരു തീര്‍ത്ഥാടനത്തിന് എന്റെ ശരീരത്തിനു മുന്നേ എന്റെ മനസ്സിനെ ഞാന്‍ പറഞ്ഞയച്ചു.

തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ യാത്രയിലെ ഓരോ ദിവസത്തെയും നിയോഗങ്ങള്‍ എഴുതി തയ്യാറാക്കി. ചില പൊതുവായ നിയോഗങ്ങളെയും എന്റെ വ്യക്തിപരമായ നിയോഗങ്ങളെയും മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ട നിയോഗങ്ങളുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അലസത കൊണ്ടും അനാസ്ഥ കൊണ്ടും പ്രാര്‍ത്ഥനാജീവിതത്തിലുണ്ടായ കുറവുകള്‍ക്ക് പരിഹാരം ചെയ്യാനുള്ള അവസരവുമായിരുന്നു എനിക്ക് ഞാന്‍ നടത്തിയ തീര്‍ത്ഥാടനം. പ്രാര്‍ത്ഥിക്കാമെന്ന് പലരോടും വാഗ്ദാനം ചെയ്തിട്ട് മറന്നുപോയതിനുള്ള പരിഹാര പ്രാര്‍ത്ഥനകളും എന്റെ തീര്‍ത്ഥാടനലക്ഷ്യമായിരുന്നു. വ്യക്തിജീവിതത്തിലെ വീഴ്ചകള്‍ക്കും കുറവുകള്‍ക്കും പരിഹാരമനുഷ്ഠിച്ച് നടത്തുന്ന പ്രാര്‍ത്ഥന ഫലം ചെയ്യുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)