യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 40-ാം ദിവസം – സാക്രിസ്റ്റിയിലെ കുമ്പസാരം

വൈകുന്നേരത്തെ കുര്‍ബാനയ്ക്ക് കൂടാന്‍ സാധിക്കുമോ എന്നറിയാനായി പളളിയുടെ സാക്രിസ്റ്റിയില്‍ പോയി അന്വേഷിക്കാമെന്നു വിചാരിച്ചു. കുര്‍ബാനയ്ക്ക് ഇനിയും സമയം ഉണ്ടായിരുന്നുവെങ്കിലും സാക്രിസ്റ്റിയുടെ ചുമതലയുണ്ടായിരുന്ന ഒരു സിസ്റ്റര്‍, കുര്‍ബാനയ്ക്കുളള ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലായിരുന്നു.

വളരെ ഭവ്യതയോടെയും, ഭക്തിയോടെയും അവിടെ നിന്ന എന്നെ നോക്കി സിസ്റ്റര്‍ കാര്യം തിരക്കി. കത്തീഡ്രലിലേയ്ക്ക് വരാനുളള തിരക്കിനിടയില്‍ അവിടെ, ആവശ്യം വന്നാല്‍ കാണിക്കേണ്ടിയിരുന്ന ‘ചെലബ്രതു’ ( Celebret) എടുക്കാന്‍ ഞാന്‍ മറന്നുപോയിരുന്നു. ‘ചെലബ്രതു’ എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം ‘അവന്‍ (കുര്‍ബാന) ചൊല്ലട്ടെ’ (May he celebrate) എന്നാണ്. ഇത് ഒരു വൈദികന് രൂപതാദ്ധ്യക്ഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണ്. ഈ രേഖയുണ്ടെങ്കില്‍ കത്തോലിക്കാ സഭയുടെ ലോകത്തെവിടെയുമുളള ആരാധാനാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് കാനോനികമായ തടസ്സമില്ല. ഇത് ഇല്ലെങ്കിലും, അനുവാദം കൊടുക്കേണ്ടയാളിന് ഇദ്ദേഹം വൈദികനാണെന്ന് പൂര്‍ണ്ണബോധ്യമുണ്ടെങ്കില്‍ അനുവദിക്കാവുന്നതാണ്.

ഒരു പരിഹാരമെന്നവണ്ണം ഈ അടുത്തകാലത്ത് ഞാന്‍ കുര്‍ബാന ചൊല്ലിയ ഫോട്ടോ കാണിച്ചാലും മതിയെന്ന് സിസ്റ്റര്‍ പറഞ്ഞു. എന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന മാര്‍പ്പാപ്പയുടെ കൈ മുത്തുന്നതുള്‍പ്പെടെയുളള ചിത്രങ്ങള്‍ കാണിച്ച് ഞാന്‍ അനുവാദം നേടിയെടുത്തു. അമേരിക്കക്കാരനായ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഒരു വൈദികനാണ് സിസ്റ്ററുമായി സംവദിക്കുന്നതിന് എന്നെ സഹായിച്ചത്. ആ ചുരുങ്ങിയ സമയത്തെ പരിചയം മുതലാക്കാന്‍ തന്നെ ഞാനും തീരുമാനിച്ചു. അങ്ങനെ ആ സാക്രിസ്റ്റിയില്‍ വച്ചുതന്നെ എന്റെ തീര്‍ത്ഥാടനത്തിന്റെ അന്ത്യത്തില്‍ നടത്തേണ്ടിയിരുന്ന വി. കുമ്പസാരം എന്ന കൂദാശയ്ക്കായും ഞാന്‍ അദ്ദേഹത്തെ സമീപിച്ചു.

നദിയിലിറങ്ങി കുളിച്ച് ശരീരം വെടിപ്പാക്കി ദൈവാലയത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എത്രയോ പ്രധാനപ്പെട്ടതാണ് പാപങ്ങള്‍ കഴുകിക്കളഞ്ഞ് ആത്മശുദ്ധി വരുത്തുന്നത്. തീര്‍ത്ഥാടകരായി വന്ന രണ്ട് വൈദികര്‍ കൂടി അദ്ദേഹത്തിന്റെയടുത്ത് എനിക്കു ശേഷം കുമ്പസാരിച്ചു.

ഫാ. മാത്യു ചാര്‍ത്തക്കുഴിയില്‍ 

(തുടരും…)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.