യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 32-ാം ദിവസം – ജപ്പാന്‍കാരനായ അകിഹിതോയും, പോളണ്ടുകാരനായ റോബര്‍ട്ടും

അങ്ങനെ ആവീല്ലാസ് നഗരത്തെ ലക്ഷ്യമാക്കി നടന്നുകൊണ്ടിരിക്കുന്ന വഴിയില്‍ കടലിന് അഭിമുഖമായി കിടന്ന കല്ലില്‍ കണ്ണടച്ചിരുന്നു ധ്യാനിക്കുന്ന എന്നെ വിളിച്ചുണര്‍ത്തിയത് രണ്ട് തീര്‍ത്ഥാടകരുടെ ഉച്ചത്തിലുള്ള സംസാരമായിരുന്നു. ജപ്പാനില്‍ നിന്നുള്ള അകിഹിതോയും പോളണ്ടില്‍ നിന്നുള്ള റോബര്‍ട്ടുമായിരുന്നു അത്. ജാംപൗളോ കാലിന് സുഖമില്ലാതെ ബസിനു പോയതിനാല്‍ ഏകാകിയായി നടക്കാതെ അവരുടെ സംഘത്തില്‍ ചേരാന്‍ എന്നെയും അവര്‍ നിര്‍ബന്ധിച്ചു.

അകിഹിതോയുടെ മുമ്പിലും പിമ്പിലും ഓരോ ബാഗ് അദ്ദേഹം തൂക്കിയിട്ടിരുന്നു. ഒരെണ്ണം തന്നെ വഹിക്കാന്‍ ശേഷിയില്ലാതെ ഞാന്‍ നടക്കുമ്പോള്‍ 78 വയസ്സുള്ള ഈ ജപ്പാന്‍കാരന് രണ്ടു ബാഗുമെടുത്ത് നടക്കാന്‍ സാധിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നി. എപ്പോഴും ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു കൊണ്ടാണ് അദ്ദേഹം നടന്നിരുന്നത്. ബുദ്ധമത വിശ്വാസിയായ അദ്ദേഹം ഉരുവിടുന്ന ചില മന്ത്രങ്ങള്‍ ആ ശബ്ദങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഒരു പ്രത്യേകതരം ഊര്‍ജ്ജം അദ്ദേഹത്തില്‍ നിന്ന് പ്രവഹിച്ചിരുന്നോ എന്നും ഞാന്‍ സംശയിക്കാതിരുന്നില്ല. ബുദ്ധമത വിശ്വാസിയായിരുന്നെങ്കിലും വഴിയില്‍ കാണുന്ന ദൈവാലയങ്ങളിലെല്ലാം കയറി അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു.

അന്നേദിവസം ഏതാനും മണിക്കൂറുകള്‍ ഈ ‘അത്ഭുതമനുഷ്യനുമായി സംസാരിച്ചു നടക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇത് അദ്ദേഹത്തിന്റെ മൂന്നാമത്തെ സാന്റിയാഗോ തീര്‍ത്ഥാടനമാണ്. ആയിരത്തിലധികം കിലോമീറ്ററുള്ള സില്‍വര്‍ കമീനോയും (Via de la Plata), 610 കിലോമീറ്ററടുത്തുള്ള പോര്‍ച്ചുഗീസ് കമീനോയും (Portuguese Comino) അദ്ദേഹം നടന്നുകഴിഞ്ഞു. ചെറുപ്പകാലത്ത് അദ്ദേഹം സ്ഥിരമായി ജപ്പാനിലെ മാരത്തോണ്‍ മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഇന്നും വീട്ടിലായിരിക്കുമ്പോള്‍ ദിവസവും 10 കിലോമീറ്റര്‍ അദ്ദേഹം ഓടാറുണ്ട്.

പ്രസിദ്ധ ജാപ്പനീസ് കലയായ കിന്റ് സുഗി (Kintsugi) യെക്കുറിച്ച് അറിയാമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പൊട്ടിപ്പോകുന്ന വിലപിടിച്ച പാത്രങ്ങളെ സ്വര്‍ണ്ണം പോലുള്ള വിലകൂടിയ ലോഹങ്ങള്‍ ഉപയോഗിച്ച് ആദ്യത്തേതിനെക്കാള്‍ മനോഹരമാക്കുന്ന ഒരു കരകൗശല വിദ്യയാണത്.’കിന്റ്‌സുഗി’എന്നും’കിന്റ് സുക്‌റോയി (Kintsukuroi) എന്നും പറഞ്ഞാല്‍ സ്വര്‍ണ്ണയാത്ര, ‘സ്വര്‍ണ്ണ കേടുപോക്കല്‍”(Golden Repair) എന്നൊക്കെയാണ് അര്‍ത്ഥമെന്നും അദ്ദേഹം എനിക്ക് പറഞ്ഞുതന്നു.

ആ ആശയത്തോട് ഒത്തുപോകുന്ന രീതിയില്‍ ക്രിസ്തീയവിശ്വാസത്തില്‍ തകര്‍ന്നുപോകുന്ന ജീവിതങ്ങളെ തന്റെ സ്‌നേഹത്താല്‍ വിളക്കിച്ചേര്‍ത്ത് ദൈവം ആദ്യത്തേതിനേക്കാള്‍ മനോഹരമാക്കി പുനഃസൃഷ്ടിക്കുന്ന സങ്കല്‍പമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അതിന് അദ്ദേഹത്തിന്റെ മറുപടി സ്‌നേഹത്തെക്കുറിച്ചുള്ള ഒരു മനോഹര കഥയായിരുന്നു.

ജാസാവ് ചാന്‍ കവീല്‍ (Jasaw Chan K’awiil) എന്ന പ്രസിദ്ധനായ മായന്‍ (Mayan) ചക്രവര്‍ത്തി തന്റെ 80-ാ മത്തെ വയസ്സില്‍ എ.ഡി. 720-ലാണ് മരിക്കുന്നത്. അദ്ദേഹം തന്റെ ഭാര്യയെ അതിയായി സ്‌നേഹിച്ചിരുന്നു. തന്നെ അടക്കം ചെയ്യുന്ന വലിയ സ്മാരകത്തിന് അഭിമുഖമായി ഭാര്യയ്ക്കു വേണ്ടിയും അദ്ദേഹം ഒരു ക്ഷേത്രം നിര്‍മ്മിച്ചു. എന്നാല്‍, അതിന്റെ നിര്‍മ്മിതിയില്‍ ചില പ്രത്യേകതകളണ്ടായിരുന്നു. എല്ലാ ദിവസവും രാവിലെ രാജാവിന്റെ സ്മാരകത്തില്‍ പതിക്കുന്ന സൂര്യന്റെ നിഴലിനാല്‍ രാജ്ഞിയുടെ സ്മാരകം വലയം ചെയ്യപ്പെടുമായിരുന്നു. അതുപോലെ അസ്തമയ സൂര്യന്റെ രശ്മികള്‍ രാജ്ഞിയുടെ ശവകുടീരത്തില്‍ പതിക്കുമ്പോള്‍ രാജാവിന്റെ ശവകുടീരം അതിന്റെ നിഴലില്‍ വരുമായിരുന്നു. അങ്ങനെ കഴിഞ്ഞ 1,300 വര്‍ഷങ്ങളായി ഈ പ്രണയിനികള്‍ എല്ലാ ദിവസവും പരസ്പരം സംരക്ഷിച്ചും സ്‌നേഹിച്ചും ആലിംഗനബദ്ധരായി കഴിയുന്നു.

സത്യത്തില്‍ യഥാര്‍ത്ഥ സ്‌നേഹം എന്നുപറയുന്നത് ഇങ്ങനെയാണ്. യേശു തന്റെ സ്‌നേഹത്തിന്റെ നിഴലില്‍ മിക്കപ്പോഴും എന്നെ ആവരണം ചെയ്യാറുണ്ടെന്ന് അദ്ദേഹം സ്‌നേഹത്തിന്റെ ഈ കഥ പറഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. വേദനിക്കുന്ന എന്റെ ശരീരത്തിലേയ്ക്ക് ദൈവസ്‌നേഹത്തിലെ അഗ്‌നി കടന്നുവരണമേയെന്ന് അകിഹിതോ തന്റെ കഥ പറഞ്ഞവസാനിച്ചപ്പോള്‍ ഞാനും ആഗ്രഹിച്ചു.

പോളണ്ടുകാരനായ റോബേര്‍ട്ടോ, പ്രായമായ ജപ്പാന്‍കാരന് എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യാത്രയില്‍ കൂടെക്കൂടിയതാണ്. അദ്ദേഹം കുറേനാള്‍ സെമിനാരിയിലൊക്കെ പഠിച്ചതാണ്. ഇപ്പോള്‍ വിവാഹിതനായി, രണ്ട് മുതിര്‍ന്ന ആണ്‍മക്കളുടെ പിതാവുമാണ്. അദ്ദേഹത്തിന്റെ മൂത്തമകന്‍ വിവാഹമൊക്കെ കഴിഞ്ഞ് ജോലിയായി കഴിയുന്നു. എന്റെ ബാഗ് കണ്ടിട്ട് അദ്ദേഹം പറഞ്ഞു: ‘നമുക്ക് രണ്ടുപേര്‍ക്കും ഒരേ തരത്തിലുള്ള ബാഗാണല്ലോ’ എന്ന്. എന്നാല്‍, എന്റെ ബാഗ് അദ്ദേഹത്തിന്റേതില്‍ നിന്നും വളരെ വ്യത്യസ്തമാണെന്നും വച്ചുമാറുക അസാധ്യമാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ഞാനെന്താണ് അര്‍ത്ഥമാക്കിയതെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. റോബര്‍ട്ട് ഈ തീര്‍ത്ഥാടനം നടത്തുന്നതിന് രണ്ട് കാരണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. റോബര്‍ട്ടിന്റെ ഭാര്യ ഒരു ആശുപത്രിയിലെ നഴ്‌സാണ്. ഭാര്യയ്ക്ക് തനിച്ച് അല്‍പസമയം നല്‍കാനും, അവളുടെ പഴയ കൂട്ടുകാരെ കാണാനുമൊക്കെ ഈ അവസരത്തില്‍ സാധിക്കുമെന്ന് അദ്ദേഹം വിചാരിക്കുന്നു. രണ്ടാമതായി, അദ്ദേഹത്തിന്റെ ഇളയമകന്‍ റോബര്‍ട്ടിന്റെ കൂടെയാണ് ജോലിചെയ്യുന്നത്. പഴയ കാറുകള്‍ വാങ്ങി, പൊളിച്ചുവില്‍ക്കുന്നതാണ് ഇദ്ദേഹത്തിന്റെയും മകന്റെയും ജോലി. മകന്‍ എപ്പോഴും അപ്പനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇതുവരെയും സ്വന്തമായ തീരുമാനങ്ങളെടുക്കാനോ നടപ്പിലാക്കാനോ അവന് സാധിക്കുന്നില്ല. എന്തിനും അപ്പന്‍ കൂടെ വേണം. തന്റെ അസാന്നിധ്യം മകനെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവനാക്കുമെന്ന് റോബര്‍ട്ട് വിശ്വസിക്കുന്നു.

മനുഷ്യജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൊച്ചുചിന്തകള്‍ എനിക്ക് വലിയ പാഠങ്ങളാണ് പകര്‍ന്നുതന്നത്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.