യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 29-ാം ദിവസം – എളിമപ്പെടാന്‍ കിട്ടിയ ചില അവസരങ്ങള്‍

എല്ലാ ദിവസവും തീര്‍ത്ഥാടന യാത്രയുടെ അവസാനം നടത്തുന്ന ആഘോഷമായ കുളി, യാത്രാക്ഷീണത്തെ കുറച്ചൊക്കെ ലഘൂകരിക്കാന്‍ സഹായിക്കും. അന്നുപയോഗിച്ച വസ്ത്രങ്ങള്‍ അലക്കി ഉണക്കുകയാണ് ആദ്യത്തെ ജോലി. താമസിക്കുന്ന സത്രങ്ങളിലെല്ലാം തന്നെ അതിനുള്ള സൗകര്യങ്ങളുണ്ടാവും. രണ്ടാം യാത്രയുടെ കുറേ ദിവസങ്ങള്‍ക്കുശേഷം, വീണ്ടും വളര്‍ന്നുതുടങ്ങിയ മുടി വെട്ടിയാലോ എന്ന ആഗ്രഹം എന്നില്‍ ഉണ്ടായി. സത്രം നടത്തിപ്പുകാരനുമായി ആഗ്രഹം പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. തന്റെ കൊച്ചുമകന്‍ ഇപ്പോള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഒരാളുടെ കൂടെ മുടിവെട്ട് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവന് ഇത് ചെയ്തുതരുന്നതില്‍ വലിയ സന്തോഷമായിരിക്കു മെന്നും, മറ്റുള്ളിടത്തേക്കാള്‍ ചിലവ് കുറവായിരിക്കുമെന്നും പറഞ്ഞു. ഞാനും അതിയായ സന്തോഷത്തോടെ ഒരു ‘പരീക്ഷണത്തിന്’ എന്റെ തല വിട്ടുകൊടുത്തു. അവന്റെ ‘പരീക്ഷണം’ പൂര്‍ത്തിയായപ്പോള്‍ പളനിക്ക് തീര്‍ത്ഥാടനത്തിനു പോയിവരുന്ന സ്വാമിയുടെ പരുവത്തില്‍ എന്റെ രൂപം മാറിയിരുന്നു. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ ഒന്നു-രണ്ടു ദിവസങ്ങള്‍ വേണ്ടിവന്നു.

അന്ന് അതിനേക്കാള്‍ രസകരമായ മറ്റൊരു സംഭവം നടന്നു. ഗ്രാമങ്ങളിലുള്ള സത്രങ്ങളിലൊക്കെ വളരെ അത്യാവശ്യ സൗകര്യങ്ങളൊക്കയേ ഉണ്ടാകാറുള്ളൂ. മുടിവെട്ട് കഴിഞ്ഞ് ആഘോഷമായ ഒരു ശുചീകരണം നടത്തിക്കളയാം എന്ന ആഗ്രഹത്തില്‍ ഞാന്‍ കുളി ആരംഭിച്ചു. ദേഹമാസകലം സോപ്പ് തേച്ചു കഴിഞ്ഞപ്പോഴാണ് ഒരാള്‍ മുറിയുടെ മുമ്പില്‍ വന്ന് വിളിച്ചുപറയുന്നത് എല്ലാവരും അരമണിക്കൂറിനു ശേഷമേ കുളിമുറികള്‍ ഉപയോഗിക്കാവൂ. അടുത്തുള്ള റോഡില്‍ പൈപ്പ് പൊട്ടിയതു കാരണം വെള്ളം നിലച്ചിരിക്കുകയാണ്. അത് നന്നാക്കിയെടുക്കാന്‍ അല്‍പസമയമെടുക്കും. കരയണോ ചിരിക്കണോ എന്നറിയാതെ ഞാന്‍ കുറേനേരം വിഷണ്ണനായി അവിടെ നിന്നു. യാത്രക്കാരുടെ മദ്ധ്യസ്ഥനും, യാത്രയില്‍ ഭാഗ്യം ഉണ്ടാകുവാനും ഒക്കെ പ്രാര്‍ത്ഥിക്കുന്ന വി. ക്രിസ്റ്റഫറിനോടുള്ള പ്രാര്‍ത്ഥന ഞാന്‍ പലപ്രാവശ്യം ചൊല്ലി. പ്രകൃതി ചികിത്സാകേന്ദ്രത്തില്‍ മണ്ണുചികിത്സ നടത്തുന്നവന്റെ മനോഭാവത്തോടെ വെള്ളം വരുന്നതുവരെ ഞാന്‍ അനങ്ങാതെ അവിടെ നിന്നു.

ഈ തീര്‍ത്ഥാടനം എന്നെ കുറെയൊക്കെ എളിമപ്പെടുത്തുകയാണെന്ന് ഞാനറിഞ്ഞു. എന്നിലുള്ള അഹങ്കാരത്തിന്റെ അംശങ്ങള്‍ ചിലപ്പോഴൊക്കെ അലിഞ്ഞില്ലാതാകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ശാരീരികമായും, ആത്മീയമായും, വൈകാരികമായും ഞാന്‍ എത്രമാത്രം ദുര്‍ബലനാണെന്ന് തീര്‍ത്ഥാടനം എന്നെ പഠിപ്പിക്കുകയായിരുന്നു. ഓരോ ദിവസവും എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടുന്നവരും എന്നെപ്പോലെ ബലഹീനരാണെന്നും അവരെ മനസ്സിലാക്കുകയും ബലപ്പെടുത്തുകയും ചെയ്യേണ്ടത് എന്റെ വിളിയുടെ ഭാഗമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഇത്തരം ചിന്തകള്‍ എന്റെ മനസ്സിലേക്ക് ദൈവം കടത്തിവിട്ടപ്പോള്‍ ഒരു ദിവസം പുല്ലു നിറഞ്ഞ തീര്‍ത്ഥാടനപാതയില്‍ ആരും കാണാതെ ഞാന്‍ മുട്ടുകുത്തി. പുറത്തുള്ള താങ്ങാനാവാത്ത ഭാരം താഴ്ത്തിവച്ച് കൈകളുയര്‍ത്തി കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.

‘ദൈവമേ, ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കൊരവസരം തന്നതില്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. വിശ്വാസജീവിതമുള്ള മാതാപിതാക്കളെ തന്നതിലും, അതിലൂടെ അങ്ങയെ അടുത്തറിയാന്‍ അവസരം തന്നതിനും ഞാനങ്ങയെ സ്തുതിക്കുന്നു. എന്റെ പൗരോഹിത്യത്തെ ഓര്‍ത്ത്, അതില്‍ എന്നെ വളര്‍ത്തിയവരെ ഓര്‍ത്ത്, ഇന്നും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരെ ഓര്‍ത്ത് ഞാനങ്ങേക്ക് നന്ദി പറയുന്നു. എന്റെ കുറവുകള്‍ക്ക്, വീഴ്ചകള്‍ക്ക്, ബലഹീനതകള്‍ക്ക് ഞാനങ്ങയോടു മാപ്പപേക്ഷിക്കുന്നു. എന്റെ തുടര്‍യാത്രകളില്‍ അങ്ങയുടെ കരംപിടിച്ച്, ഇടറാതെ, പതറാതെ, താഴെവീഴാതെ നടക്കാന്‍ എന്നെ ഇനിയും അനുഗ്രഹിക്കണേ..!’

മനസ്സിലുള്ള ഒരുപാട് ഭാരങ്ങള്‍ ഇറങ്ങിപ്പോകുന്നതായി എനിക്കു തോന്നി. എന്റെ നടത്തത്തിന് പുതിയൊരു ഊര്‍ജ്ജവും ആവേശവും കൈവന്നപോലെ. അഴിച്ചുവച്ച ഭാണ്ഡം വീണ്ടും എടുത്തണിഞ്ഞു സാന്റിയാഗോ ലക്ഷ്യം വച്ച് എന്റെ യാത്ര വീണ്ടും പുനരാരംഭിച്ചു.

ഫാ.മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.