യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 28-ാം ദിവസം – ഫ്രഞ്ചുകാരനായ എറിക്കിന്റെ അനുഭവകഥകള്‍

ഉച്ചയോടെ മഴ തോര്‍ന്ന് മാനം തെളിഞ്ഞു, മാനത്ത് മഴവില്ല് വിരിയിച്ചു. കഴിഞ്ഞ യാത്രയിലെ പോലെ ഒരുപാട് ആളുകളെ കണ്ടുമുട്ടാനും അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനും ഈ യാത്രയിലും കഴിഞ്ഞു. അങ്ങനെ യാത്രയുടെ ആദ്യ ദിവസങ്ങളില്‍ ഫ്രഞ്ചുകാരനായ എറിക്ക് (Eric) എന്ന നീണ്ട താടിമീശയും, മെലിഞ്ഞ ശരീരവുമുള്ള ആളിനെ പരിചയപ്പെടാനിടയായി. അദ്ദേഹത്തോടൊപ്പം ഒരു ദിവസം നടക്കുന്നതിനും, ചില വീരസാഹസിക കഥകള്‍ കേള്‍ക്കാനും അത് വഴിയൊരുക്കി. അദ്ദേഹം, തന്റെ തീര്‍ത്ഥാടനം വീട്ടില്‍ നിന്നാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹം സാന്റിയാഗോ ലക്ഷ്യമാക്കി നടക്കുകയാണ്. ഒരുവന്‍ തന്റെ തീര്‍ത്ഥാടനം ആരംഭിക്കുന്നത് ഒരു പ്രത്യേക സ്ഥലത്തു വച്ചല്ല. പിന്നെയോ, തന്റെ ഭവനത്തില്‍ നിന്നായിരിക്കണം എന്നതാണ് അദ്ദേഹത്തിന്റെ വാദം. ഏതാനും മാസങ്ങള്‍ നടന്നതിനുശേഷം അദ്ദേഹം തിരികെപ്പോായി. വീണ്ടും കഴിഞ്ഞ പ്രാവശ്യം യാത്ര അവസാനിപ്പിച്ചിടുത്തു നിന്ന് ആരംഭിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി.

സാന്റിയാഗോ തീര്‍ത്ഥാടനവുമായി ബന്ധപ്പെടുത്തി ഒരുപാട് കഥകള്‍ അദ്ദേഹം എന്നോട് പറഞ്ഞു. മധ്യകാലയുഗത്തിലെ തീര്‍ത്ഥാടകര്‍ അണിഞ്ഞിരുന്ന തരത്തിലുള്ള കുരിശ് ഒരു ചരടില്‍ കോര്‍ത്ത് അദ്ദേഹം തന്റെ കഴുത്തിലണിഞ്ഞിരുന്നു. തീര്‍ത്ഥാടനത്തിലുടനീളം ധരിക്കുന്ന ഈ കുരിശിന് പ്രത്യേക ശക്തിയുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. രോഗികള്‍ക്ക്, അതുവച്ച് പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യം പ്രാപിക്കുകയും, പൈശാചിക പ്രലോഭനങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നതിനും അത് സഹായിച്ചിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരുമൊക്കെ ഇത്തരത്തിലുള്ള കുരിശുകള്‍ വലിയ വില കൊടുത്ത് തീര്‍ത്ഥാടകരില്‍ നിന്ന് വാങ്ങിയിരുന്നു. മടക്കയാത്രയില്‍ ഈ കുരിശ് മോഷ്ടിക്കാനായി തീര്‍ത്ഥാടകരെ കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഒരു കുരിശ് ധരിക്കുന്നതിനുള്ള ആഗ്രഹം എന്നിലുമുണ്ടായി. എന്നാല്‍, പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിച്ചിരുന്ന ജപമാല തന്നെ വലിയ ആത്മീയ ആയുധമായി അപ്പോഴും എന്നെ അനുഗമിച്ചു.

തന്റെ ജീവിതകാലം മുഴുവന്‍ തീര്‍ത്ഥാടനം നടത്തിയിരുന്ന വി. റോക്കോയെ (St. Rock) അറിയാമോ എന്ന് എറിക്ക് എന്നോട് ചോദിച്ചു. റോമിലെ പഠനസമയത്ത് അവധിക്കാല സേവനത്തിനു പോയിരുന്ന സ്ഥലത്തിനടുത്തുള്ള സെന്റ് റോക്കോ പള്ളിയില്‍ പോയ അറിവൊക്കെ ഞാന്‍ പങ്കുവച്ചു. എന്നാല്‍ എറിക്കിന് ഈ വിശുദ്ധനെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു.

ഫ്രാന്‍സിലെ മോണ്ട്‌പെല്ലിയര്‍ (Montpellier) എന്ന സ്ഥലത്ത് 1348-ലാണ് വിശുദ്ധന്റെ ജനനം. തന്റെ മരണക്കിടക്കയില്‍ അദ്ദേഹത്തിന്റെ അപ്പന്‍ ആ പ്രദേശത്തെ ചുമതലക്കാരനായി റോക്കോയെ നിയമിച്ചു. എന്നാല്‍, അപ്പന്റെ മരണശേഷം തന്റെ സമ്പാദ്യമെല്ലാം നാട്ടിലെ പാവങ്ങള്‍ക്ക് വീതിച്ചുനല്‍കി അദ്ദേഹം റോമിലേയ്ക്ക് തീര്‍ത്ഥാടനത്തിനു പോയി. യൂറോപ്പിലാകമാനം പ്ലേഗ് പടര്‍ന്നുപിടിച്ചിരുന്ന സമയമായിരുന്നു അത്. റോക്കോ അനേകരെ അത്ഭുതകരമായി കുരിശടയാളത്താല്‍ സുഖപ്പെടുത്തി. എന്നാല്‍, വടക്കന്‍ ഇറ്റലിയിലെ പിയച്ചെന്‍സ (Piacensa) എന്ന സ്ഥലത്തുവച്ച് അദ്ദേഹത്തെയും ഈ മാരകരോഗം ബാധിച്ചു. തങ്ങളുടെ പട്ടണത്തില്‍ നിന്ന് റോക്കോയെ ആളുകള്‍ ഓടിച്ച് അടുത്തുള്ള വനത്തിലേയ്ക്ക് പറഞ്ഞുവിട്ടു. അവിടെ കുടില്‍കെട്ടി താമസിച്ച റോക്കോയ്ക്ക് പട്ടണത്തിലെ ഹാര്‍ഡ് ഗോഡ് പലസെ്ട്രല്ലി എന്ന പ്രഭുവിന്റെ കാവല്‍നായ, എല്ലാ ദിവസവും വീട്ടില്‍ നിന്ന് ആരും കാണാതെ ബ്രഡ് കൊണ്ടുക്കൊടുത്തിരുന്നു. ഒരു ദിവസം നായയെ പിന്തുടര്‍ന്ന പ്രഭു, റോക്കോയെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ ശിഷ്യനായിത്തീരുകയും ചെയ്തു.

യൂറോപ്പിനെ പലതവണ ഗ്രസിച്ച പ്ലേഗില്‍ നിന്നും രക്ഷ നേടുന്നതിന് ആളുകള്‍ റോക്കോയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി. സാന്റിയാഗോ തീര്‍ത്ഥാടകന് യാക്കോബ് ശ്ലീഹാ ഒരുപാട് വെല്ലുവിളികള്‍ നല്‍കും. എന്നാല്‍, ആ വെല്ലുവിളികളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ആളാണ് വി. റോക്കോ. അങ്ങനെ ഫ്രഞ്ചുകാരനായ എറിക് എന്നെയും വി. റോക്കോയുടെ ഒരു ആരാധകനാക്കി (admirer) മാറ്റി.

അടുത്ത ലക്ഷ്യത്തിലേയ്ക്ക് ഞങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് എറിക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. തന്റെ ബാഗില്‍ നിന്ന് കുറേ ചെറുപഴങ്ങള്‍ എനിക്ക് നല്‍കിക്കൊണ്ട് അദ്ദേഹം ചോദിച്ചു ‘ഫാ. മാത്യു, ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ എനിക്ക് സാധിച്ചുതരുമോ..?’ കാര്യം എന്തെന്ന് യാതൊരു ഊഹവും ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഉത്തരം നല്‍കാന്‍ അല്‍പം താമസിച്ചു. എന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ, പുല്ലുനിറഞ്ഞ ആ നടപ്പാതയില്‍ അദ്ദേഹം മുട്ടുകുത്തി ‘എന്നെ അനുഗ്രഹിക്കുക.. എന്റെ കുമ്പസാരം കേള്‍ക്കുക..’ എന്റെ തീര്‍ത്ഥാടന യാത്രയിലെ ഇത്തരത്തിലുള്ള ആദ്യത്തേതും അവസാനത്തേതുമായ അഭ്യര്‍ത്ഥനയായിരുന്നു അത്. 15 മിനിറ്റ് നീണ്ടുനിന്ന ആ അനുതാപശുശ്രൂഷ അവസാനിച്ചത് കണ്ണുനീരിലാണ്. അത് സന്തോഷത്തിന്റെയോ, സങ്കടത്തിന്റെയോ എന്ന് പറയാന്‍ നിവൃത്തിയില്ല. പക്ഷേ, എറിക്കിന് സംഭവിച്ചതിനേക്കാള്‍ വലിയ മാറ്റം അതുവഴിയായി എനിക്കുണ്ടായി.

തന്റെ യാത്രയുടെ വലിയൊരു അനുഗ്രഹമായിട്ട് ഈ പ്രാര്‍ത്ഥന നിലനില്‍ക്കും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം കടല്‍തീരത്തുള്ള, തീര്‍ത്ഥാടനപാതയില്‍ അല്ലാത്ത ഒരു ഗ്രാമത്തിലേയ്ക്ക് പോവുകയാണ്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം യാത്രക്കാരെ കടത്തുന്ന ഒരു ബോട്ടിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍, വലിയ കടല്‍ക്ഷോഭത്തില്‍പ്പെട്ട് അദ്ദേഹത്തിന്റെ ബോട്ട് ആ ഗ്രാമത്തില്‍ എത്തുകയും അവിടുത്തെ ആളുകളുടെ സഹായത്താല്‍ ഒരു മാസമെടുത്ത് ആ ബോട്ട് നന്നാക്കി തിരികെ പോവുകയാണുണ്ടായത്. ഇന്ന് ആ ഗ്രാമവാസികളെല്ലാം അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.