യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 27-ാം ദിവസം – വടക്കന്‍ തീര്‍ത്ഥാടനം ആരംഭിക്കുന്നു

യാക്കോബിന്റെ കബറിങ്കലേയ്ക്ക് നയിക്കുന്ന വിവിധ തീര്‍ത്ഥാടനപാതകളില്‍ ഏറ്റവും തിരക്കേറിയതും പ്രശസ്തവുമായ വഴിയാണ് ‘ഫ്രഞ്ച് തീര്‍ത്ഥാടനം’ (French Cammino). 2014 ജൂണ്‍ 3-ാം തീയതി ആരംഭിച്ച പദയാത്ര 26 ദിവസങ്ങള്‍ കൊണ്ട് എന്റെ സഹയാത്രികനായിരുന്ന ജാംപൗളോയോടൊത്താണ് ഞാന്‍ പൂര്‍ത്തിയാക്കിയത് ഏകദേശം 800 കിലോമീറ്ററുകള്‍ താണ്ടി സാന്റിയാഗോ കത്തീഡ്രല്‍ ദേവാലയത്തിലെത്തിയത് വളരെ വികാരനിര്‍ഭരമായ ഒരു ആത്മീയാനുഭവമായിരുന്നു. അതുവരെ എന്റെ പുറത്തുണ്ടാ യിരുന്ന ഭാണ്ഡക്കെട്ടുകള്‍ ഇറക്കിവച്ചപ്പോള്‍ അതോടൊപ്പം ഇറക്കിവയ്ക്കാന്‍ അത്ര എളുപ്പമല്ലാത്ത ചില ജീവിതഭാരങ്ങളും എടുത്തുകളയാന്‍ ഞാന്‍ പരിശ്രമിച്ചു. അവിടെയെത്തി കുമ്പസാരിച്ച് കുര്‍ബാന ചൊല്ലി ആത്മീയാനുഗ്രഹം പ്രാപിച്ചതും അതിനോടൊപ്പമുള്ള മറ്റനുഭവങ്ങളും പിന്നീട് വിശദീകരിക്കുന്നതാണ്.

‘വടക്കന്‍ തീര്‍ത്ഥാടനം’ (Cammino del Nord) എന്നറിയപ്പെടുന്ന 820 കിലോമീറ്റര്‍ ദൂരമുള്ള രണ്ടാമത്തെ തീര്‍ത്ഥാടനത്തിലെ ചില അനുഭവങ്ങളാണ് ഇനിയും വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്. 2017 ജൂണ്‍ 5-ാം തീയതി മുതല്‍ 25 ദിവസം കൊണ്ട് ഈ തീര്‍ത്ഥാടനം ഞങ്ങള്‍ പൂര്‍ത്തിയാക്കി. ആദ്യത്തേതിനേക്കാള്‍ പ്രയാസമേറിയതും, ദൈര്‍ഘ്യമേറിയതുമായിരുന്നു ഇത്. ഈ തീര്‍ത്ഥാടനപാതയുടെ മുക്കാല്‍ഭാഗവും കടന്നുപോകുന്നത് അറ്റ്‌ലാന്റിക് (Atlantic) സമുദ്രതീരത്തു കൂടിയാണ്. സ്‌പെയിനിന്റെ വടക്കുഭാഗത്ത് അറ്റ്‌ലാന്റിക് സമുദ്രം ഉള്ളിലേയ്ക്ക് കയറിക്കിടക്കുന്ന അതിമനോഹരമായ ഒരു പ്രദേശമാണിത്. വിയര്‍പ്പണിയുന്ന തീര്‍ത്ഥാടകന്റെ ശരീരത്തെ മാത്രമല്ല, മനസ്സിനെയും തഴുകിത്തലോടി പോകുന്ന കടല്‍ക്കാറ്റ് വലിയ ആശ്വാസമായി എപ്പോഴും കൂടെയുണ്ടാകും. കുറ്റിക്കാടുകളും, മണല്‍ നിറഞ്ഞ സമുദ്രതീരങ്ങളും വല്ലപ്പോഴും കടന്നുപോകുന്ന കപ്പലുകളും നയനാനന്ദകരമായിരുന്നതുപോല യാത്രയുടെ ക്ഷീണത്തെയും അകറ്റുന്നതായിരുന്നു. എന്റെ സുഹൃത്ത്, ഇറ്റലിക്കാരനായ ജാംപൗളോയുടെ അനുഭവസമ്പത്ത് ഈ യാത്രയിലും വലിയ അനുഗ്രഹമായിരുന്നു. എന്നാല്‍ തീര്‍ത്ഥാടനയാത്രയുടെ മൂന്നാം ആഴ്ചയില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയൊരു അത്യാഹിതം സംഭവിച്ചു, യാത്ര പൂര്‍ത്തിയാക്കാനാവാതെ തിരികെപ്പോകേണ്ടി വന്നു. അതിനെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.

‘വടക്കന്‍ തീര്‍ത്ഥാടനം’ ആരംഭിക്കുന്നത് ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഇരുണ്‍ (Irun) എന്ന സ്‌പെയിനിലെ ചെറിയൊരു പട്ടണത്തില്‍ നിന്നാണ്. ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പകല്‍ മുഴുവന്‍ യാത്ര ചെയ്താണ് അവിടെ എത്തിച്ചേര്‍ന്നത്. ജൂണ്‍ 4-ാം തീയതി വൈകുന്നേരം ആയപ്പോഴേയ്ക്കും മിലാനില്‍ നിന്നും ജാംപോളോയും അവിടെ എത്തിച്ചേര്‍ന്നു. ആഘോഷമായി അത്താഴം കഴിച്ച് ഞങ്ങളുടെ സൗഹൃദം പുതുക്കി. അദ്ദേഹം പ്രസിദ്ധീകരിച്ച സാന്റിയാഗോ തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പുസ്തകം എനിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. എന്റെ കഥയില്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനേക്കാള്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എന്നെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം ഞാന്‍ സന്തോഷത്തോടെ വായിച്ചു.

ജൂണ്‍ 5-ാം തീയതി അതിരാവിലെ ഇരുണ്‍ എന്ന പട്ടണത്തിലെ, ഞങ്ങള്‍ താമസിച്ച സത്രം നടത്തിപ്പു കാരുടെ പ്രഭാതഭക്ഷണത്തിനുള്ള അഭ്യര്‍ത്ഥന ഞങ്ങളെ വിളിച്ചുണര്‍ത്തി. ജനലില്‍ക്കൂടി പുറത്തേയ്ക്കു നോക്കിയപ്പോള്‍ ഇനിയും വെളിച്ചം കടന്നുവരാത്ത ആ പ്രഭാതത്തിലേയ്ക്ക് എഴുന്നേല്‍ക്കുവാന്‍ എനിക്ക് മടി തോന്നി. എന്റേതല്ലാത്ത കട്ടിലിനോട് ഒരു കാരണവുമില്ലാതെ എന്തെന്നില്ലാത്ത സ്‌നേഹവും, രാത്രി മുഴുവന്‍ കൂര്‍ക്കം വലിച്ചിട്ടും യാതൊരു കുറ്റബോധവുമില്ലാതെ അടുത്ത കിടക്കയില്‍ അപ്പോഴും കൂസലെന്യേ കിടന്നുറങ്ങിയ തടിയനോട് എനിക്ക് അസൂയയും തോന്നി.

സത്രം നടത്തിപ്പുകാരായ സ്ത്രീകളുണ്ടാക്കിയ രുചിയും മണവുമുള്ള കാപ്പി ആസ്വദിച്ചു കുടിക്കുന്നതിനിടയില്‍ അവിടിരുന്ന ബിസ്‌കറ്റ് എടുത്ത് പോക്കറ്റിലിടാനും ഞാന്‍ മറന്നില്ല. പുറത്തിറങ്ങി ഏതോ വീരകൃത്യം ചെയ്യാനുള്ള തയ്യാറെടുപ്പോടെ ജാംപോളോ എന്നെയും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തിലുള്ള സാന്‍ സെബാസ്റ്റ്യന്‍ (San Sebastian) പട്ടണമായിരുന്നു അന്നത്തെ ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ നടത്തത്തിനായി മുകളില്‍ വന്ന് കാത്തിരിക്കുകയായിരുന്ന കാര്‍മേഘങ്ങള്‍ കരുതിവച്ചിരുന്ന മഴത്തുള്ളികള്‍ പതിയെ താഴേയ്ക്ക് വീഴ്ത്താന്‍ തുടങ്ങി. കഴിഞ്ഞ യാത്രയില്‍ ഉപയോഗിച്ച കിഴുത്ത വീണ മഴക്കോട്ടിനുള്ളിലേയ്ക്ക് വെള്ളത്തുള്ളികള്‍ അലിഞ്ഞിറങ്ങാന്‍ തുടങ്ങി. ഇത്തരം ബുദ്ധിമുട്ടുകളൊന്നും ഞങ്ങളുടെ യാത്രയെ ഒരിക്കലും തടസ്സപ്പെടുത്തിയിരുന്നില്ല. കയ്യിലിരുന്ന ജപമാല മണികളിലെ കളറിളകാന്‍ അധികസമയം വേണ്ടിവന്നില്ല.

ഏകദേശം അരമണിക്കൂര്‍ നടന്നപ്പോഴേയ്ക്കും മുമ്പില്‍ നടന്നിരുന്ന ജാംപോളോ തിരികെ നടക്കാന്‍ തുടങ്ങി. താമസിച്ചിരുന്ന സ്ഥലത്തുപോയി, മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. കൃഷിയിടങ്ങളില്‍ കാക്കയെ പേടിപ്പെടുത്താനും കണ്ണുകിട്ടാതിരിക്കാനും നാട്ടിവയ്ക്കുന്ന കോലത്തെപ്പോലെ ഒരു മണിക്കൂര്‍ നേരം പൊതുവഴിയില്‍ മഴ നനഞ്ഞ് ജാംപോളോ തിരികെവരുന്നതും കാത്ത് ഞാന്‍ നിന്നു.

ചെങ്കുത്തായ മല കയറിയിറങ്ങേണ്ട ആദ്യ ദിവസത്തെ യാത്ര ഞങ്ങളുടെ തീര്‍ത്ഥാടനപാതയിലെ ഏറ്റവും പ്രയാസമേറിയതായിരുന്നു. തകര്‍ത്തുപെയ്ത മഴ അതിനെ കൂടുതല്‍ ദുര്‍ഘടമാക്കി. ചെറുപ്പകാലത്ത് സ്‌കൂള്‍ വിട്ടുവരുന്ന വഴിക്ക് മഴവെള്ളത്തില്‍ കളിച്ചുനടന്ന ഓര്‍മ്മകള്‍ അയവിറക്കാന്‍ ഈ യാത്ര വഴിയൊരുക്കി. മാനത്തുനോക്കി മഴവെള്ളം കുടിച്ചതും, തോട്ടില്‍ ചാടിക്കളിച്ചതും, ചെളിവെള്ളത്തില്‍ വീണുരുണ്ടതും, വെളുത്ത നിക്കര്‍ ചുവന്നതും, നോട്ടുബുക്ക് വെള്ളത്തില്‍ വീണു കുതിര്‍ന്ന് മഷി പടര്‍ന്നതും, അമ്മയുടെ തല്ല് സ്ഥിരമായി വാങ്ങിയതുമെല്ലാം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുവന്നു…

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും…)