യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 26-ാം ദിവസം – തീര്‍ത്ഥാടകരുടെ കരളലിയിക്കുന്ന ജീവിതാനുഭവങ്ങള്‍

മിക്ക ദിവസങ്ങളിലും ഇടവക വികാരി സത്രത്തില്‍ വന്ന് തീര്‍ത്ഥാടകരോടൊരുമിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. അച്ചന്റെ, ഹംഗറിക്കാരായ സുഹൃത്തുക്കള്‍ എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് ഇവിടെ വന്ന് സഹായിക്കുമായിരുന്നു.  പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതില്‍ അവര്‍ വളരെ ആത്മസംതൃപ്തി കണ്ടെത്തിയിരുന്നുവെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. വൈകുന്നേരത്തെ പ്രാര്‍ത്ഥനയ്ക്ക്, താല്‍ര്യമുള്ളവര്‍ മാത്രം വന്നാല്‍ മതിയാവും. എന്നാല്‍, വരുന്നവര്‍ അച്ചന്‍ പറയുന്ന ചിട്ടവട്ടങ്ങള്‍ പാലിക്കാന്‍ തയ്യാറായിരിക്കണം. ഏകദേശം 12 പേരോളം അന്നത്തെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു.

ചില പതിവ് പ്രാര്‍ത്ഥനകള്‍ക്കു ശേഷം മുറിയിലുണ്ടായിരുന്ന വെളിച്ചമെല്ലാം അണച്ച് ഒരു മെഴുകുതിരി മാത്രം കത്തിച്ചുവച്ചു. അള്‍ത്താരകളില്‍ എരിയുന്ന തിരികള്‍ പോലെ ഇതിനും കുറെ കഥകള്‍ പറയാന്‍ ഉണ്ടാവുമെന്ന് ഞാന്‍ ചിന്തിച്ചു. തുടക്കത്തില്‍ അച്ചന്‍, തന്റെ ചില ജീവിതാനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവച്ചു. പ്രായത്തിന്റെ അവശതകള്‍ അദ്ദേഹത്തിന്റെ ശരീത്തില്‍ പ്രകടമായിരുന്നെങ്കിലും വാക്കുകള്‍ക്കതീതമായ ചില ജ്വലിക്കുന്ന, തീക്ഷ്ണമായ ഓര്‍മ്മകള്‍ ആ കണ്ണുകളില്‍ മിന്നിമറയുന്നത് അരണ്ട മെഴുകുതിരി വെളിച്ചത്തിലും ഞാന്‍ കണ്ടു. ഒരു വൈദികന് മറ്റൊരു വൈദികനെ എളുപ്പം വായിച്ചെടുക്കാനാവും.

അദ്ദേഹം അടുത്തിരുന്ന ആളിന് മെഴുകുതിരി കൈമാറുമ്പോള്‍ വാങ്ങിയ ആളിന്റെ വിറയാര്‍ന്ന കരങ്ങള്‍, രണ്ടുതുള്ളി ഉരുകിയ മെഴുകുതിരി തന്റെ തന്നെ ദേഹത്തു വീഴിച്ചു. അത് അറിയാത്ത ഭാവത്തില്‍ അദ്ദേഹം സംസാരം ആരംഭിച്ചു. ഇങ്ങനെയുള്ള ഒരു കൂട്ടായ്മയില്‍ പലരും വെളിപ്പെടുത്താന്‍ മടിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം യാതൊരു ഭാവഭേദവും കൂടാതെ വിവരിച്ചു. ആരെയും അമ്പരപ്പിക്കുന്ന ആത്മധൈര്യത്തോടെ തന്റെ കുത്തഴിഞ്ഞുപോയ ജീവിതത്തെ തുന്നിക്കെട്ടാന്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. എടുത്തണിയുന്ന പൊയ്മുഖങ്ങളാല്‍ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലായെന്നു കരുതി മുന്നോട്ടു പോകുന്ന മനുഷ്യരെക്കാള്‍ ഇത്തരത്തിലുള്ള മനുഷ്യരെയാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. തെറ്റ് ചെയ്യാതെ സഹനമേറ്റെടുത്ത് പുണ്യം സമ്പാദിക്കുന്ന ഒരുപാട് ആളുകള്‍ അധിവസിക്കുന്ന ഈ ലോകത്തില്‍, അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിന് പരിഹാരം ചെയ്യുന്നതും നന്മ ഉരുവാക്കുമെന്ന് അദ്ദേഹം ഞങ്ങള്‍ക്കു പറഞ്ഞുതന്നു.

അടുത്ത ആളിന് മെഴുകുതിരി കൈമാറിയപ്പോള്‍ ഉരുകിയൊലിക്കുന്ന മെഴുക് തൂകിപ്പോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. വളരെ ആയാസപ്പെട്ട് തനിക്കറിയാവുന്ന രീതിയില്‍ ഇംഗ്ലീഷ് ഭാഷയില്‍ പോളണ്ടുകാരനായ ഏകദേശം 60 വയസ് തോന്നിക്കുന്ന മനുഷ്യന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. കുറേ വര്‍ഷങ്ങളായി അദ്ദേഹവും ഭാര്യയും സാന്റിയാഗോ തീര്‍ത്ഥാടനം നടത്തണമെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം പോകാന്‍ ഉറപ്പിച്ച് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അദ്ദേഹത്തിന്റെ ഭാര്യ പെട്ടെന്നു മരിക്കുന്നു. ഇപ്പോള്‍ വൈറുതെ നിര്‍വികാരനായി അദ്ദേഹം നടക്കുകയാണ്. സാന്റിയാഗോയില്‍ ചെല്ലണമെന്ന് നിര്‍ബന്ധമൊന്നുമില്ല – സാധിക്കുന്നതുവരെ നടക്കുക. അദ്ദേഹം ഒന്നുംമിണ്ടാതെ തിരി കൈയില്‍പ്പിടിച്ച് വെറുതെ കുറേനേരം ഇരുന്നു.

അല്‍പസമയത്തിനു ശേഷം അച്ചന്‍ ആ തിരി വാങ്ങി അടുത്തിരുന്ന മദ്ധ്യവയസ്‌കയായ സ്ത്രീക്ക് നല്‍കി. നെതര്‍ലണ്ടുകാരിയായ അവര്‍ രണ്ടാഴ്ചയായി തീര്‍ത്ഥാടനത്തിലാണ്. അവര്‍ക്ക് ഇരുപതും ഇരുപത്തിരണ്ടും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഭര്‍ത്താവ് മരിച്ചിട്ട് ഏറെ നാളായെങ്കിലും രണ്ടു മക്കളെയും അവര്‍ നല്ലതുപോലെ സ്‌നേഹിച്ചു വളര്‍ത്തി. 6 മാസം മുമ്പ് മൂത്തമകന്‍ ആരോടും പറയാതെ എവിടേയ്‌ക്കോ പൊയ്ക്കളഞ്ഞു. ഇപ്പോള്‍ അവന്‍ എവിടെയാണെന്നോ, എന്ത് ചെയ്യുന്നുവെന്നോ യാതൊരു അറിവുമില്ല. അവര്‍ കണ്ഠമിടറി പറഞ്ഞ കഥ ഞങ്ങളുടെ ഹൃദയത്തെയും വേദനിപ്പിച്ചു. പുതിയ നിയമത്തിലെ ധൂര്‍ത്തപുത്രന്റെ കഥയിലെ പിതാവിന്റെ മനോഭാവത്തോടെ അവിടെയിരുന്ന് ഹൃദയമുരുകി തന്റെ ജീവിതകഥ പറഞ്ഞ അവരുടെ കണ്ണില്‍ നിന്നും വീണ ഒരു തുള്ളി കണ്ണീര്‍ ഉരുകുന്ന മെഴുകില്‍ അലിയാതെ അങ്ങനെ കിടന്നു. സാന്റിയാഗോ തീര്‍ത്ഥാടനം അവസാനിക്കുന്നതിനു മുമ്പേ മകനെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കണമേ എന്നതാണ് അവരുടെ നിത്യവുമുള്ള പ്രാര്‍ത്ഥന.

അവരുടെ മകനെ കണ്ടെത്തിക്കൊടുക്കണേയെന്ന് അവിടെയിരുന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ഒരുപാട് നാളുകള്‍ക്കിടയില്‍ ഞാന്‍ എനിക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു: ‘എന്റെ യേശുവേ, ഞാന്‍ ഒരു അള്‍ത്താരബാലനായി നിഷ്‌കളങ്കതയോടെ നടന്ന സമയത്ത് നീ എന്റെ ഹൃദയം കവര്‍ന്നു. ഇന്ന് എനിക്ക് നിന്റെ ഹൃദയം കവര്‍ന്ന് നിന്നില്‍ പറ്റിച്ചേര്‍ന്ന് ഒരിക്കലും നഷ്ടപ്പെടാതെ അവിടെയിരിക്കാനുള്ള ഭാഗ്യം തരണമേ.’

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)