യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 25-ാം ദിവസം – ശാരീരിക ബുദ്ധിമുട്ടുകള്‍

ശാരീരികപ്രയാസങ്ങളും, അപകടങ്ങളും, രോഗങ്ങളുമൊക്കെ തീര്‍ത്ഥാടനത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കൂടെ തീര്‍ത്ഥാടനം ആരംഭിച്ച ഇറ്റലിക്കാരിയായ ദാനിയേല, ശാരീരികപ്രയാസങ്ങള്‍ കാരണം രണ്ടാം ദിവസം തന്നെ യാത്ര അവസാനിപ്പിച്ച കാര്യം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. എന്റെ സഹയാത്രികനായ ജാംപൗളോ, രണ്ട് യാത്രകളിലും ചില ദിവസങ്ങളില്‍ നടക്കാന്‍ സാധിക്കാതെ ബസില്‍ താമസസ്ഥലത്ത് എത്തിയിട്ടുണ്ട്. ശാരീരികപ്രയാസങ്ങളില്‍ നിന്നും ഞാനും പൂര്‍ണ്ണമായും മുക്തനായിരുന്നില്ല. എന്നാല്‍ ഇതിന്റെ പേരില്‍ ഒരിക്കലും എനിക്ക് യാത്ര മുടക്കേണ്ടി വന്നിട്ടില്ല. അതിന്റെ പ്രധാന കാരണം ഈ അവ സരങ്ങളിലൊക്കെ എന്നെ സഹായിക്കാനായി ജാംപൗളോ കൂടെയുണ്ടായിരുന്നുവെന്നതാണ്.

നല്ല സൗഹൃദങ്ങള്‍, നമ്മിലുള്ള സുകൃതങ്ങളെയും കുറവുകളെയും അംഗീകരിക്കുകയും, വേദനകളില്‍ താങ്ങും തണലുമായി കൂടെ നില്‍ക്കുന്നതുമായിരിക്കും. ജാംപൗളോ അറിവുള്ള ഒരു ഭിഷഗ്വരനെപ്പോലെ തന്റെ പ്രായോഗിക പരിജ്ഞാനം എന്നെ സുഖപ്പെടുത്തുന്നതിനുവേണ്ടി പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങളുടെ രണ്ടാമത്തെ തീര്‍ത്ഥയാത്രയില്‍ എന്റെ വലതുകാലിന്റെ പെരുവിരല്‍നഖം, ധരിച്ചിരുന്ന ഷൂവിലുരഞ്ഞ് രക്തം കട്ടപിടിച്ച് പൂര്‍ണ്ണമായും പറിച്ചുകളയേണ്ടി വന്നു. ആദ്യയാത്രയുടെ രണ്ടാം ആഴ്ചയില്‍ എന്റെ ഇടതുപാദത്തില്‍ വലിയ വേദന അനുഭവപ്പെട്ടു. തീപ്പൊള്ളല്‍ ഏറ്റതുപോലെ അവിടെ കുമിളകള്‍ (Blisters) രൂപപ്പെട്ടിരുന്നു.

ജാംപൗളോ തന്റെ മരുന്നുശേഖരത്തില്‍ നിന്ന് എന്നെ ശുശ്രൂഷിക്കാനായി ആദ്യം ഒരു സൂചിയും നൂലും പുറത്തെടുത്തു. പനിക്ക് കുത്തിവയ്‌പ്പെടുക്കാന്‍ വരുന്ന നഴ്‌സിന്റെ കൈയിലെ സൂചി കണ്ട് അമ്മയെ കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന കുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു അപ്പോള്‍ ഞാന്‍. ജാംപൗളോ സൂചിയെടുത്ത് തന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ (Lighter) കത്തിച്ച് സൂചി അതില്‍ വച്ചു ചൂടാക്കി കാലിലെ കുമിളകള്‍ ഓരോന്നായി കുത്തിപ്പൊട്ടിച്ചു. അതിനുശേഷം അദ്ദേഹം നൂലെടുത്ത് തന്റെ കൈയിലുണ്ടായിരുന്ന കുപ്പിയിലെ മരുന്നുലായനിയില്‍ മുക്കി സൂചി ഉപയോഗിച്ച് നൂല്‍ കുമിളകളുടെ രണ്ട് വശങ്ങളിലായി കുത്തിയിറക്കി. ആദ്യ ദിവസം നഴ്‌സറി സ്‌കൂളില്‍ പോകുന്ന കുട്ടി വാശിപിടിച്ചു കരയുന്നതുപോലെ ഞാന്‍ ഉറക്കെ നിലവിളിച്ചു. ജാംപൗളോ കാര്യങ്ങള്‍ എനിക്ക് വിശദീകരിച്ചു തന്നു. മരുന്ന് മുറിവുണക്കുകയും, മുറിവിനകത്തിരിക്കുന്ന നൂല് പൊള്ളിയ ഭാഗത്തുകൂടി വരുന്ന വെള്ളം അവിടെ തങ്ങി നില്‍ക്കാതെ പുറത്തുകളയുകയും ചെയ്യും. നന്നായി കരിഞ്ഞില്ലായെങ്കില്‍ വീണ്ടും നടക്കുമ്പോള്‍ മുറിവ് വലുതാവുകയും പിന്നീട് നടത്തം സാധിക്കാതാവുകയും ചെയ്യും. അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തിന് ഒരു പേറ്റന്റിന് (Patent) അപേക്ഷിക്കാനും, ഏതെങ്കിലും ഒരു സര്‍വ്വകലാശാലയില്‍ നിന്നും ഒരു ഓണററി (Honorary) ബിരുദം വാങ്ങിനല്‍കാനും സഹായിക്കാമെന്നും അദ്ദേഹത്തോട് ഞാന്‍ തമാശരൂപേണ പറഞ്ഞു.

ഫ്രഞ്ച് തീര്‍ത്ഥാടനപാതയിലെ രണ്ടാഴ്ചത്തെ യാത്ര കഴിഞ്ഞപ്പോഴാണ് പ്യൂന്റേ ദി ഒര്‍ബിഗോ (Peunte de Orbigo) എന്ന ഗ്രാമത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഒര്‍ബിഗോ നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഒരു പാലമാണ് ഈ ഗ്രാമത്തെ വളരെ മനോഹരമാക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ സാന്റിയാഗോ തീര്‍ത്ഥാടകരെ ശുശ്രൂഷിക്കുന്നതിനായി നിര്‍മ്മിച്ച ഒരു ആശുപത്രിയും ഈ നദിക്കരയിലുണ്ട്. ഇന്ന് ഏകദേശം ആയിരത്തിലധികം ആളുകള്‍ മാത്രം താമസിക്കുന്ന ഒരു കൊച്ചു ഗ്രാമമാണത്. അവിടുത്തെ ഇടവക ദൈവാലയം, മുന്‍കൈയെടുത്തു നടത്തുന്ന ഒരു തീര്‍ത്ഥാടനസത്രം ധാരാളം തീര്‍ത്ഥാടകരെ ഒരു രാത്രി അവിടെ തങ്ങുന്നതിന് പ്രചോദിപ്പിക്കാറുണ്ട്.

ജാംപൗളോ എന്നേക്കാള്‍ ഒരു മണിക്കൂര്‍ മുന്‍പേ ആ സത്രത്തിലെത്തി തന്റെ പിന്നാലെ തന്നെക്കാള്‍ അവശനായി ഒരു വൈദികന്‍ കൂടി വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഞാനെത്തിയപ്പോള്‍ എന്നെക്കാത്ത് കൈയില്‍ ഒരു ഗ്ലാസ് തണുത്ത വെള്ളവും, മുഖത്ത് ഒരു ചെറുപുഞ്ചിരിയുമായി സത്രം നടത്തപ്പുകാരി നില്‍പ്പുണ്ടായിരുന്നു. വരണ്ടുണങ്ങിയ മരുഭൂമിയില്‍ വീഴുന്ന മഴത്തുള്ളികള്‍ പോലെ അവര്‍ തന്ന ദാഹജലം ആര്‍ത്തിയോടെ ഞാന്‍ കുടിച്ചു. പട്ടിണി കിടക്കുന്ന വീട്ടിലെ കുട്ടിയെ പലഹാരക്കടയില്‍ കയറ്റിയതുപോലെ ഞാന്‍ വെള്ളം വീണ്ടുംവീണ്ടും കുടിക്കുന്നത് സംതൃപ്തിയോടെ അവര്‍ നോക്കിനിന്നു. പച്ചവെള്ളത്തിന്റെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്വാദനുഭവിക്കാനുണ്ടായ ഒരു ജീവിതാനുഭവമായിരുന്നു അത്.

വൈകുന്നേരം അടുത്തുള്ള ഇടവകപ്പള്ളിയിലെ കുര്‍ബാനയ്ക്ക് ഞങ്ങളും കൂടി. കുര്‍ബാന തുടങ്ങി അല്‍പം കഴിഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നതായും എല്ലാം കീഴ്‌മേല്‍ മറിയുന്നതായും എനിക്കുതോന്നി. സംഗതി പന്തിയല്ല എന്നു മനസ്സിലാക്കിയ ഉടന്‍തന്നെ ഞാന്‍ പള്ളിയിലെ സാക്രിസ്റ്റിയിലെ കസേരയെ അല്‍പനേരത്തേയ്ക്ക് അഭയം പ്രാപിച്ചു. ഒന്ന് വിയര്‍ത്തുകഴിഞ്ഞപ്പോള്‍ സംഗതികളെല്ലാം പഴയതു പോലെയായി. ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ തിരികെവന്ന് കുര്‍ബാാനയില്‍ പങ്കുചേരുകയും ചെയ്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)