യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 23-ാം ദിവസം – ബുര്‍ഗോസ് കത്തീഡ്രലും വി. തെക്ലായുടെ ചാപ്പലും

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന ബുര്‍ഗോസ് (Burgoes) എന്ന പട്ടണത്തില്‍ കൂടിയായിരുന്നു ഫ്രഞ്ച് തീര്‍ത്ഥാടനപാത കടന്നുപോയിരുന്നത്. ചരിത്ര പ്രാധാന്യമുള്ള മനോഹരമായ കത്തീഡ്രല്‍ ദൈവാലയമായിരുന്നു ആ നഗരത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. നാല്‍പത് വര്‍ഷങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കിയ ഈ കത്തീഡ്രല്‍, 1260-ല്‍ കൂദാശ ചെയ്ത് ആരാധനയ്ക്കായി ഉപയോഗിച്ചുതുടങ്ങി. ഫ്രഞ്ച്-ഗോഥിക്ക് (Gothic) ശൈലിയില്‍ പണിതിരിക്കുന്ന ഈ ദൈവാലയത്തിനുള്ളില്‍ 13 ചെറിയ ചാപ്പലുകളുമുണ്ട്.

സൂര്യന്‍ തലയ്ക്കു മുകളില്‍ വന്നുനില്‍ക്കുന്ന സമയമായപ്പോഴാണ് ഞങ്ങള്‍ കത്തീഡ്രല്‍ ദൈവാലയത്തിലെത്തിയത്. അതിനടുത്തുള്ള ചെറിയ കൃത്രിമക്കുളത്തില്‍ കിളിക്കൂട്ടങ്ങള്‍ അവധിക്കാലത്ത് നീന്തല്‍ പരിശീലനത്തിലായിരിക്കുന്ന കുട്ടികളെപ്പോലെ വെള്ളത്തില്‍ തുള്ളിച്ചാടി കളിക്കുകയായിരുന്നു. മധ്യാഹ്നസൂര്യന്റെ ചൂടില്‍ നിന്നകന്ന്, അല്‍പം ആത്മീയവെളിച്ചം പ്രാപിക്കാനായി ഒരു മണിക്കൂര്‍ ദൈവാലയത്തില്‍ ചെലവഴിക്കാന്‍ ജാംപൗളോയും ഞാനും തീരുമാനിച്ചു. ചരിത്രമ്യൂസിയങ്ങളെല്ലാം ഉള്‍പ്പെടുന്ന കത്തീഡ്രല്‍ ദൈവാലയം കാണാനെത്തുന്നവര്‍ ചെറിയൊരു ഫീസടച്ച് ടിക്കറ്റെടുക്കണമായിരുന്നു. തീര്‍ത്ഥാടകര്‍ക്ക് ചില പ്രത്യേക ഇളവുകള്‍ അനുവദിച്ചിരുന്നു. വൈദികന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചപ്പോള്‍ ടിക്കറ്റെടുക്കാതെ തന്നെ സന്തോഷത്തോടെ എനിക്ക് പ്രവേശനാനുമതി ലഭിച്ചു. വേര്‍പിരിയുന്ന സ്ഥലത്തു തന്നെ വീണ്ടും കണ്ടുമുട്ടാം എന്ന തീരുമാനത്തോടെ ജാംപൗളോയും ഞാനും പള്ളിയുടെ രണ്ടു ദിശകളിലേയ്ക്കു പോയി.

കത്തീഡ്രലിനകത്തുള്ള വി. തെക്‌ളായുടെ (St. Thecla) ചാപ്പലില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് പ്രായമായ കുറച്ചുപേര്‍ പുറത്തിറങ്ങുന്നതു കണ്ടപ്പോള്‍ ഞാന്‍ അവിടെ കയറി. ആരുമില്ലാതിരുന്ന അവിടെയിരുന്ന് അല്‍പസമയം പ്രാര്‍ത്ഥിക്കുകയും വിശ്രമിക്കുകയുമായിരുന്നു എന്റെ ലക്ഷ്യം. പള്ളിയിലെ അവസാനത്തെ ഇരിപ്പിടം തിരഞ്ഞെടുക്കാനായി ആദ്യമെത്തുന്ന വിശ്വാസിയുടെ തീക്ഷ്ണതയോടെ ചാപ്പലിന്റെ പിറകിലുള്ള ഭിത്തിയോടു ചേര്‍ന്നിരിക്കുന്ന ബഞ്ചില്‍ എന്റെ ഭാണ്ഡം ഇറക്കിവച്ച് ഞാനിരുന്നു. എന്നെ കാത്തിരിക്കുന്നതുപോലെ ശുശ്രൂഷകന്‍, അണയ്ക്കാന്‍ മറന്നുപോയ അള്‍ത്താരയിലെ ഒരു മെഴുകുതിരി അപ്പോഴും കത്തിക്കൊണ്ടിരുന്നു. വി. തെക്‌ളായുടെ ചിത്രത്തില്‍ കാണപ്പെട്ട സിംഹങ്ങള്‍, എന്നില്‍ വിശുദ്ധയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കൗതുകമുണര്‍ത്തി.

പാരമ്പര്യം സാക്ഷിക്കുന്നത് വി. പൗലോസ് ശ്ലീഹായുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടയായി സകലതും ത്യജിച്ച് ദൈവത്തെ പ്രാപിക്കാന്‍ പരിശ്രമിച്ചവളാണ് തെക്‌ള എന്നാണ്. അവളുടെ മാനസാന്തരത്തില്‍ കലിപൂണ്ട ഒരു കൂട്ടം ആളുകള്‍ തെക്‌ളായെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ചു. അങ്ങനെ അവര്‍ അവള്‍ക്കായി അഗ്നിയൊരുക്കിയിരിക്കുമ്പോള്‍ അവിടെ വലുതായ കാറ്റും മഴയും ഉണ്ടാവുകയും തെക്‌ളാ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് പൗലോസ് ശ്ലീഹായെ അനുധാവനം ചെയ്ത് അന്ത്യോക്യയില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു പ്രഭുവിന് അവളോടു ആകര്‍ഷണം തോന്നി. തന്റെ അവിഹിത ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ അവളെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രലോഭനങ്ങളെ നിരസിച്ച തെക്‌ളായോട് അയാള്‍ പ്രതികാരമനോഭാവത്തോടെ പെരുമാറി. കള്ളക്കേസില്‍ കുടുക്കി, വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കാനുള്ള വിധി സമ്പാദിച്ചു. അവിടെ വച്ച്, താന്‍ ഉടന്‍ മരിക്കുമെന്നു കരുതി അവള്‍ തന്നെത്തന്നെ മാമ്മോദീസാ മുക്കി. എന്നാല്‍, അത്ഭുതകരമായി ആക്രമണകാരികളായ ആണ്‍സിംഹങ്ങളില്‍ നിന്നും പെണ്‍സിംഹങ്ങള്‍ അവളെ രക്ഷിച്ചു. പിന്നീട് വലിയ താപസജീവിതം നയിച്ച തെക്‌ളാ, ആദിമക്രൈസ്തവ സഭയിലെ സ്ത്രീകള്‍ക്കെല്ലാം വലിയ പ്രചോദനവും മാതൃകയും ആയിത്തീര്‍ന്നു. ഈയടുത്ത കാലത്ത് തീവ്രവാദികള്‍ സിറിയായിലുള്ള വി. തെക്‌ളായുടെ കബറിടം പങ്കിലമാക്കാന്‍ ശ്രമിച്ചതായി പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)