യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 22-ാം ദിവസം – ഫ്രാന്‍സിസ്‌കന്‍ ആശ്രമാനുഭവങ്ങള്‍

‘നാളെ രാവിലെ വീണ്ടും കാണാം’ എന്ന് പറഞ്ഞുകൊണ്ട് തന്റെ രാത്രിവിശ്രമത്തിനായി സൂര്യന്‍ പടിഞ്ഞാറേ ചക്രവാളത്തിന്റെ പടികളിറങ്ങാന്‍ ആരംഭിച്ചപ്പോള്‍ നടന്നുതളര്‍ന്ന് ജാംപൗളോയും ഞാനും ടൊസാന്റോസ് (Tosantos) എന്ന ഗ്രാമത്തില്‍ എത്തിയിരുന്നു. വി. ഫ്രാന്‍സിസ് അസീസിയുടെ നാമത്തിലുള്ള സത്രത്തിലായിരുന്നു അന്ന് ഞങ്ങള്‍ക്ക് അന്തിയുറങ്ങേണ്ടിയിരുന്നത്. കഴിഞ്ഞ ലക്കത്തില്‍ വിവരിച്ച, നിക്കോളോസ് പര്‍ണ്ണശാലയ്ക്ക് സമാനമായ ആത്മീയാനുഭവം ഇവിടെ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു. ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയിലെ അംഗങ്ങളായ ബ്ര. മാര്‍ക്കോയും, ബ്ര. ഫാബിയനുമായിരുന്നു സാന്‍ ഫ്രാന്‍സിസ്‌കോ ദി അസീസ്സി സത്രത്തിന്റെ (San Francisco De Asis Albergue) അനുദിന പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോയിരുന്നത്. തീര്‍ത്ഥാടകര്‍ നല്‍കുന്ന ചെറിയ സംഭാവനകള്‍ കൊണ്ടായിരുന്നു അവര്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ കുറവുകള്‍ കൂടാതെ നടത്തിയിരുന്നത്.

ഈ പഴയ ഭവനത്തിന്റെ ചെറിയ മുറ്റത്തെ മനോഹരമാക്കി സൂക്ഷിച്ചിരുന്നത് അസീസിയില്‍ നിന്നും കൊണ്ടുവന്ന റോസാച്ചെടികളായിരുന്നു. വി. ഫ്രാന്‍സിസ്, തനിക്കുണ്ടായ പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനുവേണ്ടി ആശ്രമത്തോടു ചേര്‍ന്നുള്ള മുള്ളുനിറഞ്ഞ പനിനീര്‍ച്ചെടികള്‍ക്കിടയില്‍ കിടന്നുരുണ്ടു എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നുമുതല്‍ വിശുദ്ധനായ ഫ്രാന്‍സിസിന്റെ സ്പര്‍ശനമേറ്റ റോസാച്ചെടികള്‍ മുള്ളുകള്‍ മുളപ്പിക്കാതായി. ഇന്നും ഇറ്റലിയിലെ അസീസിയിലുള്ള ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തിലെ റോസാച്ചെടികള്‍ പൂക്കള്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നല്‍കാറുള്ളൂ.

ആരും കാണാതെ ടൊസാന്റോസിലെ സത്രമുറ്റത്തുള്ള ചെടികള്‍ക്കിടയില്‍ കിടന്നൊന്ന് ഉരുണ്ടാലോ എന്ന് എനിക്കും തോന്നാതിരുന്നില്ല. പക്ഷേ, പൂക്കള്‍ മാത്രമുണ്ടായിരുന്ന അവിടുത്തെ റോസാച്ചെടികള്‍ മുള്ളുകള്‍ മുളപ്പിക്കാന്‍ തുടങ്ങി എന്ന് മറ്റൊരു കഥ എഴുതപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ പിന്മാറി.

സത്രത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അതിനൊരു തീര്‍ത്ഥാടക വൈദികന്‍ വിരളമായേ അതുവഴി വന്നിരുന്നുള്ളൂ. അന്ന് അവിടെയുണ്ടായിരുന്ന 26 തീര്‍ത്ഥാടകരില്‍ കത്തോലിക്കരല്ലാത്ത കുറേപ്പേരും കൂടി കുര്‍ബാനയിലും തുടര്‍ന്നു നടന്ന പ്രാര്‍ത്ഥനയിലും സംബന്ധിച്ചു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുടെ ഇത്തരം സംഗമങ്ങള്‍ ‘ബാബേലി’നേക്കാള്‍ ‘പെന്തിക്കോസ്തി’യുടെ അനുഭവമായിരുന്നു മിക്കപ്പോഴും പ്രദാനം ചെയ്തിരുന്നത്.

മുകളിലത്തെ നിലയിലുള്ള തടിയില്‍ നിര്‍മ്മിച്ച തറയിലിരുന്ന് കുര്‍ബാനയ്ക്കു ശേഷം വിവിധ ഭാഷകളില്‍ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ബ്ര. ഫാബിയന്‍ ഒരു കൂടയുമായി ഞങ്ങളുടെ അടുത്തുവന്നു. കാണിക്കയെടുക്കുന്ന സമയമാണെന്നു കരുതി പള്ളിയില്‍ പോകുന്ന ഒരു വിശ്വാസി കുറേ നാണയങ്ങള്‍ അതില്‍ നിക്ഷേപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ താമസിച്ച തീര്‍ത്ഥാടകര്‍ എഴുതിവച്ച പ്രാര്‍ത്ഥനാ നിയോഗങ്ങളായിരുന്നു അതില്‍. ഓരോ പ്രാര്‍ത്ഥനാ നിയോഗങ്ങളും ഉറക്കെ വായിച്ചതിനുശേഷം എല്ലാവരും ഒരുമിച്ച് ആ നിയോഗത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടിയായിരുന്നു അത്.

മകന്‍ കാറപകടത്തില്‍ മരിച്ചതിന്റെ ദുഃഖം മറക്കുന്നതിനുവേണ്ടി തീര്‍ത്ഥാടനം നടത്തുന്ന ഒരു പിതാവിന്റെ കുറിപ്പായിരുന്നു എനിക്ക് കിട്ടിയത്. ഞാന്‍ വായിച്ചതു കേട്ടപ്പോള്‍ എന്റെ അടുത്തിരുന്ന മദ്ധ്യവയസ്‌കരായ സ്ത്രീ, താനും അത്തരത്തിലുള്ള ഒരു നിയോഗത്തോടെയാണ് തീര്‍ത്ഥാടനം നടത്തുന്നതെന്ന് സങ്കടത്തോടെ എന്നോടു പറഞ്ഞു.

പേരുവയ്ക്കാതെ ഞങ്ങളുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളും തുടര്‍ന്നുവരുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിനായി ഞങ്ങളും എഴുതിനല്‍കി. ഈ നിയോഗങ്ങള്‍ 20 ദിവസം വരെ സൂക്ഷിച്ചുവയ്ക്കുകയും ഒരു പ്രാവശ്യമെങ്കിലും അതുവച്ച് പ്രാര്‍ത്ഥിച്ചതിനു ശേഷം കത്തിച്ചുകളയുകയും ചെയ്യുകയാണ് പതിവ്. അതുവഴി കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ 20 ദിവസത്തിനകം സാന്റിയാഗോയില്‍ എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.

പ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം തയ്യാറാക്കിയത്. ഭക്ഷണം പാകം ചെയ്യുന്ന കാര്യത്തില്‍ പിന്നിലായിരുന്നെങ്കിലും കഴിക്കുന്ന കാര്യത്തില്‍ ആരെയും തോല്‍പ്പിക്കുന്നതിന് ഞാന്‍ തയ്യാറായിരുന്നു. എങ്കിലും പാത്രം കഴുകാനും, മേശ വൃത്തിയാക്കാനും ആവശ്യപ്പെടാതെ തന്നെ ഞാനും സഹായിച്ചു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)