യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 21-ാം ദിവസം – തീര്‍ത്ഥാടകരെ കാല്‍ കഴുകി സ്വീകരിക്കുന്നു

മധ്യകാലയുഗത്തിലെ തീര്‍ത്ഥാടകരെ മിക്കയിടങ്ങളിലും വലിയ ആചാര രീതികളോടെയായിരുന്നു വരവേറ്റിരുന്നത്. അങ്ങനെയുള്ള അനുഷ്ഠാനങ്ങള്‍ ഇന്നും പിന്തുടരുന്ന ചില സ്ഥലങ്ങളും അപൂര്‍വ്വമായി ഞങ്ങളുടെ തീര്‍ത്ഥാടനത്തിനിടയില്‍ കാണാന്‍ സാധിച്ചു. പ്യൂന്റേ ഫിറ്റേറോയിലൂള്ള (Peunte Fitero)) സെന്റ് നിക്കോളോസിന്റെ പര്‍ണ്ണശാലയില്‍ (Hermitage of St. Nicholas) ഒരു ദിവസം അന്തിയുറങ്ങണമെന്നത് ഞങ്ങളുടെ ആഗ്രഹമായിരുന്നു.

12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ സത്രം തീര്‍ത്ഥാടകര്‍ക്കു വേണ്ടി നടത്തിയിരുന്നത് ‘ജറുസലേമിലെ വി. യോഹന്നാന്റെ പടയാളികള്‍’ (Knights of the Order of the Hospital of St. John of Jerusalem) എന്ന സംഘടനയാണ്. ഇന്ന് അവര്‍ ‘മാള്‍ട്ടായിലെ പടയാളികള്‍’ (Knights of Malta) എന്നറിയപ്പെടുന്ന കത്തോലിക്കാ സഭയിലെ വളരെ ശക്തമായ ഒരു ഭക്തസംഘടനയാണ്. ജെറുസലേമിലേയ്ക്കു പോയ തീര്‍ത്ഥാടകരുടെ സംരക്ഷണച്ചുമതലയ്ക്കായിട്ട് രൂപീകൃതമായ ഈ സംഘടന പിന്നീട് സാന്റിയാഗോ തീര്‍ത്ഥാടകരെ സഹായിക്കുന്നതു കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള ആതുരശുശ്രൂഷാ സഹായങ്ങളും ചെയ്യുന്നു. ഇറ്റലിയില്‍ നിന്നുള്ള സന്നദ്ധസേവകരടങ്ങുന്ന ഒരു സംഘമാണ് ബുര്‍ഗോസ് (Burgos) അതിരൂപതയുടെ സഹായത്തോടെ ഇത് നടത്തിക്കൊണ്ടുപോവുന്നത്.

ഇന്നും വൈദ്യുതിയില്ലാതെ മെഴുകുതിരി വെളിച്ചത്തിലാണ് രാത്രിയിലും ഈ സത്രം പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ള ബാത്ത്‌റൂമിലും, ടോയ്‌ലറ്റിലും സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം ലഭ്യമാക്കുന്നു. ഭക്ഷണസാധനങ്ങളെല്ലാം തീര്‍ത്ഥാടകര്‍ ഒരുമിച്ചാണ് പാചകം ചെയ്യുന്നത്. അവിടുത്തെ അതിപുരാതനമായ അള്‍ത്താരയില്‍ ഞാന്‍ ഇറ്റാലിയന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വായനകളെല്ലാം ഇംഗ്ലീഷില്‍ തന്നെ നടത്തി. ഇംഗ്ലീഷ് മാത്രം അറിയാവുന്ന ചില തീര്‍ത്ഥാകടരും അന്നവിടെ ഉണ്ടായിരുന്നു.

അന്നത്തെ സന്ധ്യയെ മനോഹരമാക്കിയത് തീര്‍ത്ഥാടനത്തില്‍ ഒരിക്കല്‍ മാത്രം അറിയാനും അനുഭവിക്കാനും സൗഭാഗ്യം ലഭിച്ച ഒരു ആചാരത്തിന്റെ അനുഷ്ഠാനമായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം സത്രം നടത്തിപ്പുകാരായ മൂന്നുപേരും തങ്ങളുടെ അംശവസ്ത്രങ്ങള്‍ അണിഞ്ഞ്, അരയില്‍ തൂവാല ചുറ്റി, ഒരു പാത്രത്തില്‍ വെള്ളവും കൊണ്ട് തീര്‍ത്ഥാടകരായ ഞങ്ങള്‍ പതിനഞ്ചു പേരുടെയും കാലുകള്‍ കഴുകി ചുംബിച്ചു. അവര്‍ക്കു മാത്രം അറിയാവുന്ന ചില പ്രാര്‍ത്ഥനകളും അവര്‍ ചൊല്ലുന്നുണ്ടായിരുന്നു. അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന സമയത്ത് കത്തിക്കൊണ്ടിരുന്ന മെഴുകുതിരികള്‍ രാത്രിയുടെ ഇരുട്ടിനെ പ്രതിരോധിച്ചുകൊണ്ട് അപ്പോഴും ഇതിനെല്ലാം സാക്ഷികളായി നിന്നു.

വിശുദ്ധമായ ഈ കര്‍മ്മത്തിന്റെ ആന്തരികചൈതന്യത്തിന് ഭംഗം വരുത്താതിരിക്കാന്‍ ഫോട്ടോയെടുക്കുവാനോ, സംസാരിക്കുവാനോ ഞങ്ങളെ അവര്‍ അനുവദിച്ചതുമില്ല. ആയിരം വര്‍ഷമായി അണമുറിയാതെ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ഈ ആദ്ധ്യാത്മീകാനുഷ്ഠാനത്തില്‍ നിന്നും ലഭിച്ച ആത്മീയാനുഭൂതി വര്‍ണ്ണനാതീതമായിരുന്നു. അന്ന് രാത്രിയില്‍ ഉറങ്ങാനായി കണ്ണടച്ചു കിടന്ന എന്റെ ആന്തരീകനയനങ്ങള്‍ക്കു മുമ്പില്‍ അരയില്‍ തൂവാല ചുറ്റി ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്ന കര്‍ത്താവിന്റെ ചിത്രമായിരുന്നു. ഈ ദൃഷ്ടാന്തങ്ങളുടെ ബാഹ്യാവതാരമായി എന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ എന്നെത്തന്നെ രൂപപ്പെടുത്തിയെടുക്കുന്നതിനായി അന്ന് ഞാന്‍ കണ്ണടച്ചു കിടന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അറിയാതെ ഉറങ്ങിപ്പോയി.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)