യാക്കോബിന്‍റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 20-ാം ദിവസം – വീഞ്ഞിന്റെ ഫൗണ്ടനും ക്ഷമിക്കുന്ന മലയും

പാമ്പിലോണയില്‍ നിന്നും ഞങ്ങളുടെ അടുത്ത ലക്ഷ്യത്തിലേയ്ക്കുള്ള നടത്തത്തിനിടയില്‍ രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയാണ് തീര്‍ത്ഥാടനപാത കടന്നുപോകുന്നത്. ഒന്നാമത്തേത് മുന്തിരിത്തോട്ടങ്ങളാല്‍ മനോഹരമായ ഒരു പ്രദേശമാണ്. ജൂണ്‍ മാസത്തില്‍ മുന്തിരിച്ചെടിയുടെ ഇലകള്‍ ബലം പ്രാപിച്ച് പൂക്കളും, ഇളംകായ്കളുമായി നിറഞ്ഞുനില്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്. പാട്ടുംപാടി പറന്നു നടക്കുന്ന വണ്ടുകളും, കിളികളും ചിലപ്പോഴെങ്കിലും വഴിയേ പോകുന്ന അപരിചിതരായ തീര്‍ത്ഥാടകരെ നോക്കി ചിരിക്കാറുണ്ട്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ഇവിടെയുള്ള ‘വിലക്കപ്പെട്ട കനി’ ഭക്ഷിച്ച് ‘വിജ്ഞാനം’ പ്രാപിക്കുന്നതിനും സാധിക്കും. ബൊഡേഗാസ് ഇറാഹേ (Bodegas Irache) എന്ന പ്രശസ്തമായ വീഞ്ഞുനിര്‍മ്മാണശാല ഇവിടെയാണ്. ഇവിടെ നിര്‍മ്മിക്കുന്ന വീഞ്ഞ് അഞ്ച് വന്‍കരകളിലുള്ള 58 രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്നുണ്ട്. തീര്‍ത്ഥാടകരെ ഈ സ്ഥലം ആകര്‍ഷകമാക്കുന്നതിന്റെ കാരണം, അവിടെയുള്ള വൈന്‍ ഫൗണ്ടന്‍ (Wine Fountain) ആണ്. പൈപ്പു തുറന്ന് ആവശ്യത്തിന് വീഞ്ഞോ, അടുത്തുള്ള പൈപ്പില്‍ നിന്ന് വെള്ളമോ കുടിക്കാന്‍ സാന്റിയാഗോ തീര്‍ത്ഥാടകന് അനുവാദമുണ്ട്. ഞങ്ങള്‍ എല്ലാവരും ചുമലിലുള്ള ഭാരങ്ങള്‍ ഇറക്കിവച്ച് വീഞ്ഞു രുചിച്ചുനോക്കുകയും വെള്ളം കുടിക്കുകയും അവിടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ഒരു തീര്‍ത്ഥാടകന് ഒരിക്കലും തന്റെ യാത്രയെ തടസ്സപ്പെടുത്തുന്നതൊന്നും ചെയ്യാന്‍ സാധിക്കില്ലായെന്ന് അറിയാവുന്നതു കൊണ്ടായിരിക്കണം ഇങ്ങനെയൊരു ആനുകൂല്യം നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ ഏതുഭാഗത്തു നിന്നും ആര്‍ക്കും എപ്പോഴും കാണാവുന്ന ഒരു ലൈവ് വൈബ്ക്യാമും (Live Webcam) ഇവിടെ സ്ഥാപിച്ചിട്ടുണ്ട് (കൂടുതല്‍ അറിയാന്‍ Bodegas Irache എന്ന് ഗൂഗിള്‍ ചെയ്യുക).

അവിടെ നിന്നും കുറെ മുമ്പോട്ടുപോകുമ്പോള്‍ നേരത്തെ പറഞ്ഞ രണ്ടാമത്തെ പ്രധാന സ്ഥലത്തേയ്ക്ക് എത്തിച്ചേരും. വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന, ധാരാളം കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഒരു മലയാണിത്. 780 മീറ്റര്‍ കയറിയിറങ്ങേണ്ട പാതയാണിത്. ആ മലയുടെ പേര് തന്നെ ‘ക്ഷമിക്കുന്ന മല’ (Mount of Forgiveness) എന്നാണ്. പച്ചപ്പുല്ല് പരവതാനി വിരിച്ച മല കയറുന്നതിനെക്കാള്‍ ആയാസകരമായി എനിക്ക് തോന്നിയത് ഉരുളന്‍കല്ലുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള മലയിറക്കമാണ്. ഈ മലയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം മലമുകലില്‍ പണിതുവച്ചിരിക്കുന്ന ചില കലാരൂപങ്ങളാണ്. ലോഹങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ രൂപങ്ങള്‍ തീര്‍ത്ഥാടന അടയാളങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഭൂതകാലത്തും, വര്‍ത്തമാനകാലത്തും, ഭാവികാലത്തും അതുവഴി കടന്നുപോകുന്ന തീര്‍ത്ഥാടകന്റെ മനസ്സിലെ വികാരവിചാരങ്ങളാണ് അതില്‍ ദര്‍ശിക്കുന്നത്. മലമുകളില്‍ കൂടി ഒഴുകിനടക്കുന്ന കാറ്റും, ആകാശത്തില്‍ ഉദിച്ചുയരുന്ന നക്ഷത്രങ്ങളും ആലിംഗനം ചെയ്യാന്‍ വരുന്ന സ്ഥലം എന്നാണ് ഇത് അറിയപ്പെടുന്നത്.

‘ക്ഷമിക്കുന്ന മല’ യിലെ കല്ലില്‍ നിര്‍മ്മിച്ച ബഞ്ചില്‍ ഭാരം ഇറക്കിവെച്ച് എന്റെ അതുവരെയുള്ള പാപങ്ങളെയെല്ലാം ഓര്‍ത്ത് വിയര്‍പ്പുനിറഞ്ഞ വിരലിനിടയിലൂടെ പ്രാര്‍ത്ഥന ചൊല്ലി ജപമാലമണികള്‍ ഞാന്‍ ഉരുട്ടി. കൈയ്യില്‍ കരുതിയ കുപ്പിയിലെ വെള്ളം തീര്‍ന്നുപോയതിനാല്‍ അടുത്ത ഉറവ വരെ ജീവജലത്തിന്റെ നീരുറവയായ യേശുവിനെ മാത്രം ധ്യാനിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്നേദിവസം പ്രാര്‍ത്ഥിക്കേണ്ട നിയോഗങ്ങള്‍ എഴുതി പോക്കറ്റിലിട്ട വെള്ളക്കടലാസ് ഒന്നുകൂടി എടുത്തുനോക്കി. വിയര്‍പ്പുകണങ്ങള്‍ പറ്റി, വായിച്ചെടുക്കാന്‍ പറ്റാത്ത ചില ജീവിതങ്ങള്‍ പോലെ അതിലെ അക്ഷരങ്ങള്‍ മങ്ങിത്തുടങ്ങിയിരുന്നു. ഉച്ചവെയിലിന്റെ ചൂടേറ്റ് കരിഞ്ഞുതുടങ്ങിയ എന്റെ മുഖത്ത് പറ്റിപിടിച്ച വിയര്‍പ്പുകണങ്ങള്‍ ആസ്വദിക്കാനെത്തിയ തേനീച്ച രണ്ടുതുള്ളി വിയര്‍പ്പു കൂടി ആ പ്രാര്‍ത്ഥനാ നിയോഗങ്ങളില്‍ വീഴ്ത്തി. ‘കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, ഈ ദാസന്റെ പാപങ്ങളെല്ലാം പൊറുക്കേണമേ’ എന്നു പറഞ്ഞുകൊണ്ട് എന്റെ മലയിറക്കം ഞാന്‍ ആരംഭിച്ചു.

‍ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)