യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 19-ാം ദിവസം – മനോഹരമായ പാമ്പിലോണ (Pamplona) നഗരം

  ജാംപൗളോയും ഞാനും അതിരാവിലെ എഴുന്നേറ്റ് തീര്‍ത്ഥാടകന്റെ പ്രാര്‍ത്ഥനയൊക്കെ ചൊല്ലി യാത്രയ്ക്കു തയ്യാറായി. തലേരാത്രിയില്‍ എന്റെ ശരീരവും ആത്മാവും രണ്ട് സ്ഥലത്താണോ ഉറങ്ങിയതെന്ന് എനിക്ക് തോന്നാതിരുന്നില്ല. കാരണം, ഉറക്കസമയത്ത് ആരോ വന്ന് എന്റെ നടന്നുതളര്‍ന്ന കാലുകളെ മാറ്റി പുതിയതു വച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇതു സംഭവിച്ചുവെന്നത് സന്തോഷത്തോടെ കുറിക്കട്ടെ.

  ഏതാനും മണിക്കൂര്‍ നേരത്തെ നടത്തത്തിനുശേഷം പാമ്പിലോണ എന്ന മനോഹരമായ പട്ടണത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. രണ്ടു ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന, സ്‌പെയിനിന്റെ വടക്കേ അറ്റത്തുള്ള ഈ നഗരം നവാരേ പ്രോവിന്‍സിന്റെ തലസ്ഥാനം കൂടിയാണ്. എല്ലാ വര്‍ഷവും ജൂലൈ 6 മുതല്‍ 14 വരെ നടത്തപ്പെടുന്ന സാന്‍ ഫെര്‍മിന്‍ (San Fermin) തിരുനാള്‍ ലോകപ്രശസ്തമാണ്. വിശുദ്ധന്റെ തിരുനാളിനെക്കുറിച്ച് അറിയാത്തവര്‍ പോലും സ്‌പെയിനിലെ കാളപ്പോരിന്റെ (Bullfight) അറിയപ്പെടുന്ന സ്ഥലമായ പാമ്പിലോണയിലേയ്ക്ക് വരാറുണ്ട്.

  1954-ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച അമേരിക്കക്കാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ (Ernest Hemingway) പാമ്പിലോണയില്‍ താമസിച്ച് 1926-ല്‍ ‘സൂര്യനും ഉദിക്കുന്നു’ (The Sun Also Rises) എന്ന പേരില്‍ മനോഹരമായ ഒരു നോവല്‍ രചിച്ചിട്ടുണ്ട്. കത്തീഡ്രല്‍ ദൈവാലയം അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ഞങ്ങള്‍ അടുത്തുള്ള സെന്റ് ലോറന്‍സോ (St. Lorenzo) പള്ളി സന്ദര്‍ശിക്കാനായി കയറി. അവിടുത്തെ സാന്‍ ഫെര്‍മിന്‍ ചാപ്പലില്‍ കുര്‍ബാനയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഫ്രാന്‍സിസ്‌കന്‍ വൈദികരായിരുന്നു ആ പള്ളിയുടെ നടത്തിപ്പുകാര്‍. തീര്‍ത്ഥാടകനായ എന്നെയും അടുത്തുനിര്‍ത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ അവിടുത്തെ വൈദികര്‍ക്ക് സന്തോഷമേയുണ്ടായിരുന്നുള്ളൂ…

  ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍ 

  (തുടരും …)

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.