യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 18-ാം ദിവസം – ഒരു പക്ഷിയും അവളുടെ സങ്കടങ്ങളും

പെട്ടെന്ന് അണയുന്ന ഒരു വിളക്കുപോലെ എന്റെ ശിരസ് തലയിണയില്‍ സ്പര്‍ശിച്ച നിമിഷം തന്നെ ഞാന്‍ ഉറങ്ങിപ്പോയി. അന്നു പകല്‍ ഞാന്‍ കഴിച്ചുകൊണ്ടിരുന്ന ബ്രഡിന്റെ അംശം ചോദിച്ചുവന്ന, മഞ്ഞയും ചുവപ്പും കറുപ്പും കലര്‍ന്ന തൂവലുകളുള്ള പക്ഷി സ്വപ്നത്തില്‍ എന്നെ സന്ദര്‍ശിക്കാനെത്തി. അരുവിയുടെ ഓരം ചേര്‍ന്ന് പകല്‍ നടന്ന വഴിയിലെ തണുത്ത വായുവിന് കാട്ടുപൂക്കളുടെ സുഗന്ധമുണ്ടായിരുന്നു. കിഴക്കുദിക്കുന്ന സൂര്യനെ ഉത്സാഹത്തോടെ വരവേല്‍ക്കാന്‍ എഴുന്നേറ്റുനില്‍ക്കുന്ന പൂക്കള്‍ വൈകുന്നേരത്തോടെ സൂര്യന്‍ പോകുന്ന സങ്കടത്തില്‍ വാടിത്തളര്‍ന്നു വീഴുമായിരുന്നു.

ഞാന്‍ കൊടുത്ത അപ്പക്കഷണം ആവേശത്തോടെ കഴിച്ച പക്ഷിയോട് ഞാന്‍ എനിക്കറിയാവുന്ന ഭാഷയിലൊക്കെ സംസാരിച്ചു. മനോഹരമായി പാട്ടുപാടുന്ന കിളിയുടെ ശബ്ദത്തെ അനുകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, എന്റെ പഠനകാലത്ത് ഞാന്‍ മോശം പാട്ടുകാരനാണെന്ന് റെക്ടറച്ചന്‍ മനസ്സിലാക്കാനെടുത്ത അത്രയും സമയം കിളിക്കു വേണ്ടിവന്നില്ല, എന്റെ പാട്ടിനെ വിലയിരുത്താന്‍. ഭക്ഷണം കൊടുത്ത എന്റെ വിശാലമനസ്‌കതയെ അഭിനന്ദിച്ചുകൊണ്ട് ഇനിയും ഞാന്‍ പാട്ടുപാടാതിരിക്കാമെങ്കില്‍ തന്റെ സങ്കടകഥ എന്നോട് പറയാമെന്ന് കിളി സമ്മതിച്ചു. എന്റെ അഭിമാനത്തിനേറ്റ ക്ഷതം പുറമെ കാണിക്കാതെ കിളിയുടെ കദനകഥ മുഴുവന്‍ ഞാന്‍ ക്ഷമയോടെ കേട്ടു.

ക്ലോയി (Chloe) എന്നാണ് ആ കിളിയുടെ പേര്. ഗ്രീക്ക് പുരാണങ്ങളില്‍ ഫലസമൃദ്ധിയുടെ ദേവതയാണ് ക്ലോയി. ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം അടുത്ത ഗ്രാമത്തിലെ പുഴയോരത്തുള്ള ഒരു വലിയ മരത്തിലാണ് അവരുടെ താമസം. എല്ലാ ദിവസങ്ങളിലും പകലന്തിയോളം സംഗീതാലാപനം മാത്രമാണ് അവളുടെ പണി. അടുത്ത പട്ടണത്തിലെ അന്താരാഷ്ട്ര സംഗീത സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാന്തരബിരുദം അവള്‍ പൂര്‍ത്തിയാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. തന്റെ ഗ്രാമത്തിലെ തന്നെ കിളിപ്പള്ളിക്കൂടത്തില്‍ ഒഴിവ് വന്ന സംഗീതാധ്യാപികയുടെ ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഒരുപാട് പേര്‍ അപേക്ഷിച്ചിട്ടുണ്ടെങ്കിലും തന്റെ അപ്പന്‍ ഗ്രാമത്തില്‍ പ്രശസ്തനായതുകൊണ്ട് തനിക്കുതന്നെ ആ ജോലി കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണവള്‍.

അവള്‍ക്കൊരു സഹോദരനുണ്ടെന്നും താന്‍ പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ നിന്നും വായ്പ്പാട്ടിലും (Vocal Music) ഉപകരണ സംഗീതത്തിലും (Instrumental Music) അവന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അവള്‍ എന്നോട് പറഞ്ഞു. ‘സംഗീതത്തിന് രോഗസൗഖ്യത്തിനുള്ള ശക്തിയുണ്ടോ’ (Does Music have the Power to Heal?) എന്നതാണ് അവന്റെ ഗവേഷണവിഷയം. പക്ഷേ, അല്‍പം അഹങ്കാരിയായ അവന്‍, തന്നെപ്പോലെ വഴിയില്‍ കാണുന്ന അപരിചിതരോടൊന്നും സംസാരിക്കാറില്ലെന്നും അവള്‍ പറഞ്ഞു.

എന്തുകൊണ്ടാണ് സങ്കടപ്പെട്ടിരിക്കുന്നതെന്നും, മനോഹരശബ്ദത്തിനുടമയാണെങ്കിലും ശോകഗാനം മാത്രം ആലപിക്കുന്നതെന്തിനെന്നും ഞാന്‍ ആരാഞ്ഞു. അവളുടെ ദീര്‍ഘകാല സുഹൃത്ത് അടുത്ത ഗ്രാമത്തിലെ പെണ്‍കിളിയുടെ കൂടെ ഒളിച്ചോടി തന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചതിലെ സങ്കടമാണ് സംഗീതത്തിലൂടെ അവള്‍ പാടിത്തീര്‍ക്കുന്നത്. അവള്‍ പാടിയ പാട്ടിലെ ഏതാനും വരികള്‍ പരിഭാഷപ്പെടുത്തുന്നു.

‘ജീവിക്കാനുള്ള വ്യഗ്രതയില്‍ എനിക്ക് ജീവിതം തന്നെ നഷ്ടപ്പെട്ടു
എങ്ങനെ ജീവിക്കണമെന്ന് ഇനിയും ഞാന്‍ പഠിക്കേണ്ട പാഠമാണ്
കയ്പു നിറഞ്ഞ ഈ കാസാ ഒഴിഞ്ഞുപോകാനല്ല എന്റെ പ്രാര്‍ത്ഥന
അതിന്റെ ആഴമറിയാനുള്ള കാഴ്ചയും ഉള്‍ക്കാഴ്ചയും തരണമേയെന്നാണ്
തിരമാലകള്‍ നിറഞ്ഞയെന്‍ നൗകയാത്രയില്‍ ചുഴിയില്‍ താഴാതെ,
ദൈവമേ, നീയെന്‍ കരം പിടിച്ചു ശാന്തിയില്‍ തീരത്തെത്തിക്കേണമെ!’

ഉറക്കത്തിലാണെങ്കില്‍പ്പോലും പക്ഷികളോടും പ്രകൃതിയോടും സെന്റ് ഫ്രാന്‍സിസിനെപ്പോലെ സംസാരിക്കാന്‍ സാധിച്ചത് എന്റെ തീര്‍ത്ഥാടനയാത്രയിലെ അനഗ്രഹങ്ങളിലൊന്നായിരുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ