യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 17-ാം ദിവസം – വി. ഫ്രാന്‍സിസ് സേവ്യര്‍ മാമ്മോദീസ സ്വീകരിച്ച ദേവാലയം

കുറെയധികം പ്രയാസം തോന്നിയെങ്കിലും ഞങ്ങള്‍ താമസിച്ച സത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ സ്ഥിതിചെയ്തിരുന്ന ഇടവകപ്പള്ളിയിലെ വൈകുന്നേരത്തെ കുര്‍ബാനയ്ക്കു പോകാന്‍ ജാംപൗളോയും ഞാനും തീരുമാനിച്ചു. ഒരു ഓര്‍മ്മകുര്‍ബാന ആയിരുന്നതിനാല്‍ ധാരാളം ആളുകള്‍ അന്ന് പള്ളിയില്‍ ഉണ്ടായിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള (Basilica de la Santisima) ആ ബസിലിക്ക 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതായിരുന്നു. അവിടുത്തെ അച്ചന്റെ ആവശ്യപ്രകാരം കുര്‍ബാന കൊടുക്കുന്നതിനുള്ള എന്റെ പരിശ്രമം കാലിലെ വേദന കാരണം പരാജയപ്പെട്ടു. ചമയമുറിയില്‍ (Sacristy) വച്ച് തിരുവസ്ത്രങ്ങള്‍ മാറ്റുന്ന സമയത്ത് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ അവിടുത്തെ അച്ചന്‍ എന്നോട് സംസാരിച്ചു.

ഇന്ത്യയില്‍ നിന്നു വരുന്ന വൈദികന്‍ എന്ന നിലയില്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യമെന്ത് അറിയാമോ എന്ന് അദ്ദേഹം തിരക്കി. സ്‌പെയിനിലെ നാവാരേ (Navarre) എന്ന പ്രദേശത്തെ ഒരു ഗ്രാമമാണെന്ന് അറിയാമെന്ന് ഞാനും പറഞ്ഞു. ഇന്ത്യയുടെ ‘രണ്ടാം അപ്പസ്‌തോലനായ’ ഫ്രാന്‍സിസ് സേവ്യറിനെ മാമ്മോദീസാ മുക്കിയ ദൈവാലയമാണിതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവാച്യമായ ഒരു സന്തോഷം എനിക്കുണ്ടായി. ഫ്രാന്‍സിസ് ജനിച്ച ഹാവിയേര്‍ (Javier) എന്ന ഗ്രാമം അവിടെ നിന്നും ഏതാനും കിലോമീറ്റര്‍ അകലത്തിലാണ് – (In Spanish ‘Ja’ is pronounced ‘Ha’þ Javier ഇംഗ്ലീഷില്‍ Xavier ആയി മാറിയതാണ്).

വലിയൊരു പ്രഭുകുടുംബത്തിലാണ് ഫ്രാന്‍സിസ് ജനിച്ചുവളര്‍ന്നത്. അദ്ദേഹം ജനിച്ച കൊട്ടാരം (Castle) ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈശോസഭാ സന്യാസ സമൂഹം ഇപ്പോള്‍ അതു വാങ്ങി ഒരു സ്മാരകമായി സംരക്ഷിച്ചുപോരുന്നു. എന്റെ ആ ദിവസത്തെ യാത്രയെ അര്‍ത്ഥവത്താക്കാനും, തളര്‍ന്ന കാലിനെ ബലപ്പെടുത്താനും മതിയായ എല്ലാ അറിവുകളും ഈ വൃത്താന്തത്തിലുണ്ടായിരുന്നു.

കുര്‍ബാനയും ഭക്ഷണവും കഴിഞ്ഞ് അന്തിയുറങ്ങുന്ന സത്രത്തില്‍ തിരികെ എത്തിയപ്പോള്‍ ഞങ്ങളെയും കാത്ത് സത്രം നടത്തിപ്പുക്കാരനായ ബ്ര. ഡൊമിംഗോ (Domingo) വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു. മരിയനിസ്റ്റ് (Marianist) സന്യാസ സമൂഹത്തിലെ അംഗമായിരുന്ന അദ്ദേഹം മദ്ധ്യ അമേരിക്കയിലെ പല രാജ്യങ്ങളിലും മിഷനറിയായി സേവനം ചെയ്തിരുന്നു. ഒരു അച്ചന്റെ ഞായറാഴ്ച പ്രസംഗം കേട്ട് അറിയാതെ ഉറങ്ങിപ്പോകുന്ന വിശ്വാസിയുടെ അവസ്ഥയിലായിരുന്നു ഡൊമിംഗോയുടെ വീരസാഹസിക മിഷനറി കഥകള്‍ ഞാന്‍ കേട്ടത്.

ഈ ‘പാവപ്പെട്ട ഇന്ത്യാക്കാരന്റെ’ ദയനീയാവസ്ഥ കണ്ടിട്ടാവണം തന്റെ വാക്കുകളെക്കാള്‍ ആശ്വാസം തരുമെന്നു കരുതിയ മരുന്നിന്റെ ‘നിക്ഷേപ പാത്രങ്ങള്‍’ തുറന്ന് ഒരു ഗാത്രാനുലേപിനി (Ointment) അദ്ദേഹം തന്നെ എന്റെ കാലില്‍ പുരട്ടി തിരുമ്മിത്തന്നു. ബാക്കിവന്നത് ഭാവിയിലെ ഉപയോഗത്തിനായി എന്നെത്തന്നെ ഏല്‍പിച്ചു. വലിയ മനസ്സിനുടമയായ അദ്ദേഹത്തിന്റെ മുമ്പില്‍ ഞാന്‍ ചെറുതാകുന്നതായി എനിക്കു തോന്നി.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍ 

(തുടരും …)