യാക്കോബിന്‍റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 15-ാം ദിവസം – പെദ്രോ പകര്‍ന്നുതന്ന പാഠങ്ങള്‍

പെദ്രോയോട് സംസാരിച്ചു നടന്നതിനാല്‍ യാത്രയുടെ വേദനയും ക്ഷീണവും അറിഞ്ഞതേയില്ല. കാട്ടുചെടികള്‍ക്കിടയിലൂടെ ആ മലമുകള്‍ വരെയുള്ള യാത്ര മനോഹരമായിരുന്നു. താഴേക്കൂടി പോയിരുന്ന മേഘങ്ങളെ നോക്കിയാല്‍ തലേരാത്രിയില്‍ ദൈവം എനിക്കുവേണ്ടി ആകാശത്ത് വരച്ച ചിത്രങ്ങളാണോ എന്ന് തോന്നിപ്പോകുമായിരുന്നു. അതിനിടയില്‍ക്കൂടി കടന്നുവന്ന പ്രകാരശ്മികള്‍ പ്രകൃതിയെ മാത്രമല്ല, തീര്‍ത്ഥാടകന്റെ മനസിനെയും ആനന്ദിപ്പിക്കുന്നതായിരുന്നു. ചിലപ്പോഴെങ്കിലും അന്ധകാരം ആവരണം ചെയ്തിരുന്ന എന്റെ ജീവിതത്തെയും ദൈവം അയയ്ക്കുന്ന ആത്മീയരശ്മികളാല്‍ പ്രകാശപൂരിതമാക്കുന്നതും ഞാനറിഞ്ഞു.

ഇന്നലെ പെയ്ത മഞ്ഞുതുള്ളികള്‍ വഴിയരികില്‍ നിന്ന മരച്ചില്ലയിലെ ചിലന്തിവലയില്‍ തങ്ങിനിന്ന് അതിനെ വെളുത്ത രത്‌നക്കല്ലിനാല്‍ ആവരണം ചെയ്തതു പോലെ പ്രകാശിപ്പിച്ചു. അപകടകാരിയായ ചിലന്തി സൃഷ്ടിച്ച വല പോലും ഇത്ര മനോഹരമാക്കി മാറ്റിയ ദൈവത്തിന് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു.

എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരുടെ കൂടെ നടന്ന് അവരുടെ ഹൃദയങ്ങളെ യേശു ജ്വലിപ്പിച്ചതു പോലെ, പ്രാര്‍ത്ഥിച്ച് ജീവിതാനുഭവങ്ങള്‍ പങ്കുവച്ച ഞങ്ങളുടെ ഹൃദയങ്ങളെയും ദൈവം അന്നേദിവസം പ്രകാശിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. അന്നത്തെ എന്റെ യാത്ര അവസാനിച്ചപ്പോള്‍ ഞാന്‍ ബാഗില്‍ കരുതിയിരുന്ന രണ്ടാമത്തെ ജപമാലയെടുത്ത് ആശീര്‍വദിച്ചു. ആരുമറിയാതെ ഞാന്‍ പെദ്രോയ്ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു: ‘ഇത് ദൈവത്തില്‍ നിന്നും പെദ്രോയുടെ അമ്മയ്ക്കുള്ള അടയാളം ആണ്. കാരണം, ദൈവം അവളെ ഒരുപാട് സ്‌നേഹിക്കുന്നു.’

അനുജന്റെ കഥ പറഞ്ഞപ്പോള്‍ പൊഴിയാനായി വെമ്പല്‍പൂണ്ട പെദ്രോയുടെ കണ്ണീര്‍ അപ്പോള്‍ എന്റെ കാലില്‍ വീണുചിതറി. എന്നെ ആലിംഗനം ചെയ്തുകൊണ്ട് ‘ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി അദ്ദേഹത്തിന് ഇന്നത്തെ യാത്ര മാറി’ എന്ന് എന്നോട് പറഞ്ഞു. ‘ഒരുപക്ഷേ, ദൈവത്തെ കൂടുതല്‍ അറിയണമെന്നുകൂടി ഇതിലൂടെ ദൈവം എന്നോട് പറയുന്നതായിരിക്കും’ പെദ്രോ പറഞ്ഞു.

ഞാനറിയാതെ എന്റെ കൈയിലിരുന്ന മറ്റേ ജപമാലയെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഒരു പുരോഹിതന്‍ എന്ന നിലയില്‍ എന്തെങ്കിലുമൊക്കെ ആത്മീയ അടയാളങ്ങള്‍ കൂടെയുണ്ടാവണമല്ലോ! നടന്നുതളര്‍ന്ന കാലിന്റെ വേദനയെ മറക്കത്തക്ക ആത്മീയശക്തി അപ്പോള്‍ ദൈവം ഞങ്ങളിലേയ്ക്ക് സന്നിവേശിപ്പിക്കുന്നതായി എനിക്ക് തോന്നി.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍ 

(തുടരും …)