യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 14-ാം ദിവസം – പെദ്രോ എന്ന സഹയാത്രികന്റെ നൊമ്പരങ്ങള്‍

സ്‌പെയിനിന്റെ തെക്കേ അറ്റത്തുള്ള സെവില്‍ (Seville) എന്ന നഗരത്തിനടുത്തു നിന്നാണ് പെദ്രോ (Pedro) വരുന്നത്. ഏകദേശം 7 ലക്ഷത്തിലധികം ജനസംഖ്യയുള്ള സെവില്‍, സ്‌പെയിനിലെ നാലാമത്തെ വലിയ നഗരമാണ്. ഇന്ത്യയില്‍ നാലഞ്ചു കുടുംബങ്ങള്‍ കൂടിയാല്‍ അതില്‍ കൂടുതല്‍ ആളുകള്‍ കാണുമെന്ന് തമാശയായി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നെ പരിചയപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാന്‍ ഞാനും താല്‍പര്യം പ്രകടിപ്പിച്ചു.

ഏകദേശം ആറായിരം ജനങ്ങളുള്ള തന്റെ ചെറിയ പട്ടണത്തിലെ ബാന്‍ഡ് ട്രൂപ്പിന്റെ സംവിധായകനും നടത്തിപ്പുക്കാരനുമാണ് പെദ്രോ. അതുകൂടാതെ, അവിടെയുള്ള ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായും ജോലി ചെയ്യുന്നു. ഈ രണ്ട് വിഷയവും അദ്ദേഹം യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചതാണ്. സംഗീതം അദ്ദേഹത്തെ സംബന്ധിച്ച് ജീവിതമാണ്. മനുഷ്യഹൃദയത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷമങ്ങളെയും പ്രയാസങ്ങളെയും അലിയിച്ചുകളയാന്‍ സംഗീതത്തിന് കഴിയുമെന്ന് പെദ്രോ പറയുന്നു. അത്രമാത്രം അലിഞ്ഞില്ലാതാകാനുള്ള ദുഃഖങ്ങള്‍ ഈ ചെറുപ്രായത്തില്‍ എങ്ങനെ തന്റെ ജീവിതത്തില്‍ കടന്നുകൂടി എന്ന് പെദ്രോ എന്നോട് വിവരിച്ചു.

അപ്പനും അമ്മയും രണ്ട് ആണ്‍മക്കളുമുള്ള സന്തുഷ്ഠകുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അമ്മ വളരെ ഭക്തയായ സ്ത്രീയാണ്. സാധിക്കുമെങ്കില്‍ എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ ശ്രമിക്കും. ‘രാത്രിയായിരിക്കുമ്പോഴും പ്രകാശം അധികം താമസിയാതെ വരുമെന്ന് പ്രത്യാശിക്കുന്ന ഒരു ചെറുകിളിയുടെ അത്രയും ആഴമായ വിശ്വാസം’ തന്റെ അമ്മയ്ക്കുണ്ടെന്ന് പെദ്രോ പറയുന്നു. അപ്പന്‍ കല്‍ക്കരിഖനിയിലെ തൊഴിലാളിയായിരുന്നു. കഠിനാദ്ധ്വാനമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. പെദ്രോയുടെ ബാന്‍ഡ് ട്രൂപ്പില്‍ അപ്പനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംഗീതം അത്ര പോരായെന്ന് തോന്നിയതിനാല്‍ ചെണ്ട (Drum) കൊട്ടാന്‍ മാത്രമേ പെദ്രോ അനുവദിച്ചിരുന്നുള്ളൂ. അതിന് ‘ധും.. ധും.. ധുംധുംധും..’ എന്നുമാത്രം കൊട്ടിയാല്‍ മതിയാകും. പെദ്രോയോട് ദേഷ്യം വരുമ്പോള്‍ അതുപോലും അപ്പന്‍ തെറ്റിച്ചടിക്കുമായിരുന്നു എന്നും പെദ്രോ പറഞ്ഞു.

പെദ്രോയുടെ ഏറ്റവും വലിയ സന്തോഷം, അദ്ദേഹത്തെക്കാള്‍ രണ്ട് വയസ് കുറവുള്ള അനുജനായിരുന്നു. ഇവര്‍ രണ്ടുപേരും എല്ലാം ഒരുമിച്ചായിരുന്നു ചെയ്തിരുന്നത്. മലകയറാന്‍ പോകുന്നതും സംഗീതപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നതുമെല്ലാം ജ്യേഷ്ഠാനുജന്മാര്‍ ഒന്നിച്ചായിരുന്നു. അങ്ങനെ ജീവിതം സന്തോഷകരകമായി പോകുന്ന അവസരത്തില്‍ 21-ാമത്തെ വയസ്സില്‍ അനുജന് കാന്‍സര്‍ പിടിപ്പെടുന്നു. രോഗിയായതിനു ശേഷവും അവര്‍ ഒരുപാട് യാത്രകള്‍ ഒന്നിച്ചു നടത്തി. ഒരിക്കല്‍ പെദ്രോയും അനുജനും സാന്റിയാഗോയില്‍, യാക്കോബിന്റെ കബറിടത്തില്‍ 800 കിലോമീറ്ററോളം കാറില്‍ യാത്ര ചെയ്തു വന്നു. അവിടെവച്ച് അനുജന്‍ പെദ്രോയോട് തന്റെ ആഗ്രഹം പറഞ്ഞു. ‘രോഗം സുഖപ്പെടുമ്പോള്‍ സാന്റിയാഗോ തീര്‍ത്ഥാടനം പദയാത്രയായി നടത്തും.’

പതിനെട്ട് മാസങ്ങള്‍ക്കു മുമ്പ്, ആറു വര്‍ഷക്കാലം കാന്‍സര്‍ രോഗത്തോട് പടപൊരുതി അദ്ദേഹം മരിച്ചു. അനുജന്‍ ബാക്കിവെച്ച ആഗ്രഹം പൂര്‍ത്തീകരിക്കാനായി അനുജന്റെ ഓര്‍മ്മകളും പേറി പെദ്രോ, സാന്റിയാഗോയ്ക്ക് നടക്കുകയാണ്. അദ്ദേഹത്തിന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന അനുജന്റെ ഫ്രെയിം ചെയ്ത ചെറിയ ഒരു കളര്‍ഫോട്ടോ അദ്ദേഹം എനിക്ക് കാണിച്ചുതന്നു. തന്റെ കഥ എന്നോട് വിവരിച്ചപ്പോള്‍ അറിയാതെ പെദ്രോയുടെ നയനങ്ങള്‍ ഈറനണിയുന്നത് ഞാന്‍ കണ്ടു. എന്റെ കണ്ണില്‍ നിന്നും അടര്‍ന്നുവീണ രണ്ടുതുള്ളി കണ്ണീര്‍ അനേകം വിശുദ്ധര്‍ നടന്നുപോയ ആ പാവനപാതയിലെ മണ്ണില്‍ വീണുചിതറി. പെദ്രോ കാണാതെ ഞാന്‍ എന്റെ കണ്ണ് തുടച്ചു.

‘പാദ്രേ മത്തെയോ, ഞാനൊരു വലിയ വിശ്വാസിയൊന്നുമല്ല. പക്ഷേ, ജനിക്കുന്ന എല്ലാവരും ഒരിക്കല്‍ മരിക്കണമെന്ന് എനിക്കറിയാം.’ അദ്ദേഹം എന്നോട് തുടര്‍ന്നു പറഞ്ഞു: ‘മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന് നാം അറിയാതെ ചോദിച്ചുപോകും.’ എനിക്കറിയാവുന്ന തരത്തിലൊക്കെ പെദ്രോയ്ക്ക് ഞാന്‍ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ വിശദീകരിച്ചു കൊടുത്തു.

‘ഒരാളുടെ ജീവിതത്തിന് അര്‍ത്ഥം വരുന്നത്, അയാള്‍ അര്‍ത്ഥവത്തായി ജീവിക്കുമ്പോഴാണ്. അദ്ദേഹത്തിന്റെ അമ്മ തന്നെയാണ് അതിന് വലിയ ഉദാഹരണം.’ അനുജന്റെ മരണം ഏറ്റവും ഉലച്ചത് അമ്മയെ ആയിരുന്നു എന്ന് പെദ്രോ എന്നോടു പറഞ്ഞിരുന്നു. എന്നാല്‍, തന്റെ വിശ്വാസജീവിതത്തിന്റെ ശക്തികൊണ്ട് ആ ദുഃഖത്തെ അതിജീവിക്കാന്‍ ആ അമ്മയ്ക്ക് സാധിച്ചു.

പെദ്രോയുടെ അമ്മയ്ക്ക് ഇളയമകന്റെ മരണശേഷം, പെദ്രോ ദൂരെ എവിടെയെങ്കിലും പോകുന്നത് ഇഷ്ടമല്ല. എന്നാല്‍ സാന്റിയാഗോ തീര്‍ത്ഥാടനത്തിന് സന്തോഷത്തോടെയാണ് പറഞ്ഞയച്ചത്. അമ്മ സ്‌നേഹപൂര്‍വ്വം കൊടുത്തുവിട്ട ചില ഭക്ഷണസാധനങ്ങള്‍ അദ്ദേഹം ഞാനുമായി പങ്കുവെച്ചു. ഒരു അമ്മയുടെ സ്‌നേഹത്തില്‍ പാകം ചെയ്‌തെടുത്ത ഭക്ഷണത്തിന്റെ ആസ്വാദ്യത വളരെ വലുതായിരുന്നു. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്ന ചില തത്വങ്ങള്‍ അനുജന്റെ മരണത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം എന്നോട് പങ്കുവച്ചു. ‘ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരുവന് തന്റെ ദുഃഖവും സ്‌നേഹവും പ്രകടിപ്പിക്കാനും അതിനപ്പുറത്തേയ്ക്ക് പോകാനും കഴിയണം. ചിലപ്പോള്‍ ഞാന്‍ നിത്യവും ചെയ്യുന്ന ജീവിതാനുഷ്ഠാനങ്ങളില്‍ നിന്ന് മാറി ഇങ്ങനെയൊക്കെ നടക്കാനും സാധിക്കണം. കാരണം, നമ്മിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ദൈവം പ്രകൃതിയില്‍ തന്നെ ഒരുക്കിയിട്ടുണ്ട്.’

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)