യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 11-ാം ദിവസം – തീര്‍ത്ഥാടകന്റെ ഒരു ദിവസം

സാധാരണയായി സാന്റിയാഗോ തീര്‍ത്ഥാടകരെല്ലാം തന്നെ അതിരാവിലെ യാത്ര ആരംഭിക്കുകയാണ് പതിവ്. എന്നാല്‍, വളരെ വിരളമായി താമസിച്ചെഴുന്നേറ്റ് നടക്കുന്നവരെയും യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. വളരെ വേഗത്തില്‍ നടക്കുന്നവരും സാവധാനം നടക്കുന്നവരും അക്കൂട്ടത്തിലുണ്ട്. ഒരിക്കല്‍ രാവിലെ 4 മണിക്ക് ഉണര്‍ന്ന് ഉച്ചയ്ക്കു മുമ്പായി 40 കിലോമീറ്ററിലധികം നടക്കുന്ന ഫ്രഞ്ചുകാരനായ ഒരു തീര്‍ത്ഥാടകനെയും കാണാനിടയായി.

ഓരോ ദിവസവും എത്ര കിലോമീറ്റര്‍ നടക്കണമെന്നത് പല കാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. പ്രധാനമായും താമസസ്ഥലത്തിന്റെ ലഭ്യതയനുസരിച്ച് യാത്രയുടെ നീളം കൂടുകയും കുറയുകയും ചെയ്യും. മിക്ക ദിവസങ്ങളിലും രാവിലെ 5:00 നും 5:30 നും ഇടയ്ക്കുള്ള സമയത്ത് ഉറക്കമുണര്‍ന്ന് രാവിലെ തന്നെ യാത്ര തുടങ്ങുന്ന പതിവായിരുന്നു രണ്ട് തീര്‍ത്ഥാടനയാത്രകളിലും ഞാന്‍ അനുവര്‍ത്തിച്ചു പോന്നിരുന്നത്. രണ്ട് യാത്രയിലും ഇറ്റലിക്കാരനായ ജാം പൗളോയോടൊത്താണ് ഞാന്‍ തീര്‍ത്ഥാടനം നടത്തിയതും. എന്റെ ‘ഫ്രഞ്ച് കമീനോ’യുടെ ആരംഭത്തില്‍ അവിചാരിതമായി കണ്ടുമുട്ടിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ രണ്ടുപേരും കൂടി നടത്തിയ ഇരുയാത്രകളെയും കുറിച്ച് ഇറ്റാലിയന്‍ ഭാഷയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രധാന കഥാപാത്രമായി എന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യാത്ര ചെയ്ത് ക്ഷീണിക്കുമ്പോള്‍ ഞാന്‍ പതിവായി പറയാറുണ്ടായിരുന്ന ‘ഇത് പാവപ്പെട്ട ഒരു ഇന്ത്യാക്കാരന് കുറെ കഠിനമാണ്’ (This is too much for a poor Indian) എന്ന വാചകം അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജാം പൗളോയെക്കുറിച്ച് പിന്നീട് വിശദമായി പറയുന്നതാണ്.

രാവിലെ, പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം സോക്‌സ് ധരിക്കുന്നതിനു മുമ്പായി കാലില്‍ വാസലിന്‍ പുരട്ടും. തുടര്‍ച്ചയായ നടത്തത്തിനിടയില്‍ കാല്‍വിരലുകളും പാദവും ഷൂസുമായി ഉരസി പൊട്ടാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എങ്കില്‍പ്പോലും ഒന്നില്‍ കൂടുതല്‍ തവണ എന്റെ കാല്‍ ഉരഞ്ഞുപൊട്ടുകയും അത് നടത്തത്തിന്റെ വേഗതയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആ വേളയിലൊക്കെ എന്നെ ശുശ്രൂഷിച്ച് രക്ഷപെടുത്തിയത് സഹയാത്രികനായ ജാം പൗളോയാണ്. എല്ലാ ദിവസവും യാത്ര ആരംഭിക്കുന്നതിനു മുമ്പായി തീര്‍ത്ഥാടകന്റെ പ്രാര്‍ത്ഥന, ഞാനും ജാം പൗളോയും ഒരുമിച്ച് ചൊല്ലുമായിരുന്നു. പ്രാര്‍ത്ഥനയുടെ മലയാളം പരിഭാഷ താഴെ കൊടുക്കുന്നു:

‘പിതാവായ അബ്രഹാമിനെ കല്‍ദായ ദേശത്തു നിന്ന് വിമോചിപ്പിക്കുകയും അവന്റെ സഞ്ചാരങ്ങളില്‍ അവനെ സഹായിക്കുകയും ചെയ്ത ദൈവമേ, അങ്ങ് യഹൂദജനതയെ അവരുടെ മരുഭൂമിയിലെ യാത്രയില്‍ വഴിനടത്തിയതു പോലെ അങ്ങയുടെ ദാസരായ ഞങ്ങളെയും ഈ യാത്രയില്‍ കാത്തുകൊള്ളേണമെ. നിന്റെ സ്‌നേഹത്തില്‍ ആയിരുന്നുകൊണ്ട് ‘യാക്കോബിന്റെ വഴിയിലൂടെ’ ഞങ്ങള്‍ സഞ്ചരിക്കട്ടെ.

ഈ യാത്രയില്‍ കൂട്ടാളിയും, ഉപമാര്‍ഗ്ഗങ്ങളില്‍ പരിചാരകരും, ആലസ്യങ്ങളില്‍ ഇളംകാറ്റും, അപകടങ്ങളില്‍ തുണയും, യാത്രയ്ക്ക് വിശ്രമിക്കാനുള്ള സത്രവും, ഉഷ്ണത്തില്‍ രക്ഷയേകും തണലും, അന്ധകാരമകറ്റുന്ന പ്രകാശവും, നിരാശയില്‍ ആശ്വാസവും, നിയോഗങ്ങളില്‍ ബലവും നീ തന്നെയായിരുന്ന് ഞങ്ങളോടൊത്ത് യാത്ര ചെയ്യേണമെ. നിന്റെ തണലില്‍ സുരക്ഷിതരായി ആരോഗ്യത്തോടെ യാത്രയുടെ അന്ത്യത്തില്‍ എത്തിച്ചേരുന്നതിനും നിന്റെ കൃപയാല്‍ നിറഞ്ഞ് പുണ്യത്തില്‍ പൂരിതരായി സന്തോഷത്തോടെ ഭവനങ്ങളില്‍ തിരികെയെത്തുവാനും ഞങ്ങളെ സഹായിക്കേണമെ. ഞങ്ങളുടെ രക്ഷിതാവായ യേശുക്രിസ്തുവിന്റെ നാമത്തില്‍. ആമ്മേന്‍.

അപ്പസ്‌തോലനായ യാക്കോബേ, പരിശുദ്ധ മറിയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.’

ഈ പ്രാര്‍ത്ഥന ഞങ്ങളുടെ യാത്രയ്ക്ക് വലിയ ശക്തി നല്‍കിയിരുന്നുവെന്ന് നിസംശയം സാക്ഷ്യപ്പെടുത്തുവാന്‍ എനിക്ക് സാധിക്കും. ഒരിക്കല്‍പ്പോലും ഈ പ്രാര്‍ത്ഥന ചൊല്ലാതെ ഞങ്ങളുടെ യാത്ര ആരംഭിച്ചിട്ടുമില്ല. അല്‍പനേരം തനിയെ നടന്നശേഷം ഞാനും പൗളോയും ചേര്‍ന്ന് ഒരുമിച്ച് ജപമാല ചൊല്ലും. അത് അവസാനിക്കുമ്പോള്‍ മാര്‍പാപ്പയുടെ നിയോഗത്തിലേയ്ക്കായി ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ചൊല്ലി സമര്‍പ്പിക്കും. തുടര്‍ന്നുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ അവരവരുടെ സൗകര്യാര്‍ത്ഥം ചൊല്ലുകയാണ് ചെയ്യുന്നത്.

സാധാരണയായി എപ്പോഴും ജപമാല ചൊല്ലി നടക്കുകയായിരുന്നു എന്റെ പതിവ്. അതുപോലെ തന്നെ ഓരോ ദിവസവും ഒരു നിയോഗം ദൈവത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ ഓരോ ദിവസത്തെയും യാത്ര കഴിഞ്ഞെത്തുന്ന സ്ഥലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടെങ്കില്‍ അതില്‍ സംബന്ധിക്കും. താമസിക്കുന്ന സ്ഥലങ്ങളില്‍ സൗകര്യമുണ്ടെങ്കില്‍ അങ്ങനെയും ചൊല്ലുന്നതാണ്. ചുരുക്കം ചില ദിവസങ്ങളില്‍ താമസിക്കുന്ന സ്ഥലത്തെ അപര്യാപ്തത കൊണ്ട് കുര്‍ബാന ചൊല്ലാന്‍ സാധിക്കാതെയും വന്നിട്ടുണ്ട്.

രാവിലെ ആദ്യം കാണുന്ന കടയില്‍ കയറി കാപ്പി കുടിക്കുക പതിവായിരുന്നു. ചില ദിവസങ്ങളില്‍ പത്ത് കിലോമീറ്റര്‍ നടന്നെങ്കില്‍ മാത്രമേ ഒരു കട കണ്ടെത്തുവാന്‍ സാധിക്കുമായിരുന്നുള്ളൂ. ഉച്ചക്കത്തെ ഭക്ഷണം മിക്കപ്പോഴും കടയില്‍ നിന്ന് വാങ്ങുന്ന പഴങ്ങളും ബ്രഡ്ഡും ഒക്കെയായിരുന്നു. വൈകുന്നേരം മാത്രമാണ് വയറുനിറയെ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നത്. കയ്യില്‍ കരുതിയിരുന്ന കുപ്പിവെള്ളം എപ്പോഴും ജീവജലമായി ഞങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. യാത്ര, ജൂണ്‍ മാസത്തിലായിരുന്നതിനാല്‍ പഴങ്ങളൊക്കെ പാകമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. വഴികളിലെല്ലാം ധാരാളം മുന്തിരിത്തോട്ടങ്ങളും ആപ്പിള്‍, ചെറി തോട്ടങ്ങളും ഒക്കെയുണ്ട്. ചിലപ്പോഴൊക്കെ വിശപ്പ് കൊണ്ട് പാകമാകാത്ത പഴങ്ങളും ഞങ്ങള്‍ കഴിക്കാറുണ്ടായിരുന്നു. റോഡ് സൈഡിലുള്ള പഴങ്ങള്‍ പറിക്കുന്നത് ‘തീര്‍ത്ഥാടകന്റെ അവകാശം’ പോലെയായിരുന്നു. വിശന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വാദും ദാഹിച്ചു കുടിക്കുന്ന ജലത്തിന്റെ രുചിയും വളരെ വലുതായിരുന്നു.

താമസ സൗകര്യം

തീര്‍ത്ഥാടനപാതയിലെല്ലാം താമസത്തിനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. പഞ്ചായത്തുകളും പള്ളികളും സ്വകാര്യവ്യക്തികളുമൊക്കെ നടത്തുന്ന സ്ഥലങ്ങളില്‍ ചിലതൊക്കെ സൗജന്യമായിരുന്നു. പല തട്ടുകളായി കിടക്കകള്‍ ക്രമീകരിച്ചിരിക്കുന്ന അത്തരം ഭവനങ്ങളെ സ്പാനിഷ് ഭാഷയില്‍ ‘അല്‍ബേര്‍ഗ്’ (Albergue) എന്നാണ് വിളിച്ചിരുന്നത്. അല്‍ബേര്‍ഗില്‍ തീര്‍ത്ഥാടകര്‍ക്കു മാത്രമാണ് സ്ഥലം ലഭിച്ചിരുന്നത്. അതിന് പാസ്‌പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ രേഖയും തീര്‍ത്ഥാടകന്റെ സീല്‍ ചെയ്യുന്ന രേഖയും കാണിക്കണമായിരുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കുളിക്കാനും തുണിയലക്കി ഉണക്കാനുമുള്ള അത്യാവശ്യ സൗകര്യങ്ങളും ലഭ്യമാണ്.

സാധാരണ ഗതിയില്‍ ഒരു സ്ഥലത്തു ചെന്നാല്‍ ആദ്യം ചെയ്യുന്നത് തുണി അലക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്നു. ഒരുപാട് പേര്‍ ഒരുമിച്ചുറങ്ങുന്ന വലിയ കേന്ദ്രങ്ങളില്‍ ഉറങ്ങുകയെന്നത് ചിലപ്പോഴൊക്കെ സാഹസം പിടിച്ച ഏര്‍പ്പാടായിരുന്നു. കൂര്‍ക്കം വലിക്കുന്ന തടിയന്മാരായ ആളുകളെ ധാരാളം ഈ യാത്രയില്‍ കണ്ടുമുട്ടിയിട്ടുണ്ട്. രാത്രിയുടെ നിശബ്ദതയില്‍ സംഗീതസാന്ദ്രമായി കടന്നുവരുന്ന ആ ശബ്ദങ്ങളെ പ്രതിരോധിക്കുവാനുള്ള ഉപാധികളും ഞാന്‍ കൈവശം കരുതിയിരുന്നു.

ഇതുവരെയും ഈ തീര്‍ത്ഥാടനത്തിനുള്ള ആമുഖം പറയുന്ന തിരക്കിലായിരുന്നു ഞാന്‍. ഇനിയും വരുന്ന കുറെ അധ്യായങ്ങളില്‍, പോയ വഴികളെക്കുറിച്ചും അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ചും കണ്ടുമുട്ടിയ ജീവിതങ്ങളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കാം എന്നാണ് കരുതുന്നത്. എല്ലാ ദിവസവും പകര്‍ത്തിയ ചിത്രങ്ങളും എഴുതിവച്ച കുറിപ്പുകളും ഈ ഉദ്യമത്തില്‍ എനിക്ക് സഹായിയാണ്. എല്ലാവരുടെയും യാത്രയ്ക്കു പിന്നില്‍ ജീവിതഗന്ധിയായ ഒരു കഥയുണ്ടായിരുന്നു. അവരുടെ കഥകള്‍ എന്റെ ജീവിതത്തിന്റെ ഭാഗമാവുകയും എന്റെ ജീവിതകഥകള്‍ പലരുമായും പങ്കുവച്ച് അവരുടെ കഥയുടെ ഭാഗമായി മാറിയതിന്റെയും ഒരു വിശകലനമാണ് ‘എന്റെ യാക്കോബിന്റെ വഴി’!

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)