യാക്കോബിന്റെ വഴി: തീര്‍ത്ഥാടന കുറിപ്പുകള്‍ 10-ാം ദിവസം – കയ്യില്‍ കരുതേണ്ട അത്യാവശ്യ സാധനങ്ങള്‍

തീര്‍ത്ഥാടനത്തിനാവശ്യമായ സാധനങ്ങള്‍ നേരത്തെ വാങ്ങുകയും പരിശീലനകാലത്തു തന്നെ അതുപയോഗിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഞാന്‍ നേരത്തെ പരിചയപ്പെടുത്തിയ ഫാ. മത്തെയോ, അദ്ദേഹം തീര്‍ത്ഥാടനത്തിനായി ഉപയോഗിച്ച ചില സാധനങ്ങള്‍ എനിക്കു തന്നു. ഇത്തരം സാധനങ്ങളൊക്കെ വാങ്ങുന്ന ഒരു കടയില്‍ കൊണ്ടുപോയി സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് അദ്ദേഹം എന്നെ സഹായിക്കുകയും ചെയ്തു. തീര്‍ത്ഥയാത്രയില്‍ ഏറ്റവും അത്യാവശ്യമായിരുന്ന പുറത്തു തൂക്കിയിടുന്ന വലിയൊരു ബാഗ് ഞങ്ങള്‍ വാങ്ങി. ഒരു മാസത്തെ യാത്രയില്‍ അത്യാവശ്യം ഉപയോഗിക്കേണ്ട എല്ലാ സാധനങ്ങളും അതില്‍ ഉള്‍ക്കൊള്ളിക്കണമായിരുന്നു. ദുര്‍ഘടപാതയിലൂടെയുള്ള നടത്തത്തിന് നല്ല ഷൂസും സോക്‌സും അത്യാവശ്യമായിരുന്നു. എന്റെ രണ്ട് തീര്‍ത്ഥാടനത്തിലും ഈ സാധനങ്ങള്‍ തന്നെയാണ് ഉപയോഗിച്ചത്. മൂന്നാമതൊരു യാത്രയ്ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിന് ഞാന്‍ ഇപ്പോഴും ഇവയെല്ലാം ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.

പുറത്തെ ബാഗില്‍ 10 കിലോയില്‍ കൂടുതല്‍ ഒരിക്കലും എടുക്കരുതെന്ന് അനുഭവസ്ഥര്‍ എന്നെ ഉപദേശിച്ചു. ഒരു ജോഡി വസ്ത്രങ്ങള്‍ പ്രത്യേകിച്ചും ഓരോ ദിവസത്തെ യാത്രയ്ക്കു ശേഷവും കഴുകിയുണക്കാന്‍ സാധിക്കുന്നവ, രാത്രിയില്‍ ഉറങ്ങുന്നതിനുള്ള പ്രത്യേക സ്ലീപ്പിംഗ് ബാഗ്, അത്യാവശ്യ പ്രഥമ ശുശ്രൂഷാ മരുന്നുകള്‍, കുര്‍ബാന ചൊല്ലുന്നതിനുള്ള സാധനങ്ങളടങ്ങിയ ചെറിയൊരു കിറ്റ്, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഞാന്‍ കൈയ്യില്‍ കരുതിയിരുന്നത്.
യാത്ര ആരംഭിച്ചതിനു ശേഷമാണ് മല കയറുന്നതിനും ഇറങ്ങുന്നതിനുമൊക്കെ സഹായിക്കുന്ന ഊന്നുവടി ആവശ്യമാണെന്നു തോന്നി വഴിയിലുള്ള ഒരു കടയില്‍ നിന്നും അത് വാങ്ങിയത്. പീന്നീടുള്ള എന്റെ യാത്രകളിലൊക്കെ സന്തതസഹചാരിയായിരുന്നു മടക്കി ഉപയോഗിക്കാവുന്ന ആ വടി.

രണ്ടാം തീര്‍ത്ഥാടനത്തിന്റെ അവസാനം വിമാനത്തവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വിമാനത്തില്‍ ഇത് അനുവദനീയമല്ലെന്നു പറഞ്ഞ് എടുത്തുകളഞ്ഞു. ആവശ്യത്തിലധികം സാധനങ്ങള്‍ കരുതിയത് ഒന്നാം യാത്രയില്‍ ക്ലേശങ്ങള്‍ക്ക് കാരണമായി. വഴിയില്‍ കണ്ട ചില സഹയാത്രികര്‍ വലിയ സഹതാപത്തോടെ നോക്കുന്നതും എന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഒരു മാസം, ഒരു ജോഡി വസ്ത്രം കൊണ്ട് ജീവിക്കുകയെന്നത് ഞാന്‍ വിചാരിച്ചതിലും എളുപ്പമായിരുന്നു. യാത്ര തുടങ്ങി ഏതാനും ദിവസത്തിനകം ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ലളിതജീവിതത്തിനുള്ള ഒരു പാഠശാലയായി ഈ യാത്ര മാറ്റുന്നുവെന്ന തിരിച്ചറിവ് എനിക്ക് പകര്‍ന്നുതന്നു. മറ്റുള്ളവരെ ‘പഠിപ്പിക്കാന്‍’ എപ്പോഴും സന്നദ്ധനായിരുന്ന എന്നെ, ദൈവം ചില പാഠങ്ങള്‍ പരിശീലിപ്പിക്കുവാന്‍ ഒരുക്കിയ വേദിയായിരുന്നു എന്റെ തീര്‍ത്ഥാടനം. ആവശ്യത്തില്‍ കൂടുതലായി കരുതുന്നതെന്തും യാത്രയെ ദുഷ്‌കരമാക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ ജീവിതയാത്രയില്‍, ജനിച്ചനാള്‍ മുതല്‍ തലയില്‍ കയറ്റിവച്ച ഭാരങ്ങള്‍ എന്റെ ജീവിതയാത്രയെ ക്ലേശകരമാക്കുമെന്ന തിരിച്ചറിവും എനിക്കുണ്ടായി. തീര്‍ത്ഥാടനത്തിന്റെ അവസാനം അവയില്‍ ചിലതെങ്കിലും എടുത്തുകളയുവാന്‍ സാധിക്കുമോയെന്ന് ഞാന്‍ ചിന്തിച്ചു. വാങ്ങിക്കൂട്ടുന്ന വസ്തുക്കളെക്കാള്‍ ആര്‍ജ്ജിച്ചെടുക്കുന്ന നന്മകളാണ് ജീവിതവിജയത്തിന് സഹായിക്കുക എന്നുള്ളത് എനിക്കറിയാമായിരുന്നു. പിന്നെന്തേ ആവശ്യമില്ലാത്തതൊക്കെ വീണ്ടുംവീണ്ടും ഞാന്‍ സ്വരുക്കൂട്ടുന്നത്.

പുറത്ത് കരുതിയ സഞ്ചിയുടെ ഭാരത്തെക്കാള്‍ ജീവിതഭാരം താങ്ങാന്‍ കഴിയാതെ അതൊക്കെ ഒന്ന് ഇറക്കിവയ്ക്കണമെന്ന് അതിയായി ആശിച്ചുനടക്കുന്ന ഒരുപാട് മനുഷ്യജന്മങ്ങളെ വഴിയില്‍ ഞാന്‍ കണ്ടുമുട്ടി. ഗ്രീക്ക് പുരാണകഥയില്‍, തന്റെ തലയില്‍ ലോകത്തിന്റെ മുഴുവന്‍ ഭാരവും പേറി നില്‍ക്കാന്‍ വിധിക്കപ്പെട്ടവാനാണ് അതിശക്തനായ അറ്റ്‌ലസ്. അതുവഴി വന്ന ഹെര്‍ക്കുലീസ്, അറ്റ്‌ലസിനെ സഹായിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ ഭാരമെല്ലാം വച്ചിട്ടുപോകാനുള്ള ഒരു വിഫലശ്രമം അറ്റ്‌ലസ് നടത്തുന്നുണ്ട്. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ച് അബദ്ധം പറ്റി കൂടുതല്‍ ഭാരം ചുമക്കുന്നവരെയും വഴിയാത്രയില്‍ കണ്ടുമുട്ടാനും സംസാരിക്കാനും എനിക്ക് ഇടയായിട്ടുണ്ട്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(തുടരും …)