സാന്താ മർത്താ ചാപ്പൽ: ഫ്രാൻസിസ് പാപ്പയുടെ സ്വകാര്യ ചാപ്പൽ

ഫ്രാൻസീസ് പാപ്പ അനുദിനം വിശുദ്ധ കുർബാന അർപ്പിക്കുന്ന ചാപ്പലിനെക്കുറിച്ചു ഒരു ചെറു വിവരണം. 

വിശുദ്ധ പത്രോസിന്റ ബസിലിക്കാ, സിസ്റ്റയിൻ ചാപ്പൽ, ലാറ്ററാൻ ബസിലിക്കാ, വിശുദ്ധ അന്നയുടെ ദൈവാലയം എന്നിവ റോമിൽ എത്തുന്ന തീർത്ഥാടകർക്കു സുപരിചിതമാണ്. എന്നാൽ വത്തിക്കാൻ എന്ന കൊച്ചു രാജ്യത്തിൻ പൊതുജനങ്ങൾക്കു എപ്പോഴും പ്രവേശനമില്ലാത്ത മറ്റു പ്രാർത്ഥനാ സ്ഥലങ്ങളുമുണ്ട്.

കുറച്ചു കാലം മുമ്പുവരെ വത്തിക്കാനിൽ അധികം പ്രശസ്തമല്ലാതിരുന്നതും ഇപ്പോൾ ലോകം എന്നും കാതോർക്കുന്നതുമായ ഒരു ചാപ്പൽ വത്തിക്കാനിലുണ്ട്, പരിശുദ്ധാത്മാവിന്റെ നാമയേത്തിലുള്ളതാണ് ഈ ചാപ്പൽ.

സാന്താ മാർത്ത ചാപ്പൽ എന്നും ഈ ചാപ്പൽ ഇരിക്കുന്ന ഭവനത്തിന്റെ പേരിൽ ഈ സ്വകാര്യ ചാപ്പൽ അറിയപ്പെടാറുണ്ട്. ഈ ചാപ്പലിൽ ആണ് ഫ്രാൻസിസ്  മാർപാപ്പ ദിവസവും ദിവ്യബലി അർപ്പിക്കുന്നത്. പാപ്പയുടെ അനുദിന ദൈവവചന വിചിന്തനങ്ങൾ കേൾക്കാൻ ലോകം കാതോർത്തിരിക്കുന്നു.

ഫ്രാൻസീസ് പാപ്പയുടെ ഭരണത്തിന്റെ ആരംഭം മുതലേ കാസ സാന്താ മാർത്തയാണ് താമസത്തിനായി തിരഞ്ഞെടുത്തത്. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പടിഞ്ഞാറുവശത്തു സ്ഥിതി ചെയ്യുന്ന ഈ ഭവനം നിർമ്മിച്ചത് 1996ലാണ്. കോൺക്ലോവിൽ പങ്കെടുക്കാൻ വരുന്ന കർദ്ദിനാൾമാരും മാർപാപ്പയുടെ അതിഥികളായി വരുന്നവരും താമസിക്കുന്നതു ഈ ഭവനത്തിലാണ്. സാന്താ മാർത്ത ഭവനത്തിലെ 201-ാം നമ്പർ റൂമിൽ താമസിക്കുന്ന മാർപാപ്പയ്ക്കു നാലു നിലകളിലായി 130 അയൽവാസികൾ ഉണ്ട്.

താഴത്തെ നിലയിലാണ് ചാപ്പൽ സ്ഥിതി ചെയ്യുന്നത്. ഓദ്യോഗികമായ മറ്റു വിശുദ്ധ കുർബാനകൾ ഇല്ലാത്തപ്പോൾ എല്ലാ ദിവസവും രാവിലെ എഴുമണിക്കു റോമാ രൂപതയുടെ മെത്രാനായ മാർപാപ്പ ഇവിടെ വിശുദ്ധ ബലി അർപ്പിക്കുന്നു. വത്തിക്കാനിൽ ജോലി ചെയ്യുന്ന ഏകദേശം അൻപതുപേരെങ്കിലും ഇവിടെ അനുദിന ദിവ്യബലിയിൽ പങ്കുചേരുന്നു.  2014 മുതൽ മാർപാപ്പയുടെ അഭ്യർത്ഥന പ്രകാരം റോമിലുള്ള കത്തോലിക്കർക്കു മാർപാപ്പയുടെ സ്വകാര്യ വിശുദ്ധ കുർബാന പങ്കു ചേരാൻ അവസരം കൈവന്നു. തൽഫലമായി റോമാ രൂപതയിലെ വൈദീകർക്കു തങ്ങളുടെ ഇടവകകാർക്കൊപ്പം അവരുടെ മെത്രാന്റ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ചു. എല്ലാ ദിവസവും 25 പേർക്കു ഇതിനുള്ള ഭാഗ്യമുണ്ട്.

പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവിനാണു ഈ ചാപ്പൽ സമർപ്പിച്ചിരിക്കുന്നത്. അൾത്താരക്കു മുകളിൽ “പരിശുദ്ധാത്മാവേ വരണമേ, നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ” എന്നു ലത്തീൻ ഭാഷയിൽ ആലേഖനം ചെയ്തിരിക്കുന്നു. ചാപ്പലും മുഴുവനും പരിശുദ്ധ ത്രിത്വത്തെ സൂചിപ്പിക്കാനായി ത്രികോണ രീതിയിലാണു രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർബിൾ കൊണ്ടുള്ള അൾത്താരയും സീലിങ്ങും തൂണുകളുമെല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നതു ഈ ലക്ഷ്യത്തോടെയാണ്. മാർബിൾ കൊണ്ടുള്ള ഫ്ലോർ ടൈലുകളിൽ വത്തിക്കാൻ പതാകയുടെ നിറമാണുള്ളത്.

അൾത്താരയുടെ വലതു വശത്തു ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്റെ അതിർത്തി മതിലിനു അഭിമുഖമായി ഒരു വലിയ ജനാലയുണ്ട്. വലതുവശത്തെ ഭിത്തിയിൽ കുരിശിന്റെ വഴിയുടെ സ്ഥലങ്ങൾ പതിപ്പിച്ചട്ടുണ്ട്. അൾത്താരയുടെ ഇടതു വശത്തായി ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പിച്ചിളയിൽ തീർത്ത തിരുസ്വരൂപം സ്ഥാപിച്ചിരിക്കുന്നു. ഈ തിരുസ്വരൂപത്തിലെ മറിയത്തിന്റെ ശിരസ്സു മാർപാപ്പ  അനുദിനവും വചനം പ്രഘോഷിക്കുന്ന വചനപീഠത്തിലേക്കു തിരിഞ്ഞിരിക്കുന്നു. 1997ൽ നൈറ്റ്സ് ഓഫ് കൊളബംസുകാർ  ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു സമ്മാനമായി നൽകിയ  ഒരു ചെറിയ ഓർഗണും ഈ ചാപ്പലിൽ ഉണ്ട്.

ചെറുതും നവീനവുമായ നിശബ്ദത തളം കെട്ടി നിൽക്കുന്നതുമായ ഈ ചാപ്പലിൽ പത്രോസിന്റെ പിൻഗാമി എന്നും വിശുദ്ധ ബലി അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. പലപ്പോഴും ഉച്ചതിരിഞ്ഞ് വ്യക്തിപരമായി ധ്യാനിക്കാൻ മാർപാപ്പ ഈ ചാപ്പലിൽ വരാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.