ക്രിസ്തുമസാചരണത്തിലെ ആഘോഷങ്ങളും, അടയാളങ്ങളും, പ്രതീകങ്ങളും- സാന്റാക്ലോസ്

നാലാം നൂറ്റാണ്ടില്‍ ഗ്രീസില്‍ ജീവിച്ചിരുന്ന ബിഷപ്പ് നിക്കോളാസാണ് ഇന്ന് വളരെ പ്രശസ്തമായിത്തീര്‍ന്നിരിക്കുന്ന സാന്റാക്ലോസ് അഥവാ ക്രിസ്തുമസ് പാപ്പ. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഠനത്തിന് ഇരയായ വി. നിക്കോളാസ് കോണ്‍സ്റ്റന്‍ന്റീന്റെ കാലത്ത് സ്വതന്ത്രനാവുകയും, നിഖ്യാ (A.D. 325) സുന്നഹദോസില്‍ സംബന്ധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ജന്മനാടായ ഗ്രീസില്‍ നിന്നും A.D. 1087- ല്‍ ഇറ്റാലിയന്‍ കച്ചവടക്കാര്‍ അദ്ദേഹത്തിന്റെ മൃതശരീരം മോഷ്ടിക്കുകയും ഇറ്റലിയിലെ ബാരിയിലുള്ള ഒരു പള്ളിയില്‍ സ്ഥാപിക്കുകയും ചെയ്തു.

ദാനശീലത്തിനു പേരുകേട്ട വ്യക്തിയായിരുന്നു വി. നിക്കോളാസ്. ഒരിക്കല്‍ ഒരു പാവപ്പെട്ട കര്‍ഷകന്‍ തന്റെ പ്രായപൂര്‍ത്തിയായ മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിച്ചപ്പോള്‍ വി. നിക്കോളാസ് രാത്രിയില്‍ അവിടെയെത്തി ജനലില്‍കൂടി ആരും കാണാതെ കല്യാണത്തിനാവശ്യമായ പണമടങ്ങിയ മൂന്നു പൊതികള്‍ ആ വീട്ടില്‍ നിക്ഷേപിച്ചു.

ഇംഗ്ലണ്ടിലും, ജര്‍മ്മനിയിലുമൊക്കെ തുടങ്ങിയ സാന്റാക്ലോസ് ആചാരം വളരെ പെട്ടെന്നു പാശ്ചാത്യരാജ്യങ്ങളിലെല്ലാം പ്രചരിച്ചു. 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് ചക്രവര്‍ത്തിയായ ഹെന്ററി 3-ാമന്‍ ക്രിസ്തുമസ് പാപ്പായുടെ വേഷത്തില്‍ ആളുകള്‍ക്ക് ദര്‍ശനം നല്കുകയും അദ്ദേഹത്തെ അനുകരിച്ച് ഈ ആചാരം ഇംഗ്ലീഷ് കോളനികളില്‍ വ്യാപിക്കുകയും ചെയ്തു.

ക്രിസ്തുമസിന്റെ തലേരാത്രിയില്‍ ധാരാളം സമ്മാനങ്ങളുമായി കുട്ടികളുള്ള വീട്ടിലെത്തുന്ന ആളായിട്ടാണ് സാന്റാക്ലോസിനെ ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും സ്വഭാവരീതിയനുസരിച്ചുള്ള സമ്മാനങ്ങളാണ് അദ്ദേഹം വീട്ടില്‍ കൊണ്ടുവയ്ക്കുന്നത്.  തടിച്ച ശരീരവും, കുടവയറും, കണ്ണാടിയും, വെളുത്ത താടി മീശയും, അദ്ദേഹത്തിന്റെ പ്രതേ്യകതയാണ്. ചുവപ്പും, വെളുപ്പുമുള്ള വസ്ത്രവും, കറുത്ത ബെല്‍റ്റും, ഷൂസും ധരിച്ച് കൈനിറയെ സമ്മാനങ്ങളുമായാണ് ക്രിസ്തുമസ് കാലത്ത് അദ്ദേഹം കുട്ടികളെ കാണാനെത്തുന്നത്. സാന്റാക്ലോസ് ഉത്തരധ്രുവത്തില്‍ നിന്നും റെയിന്‍ഡിയര്‍ മൃഗത്തെ വാഹനമാക്കി ”ഹോ, ഹോ, ഹോ” എന്നു പാടിക്കൊണ്ടാണ് വരുന്നത്.  വീടുകളില്‍ കുട്ടികള്‍ അദ്ദേഹത്തിനു കഴിക്കാനായി പാലും, ബിസ്‌ക്കറ്റും വയ്ക്കുന്ന പതിവുമുണ്ട്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.