നക്ഷത്രം ഉയർത്തുന്ന മാലാഖമാർ

ക്രിസ്തുമസ്, നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ കാത്തിരിപ്പിന്റെ സമാപ്തിയാണ്. പക്ഷേ, ഒരു നിമിഷം പോലും കാത്തിരിക്കാൻ ഇഷ്ടമില്ലാത്ത ചിലരുണ്ട് ഇവിടെ കുടമാളൂരുള്ള സംപ്രീതിയിൽ. ഓണപ്പൂക്കളം ഉമ്മറത്തു നിന്നും കളയും മുൻപ് നക്ഷത്രമിടാമോ എന്നു ചോദിച്ച് പിന്നാലെ കൂടുന്നവർ. പുൽക്കൂട് അഴിക്കും മുൻപ് പതാക ഉയർത്തി വന്ദേമാതരം പാടിത്തുടങ്ങുന്നവർ. എന്നും ബെർത്ത്ഡേ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ. ചെണ്ടയുടെ താളത്തിൽ നിന്ന് ആറാട്ടും പള്ളിപ്പെരുന്നാളും തിരിച്ചറിയാവുന്നവർ. ബാങ്കുവിളികൾക്ക് കാതോർക്കുന്നവർ… ഓരോ ശബ്ദവും ഇവർക്ക് പ്രതീക്ഷയാണ്, ഓരോ ചലനവും പ്രത്യാശയാണ്.

ലോകനേതാക്കന്മാർ പോലും കൊറോണ കാലത്ത് നിശ്ചലരാവുമ്പോൾ മനസിന്റെ വിശാലതയിലൂടെ ഉലകം ചുറ്റി ടൂർ പോകുന്നവർ. വർഷം മുഴുവൻ ആഘോഷമാക്കാൻ ഇഷ്ടപ്പെടുന്നവർ. എന്നും എന്തെങ്കിലുമൊക്കെ പുതുമകൾ ആഗ്രഹിക്കുന്നവർ. ഓരോ തൊങ്ങലുകളിൽ പോലും പുത്തൻ പ്രതീക്ഷകൾ കണ്ടെത്താൻ സാധിക്കുന്നവർ. ചെയ്യുന്ന ഓരോ ചെറിയ ജോലിയും എന്തിനൊക്കെയോ ഉള്ള വലിയ ഒരുക്കങ്ങളാക്കുന്നവർ. ഇവരാണ് സംപ്രീതിയെ ഉണർത്തുന്നവർ. ബുദ്ധിവികാസം പൂർണ്ണമാകാത്തതുകൊണ്ട് പ്രതിസന്ധികൾക്ക് തളർത്താനാവാത്ത നിഷ്കളങ്ക ജീവിതങ്ങൾ.

ബുദ്ധിയുണ്ടെന്ന് നടിക്കുന്നതു കൊണ്ട് ചെറിയ പരാജയത്തിനും പ്രതിസന്ധിക്കും മുമ്പിൽ തളർന്നിരിക്കുമ്പോൾ ഇവരൊക്കെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. ദുഃഖം തളം കെട്ടിയ മനസ്സുമായിരിക്കുന്ന ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ മാലാഖമാരുടെ നിഷ്കളങ്കമായ ഒരു പുഞ്ചിരി, സ്നേഹം നിറഞ്ഞ എന്നാൽ അപൂർണ്ണവും അവ്യക്തവുമായ വാക്കുകൾ, ചിലപ്പോൾ തീർത്തും നിശബ്ദമായ സാന്നിധ്യം ഇവയെല്ലാം പ്രതീക്ഷ നൽകുന്ന അനുഭവങ്ങളാണ്.

പ്രതീക്ഷയറ്റവരാകാതെ പ്രത്യാശയുള്ളവരാകാൻ ഒരു നക്ഷത്രം നമുക്കു മുമ്പേയുണ്ട്; നമ്മോടൊപ്പമുണ്ട്‌. ആരുമില്ലെന്നു തോന്നുമ്പോൾ ചേർത്തുപിടിക്കാൻ, വഴിയിൽ വെളിച്ചമേകാൻ. ആ നക്ഷത്രം ചിലപ്പോൾ ഈശ്വരനാകാം. മറ്റു ചിലപ്പോൾ ഒരു കൂട്ടം നക്ഷത്രങ്ങൾ നമ്മോടൊപ്പമുണ്ട്; അത് കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ, കണ്ടുമുട്ടിയവരോ ആരുമാകാം. മതഗ്രന്ഥ വചസ്സുകളോ, പുസ്തകങ്ങളോ, ചിന്തകളോ, പ്രവൃത്തിമണ്ഡലങ്ങളോ, ജീവിതാവസ്ഥകളോ എന്തുമാകാം.

പ്രപഞ്ചത്തിലെ ഓരോ നക്ഷത്രവും നമ്മുടെ കണ്ണിന് കുളിർമ്മ നൽകുന്നത് നാമറിയാതെ അതിൽ നടക്കുന്ന ഉഗ്രതാപത്തിന്റെയും വെന്തുരുകലിന്റെയും സ്ഫോടനങ്ങളുടെയും ഫലമായാണ്. അതുകൊണ്ട്, എന്റെ ജീവിതത്തിലും ഒരു നിമിഷമെങ്കിലും പ്രതീക്ഷ നൽകിയ ഏതൊരു വ്യക്തിയും അയാൾ കടന്നുപോയ കുരിശുമരണത്തിന്റെയോ, ഞാനറിയാതെ എന്നെ അറിയിക്കാതെ നടന്നുപോയ കുരിശിന്റെ വഴിയുടെയോ ഫലമാണ്. ദൈവ-മനുഷ്യ ബന്ധവും കുടുംബ ബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും എല്ലാം എനിക്ക് പ്രകാശം തരുന്ന നക്ഷത്രങ്ങളാകുന്നത് അങ്ങനെയാണ്.

കൊറോണ കാലത്തും വർണ്ണനക്ഷത്രമുയരുന്നു. ആകാശത്തിന്റെ വിദൂര ദിക്കിൽ നിന്ന് വീട്ടുമുറ്റത്തെ മരക്കൊമ്പുകളിലേക്കും എന്റെ വീടിന്റെ ഉമ്മറപ്പടിയിലേക്കും സാവധാനം കൊറോണ കാലത്തെ പ്രതീക്ഷയറ്റ എന്റെ ഇരുളാർന്ന മനസ്സിലേക്കും നക്ഷത്രം ഇറങ്ങിവരും. വെള്ളിവെളിച്ചമായി, ശിശിരകാലത്തിന്റെ കുളിരണിഞ്ഞ പ്രത്യാശയായി.

ലോകം വ്യത്യസ്തരെന്നു പേരു ചാർത്തുന്ന, എന്നാൽ സംപ്രീതി എപ്പോഴും മാലാഖമാരെന്നു മാത്രം വിളിക്കുന്ന ഇവരുടെ ഈ വർഷത്തെ നക്ഷത്രവും തികച്ചും വ്യത്യസ്തമാണ്, ഇവരെപ്പോലെ തന്നെ.

ഫാ. ടിജോ മുണ്ടുനടയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.