തിരി തെളിച്ച്, മാപ്പ് ചോദിച്ച്, സമന്ദര്‍ സിങ് സ്മൃതിമണ്ഡപത്തിലെത്തി

നച്ചന്‍ബോര്‍: ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് തന്റെ കൈകൊണ്ട് കുത്തേറ്റു വീണിടത്തുയര്‍ന്ന സിസ്റ്റര്‍ റാണി മരിയയുടെ തൂവെള്ള സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥനയുമായി ഇന്നലെ സമന്ദര്‍ സിങ് എത്തി.

ദീദീ, ഹോ സക്തി ഹേ തോ മാഫ് കര്‍ന… (സഹോദരീ, കഴിയുമെങ്കില്‍ പൊറുക്കുക!) ഇന്നലെ സമന്ദര്‍ സിങ് തിരി തെളിച്ചു കൈകൂപ്പി പ്രാര്‍ഥിച്ചു.

സമന്ദര്‍ സിങ്, സിസ്റ്റര്‍ റാണി മരിയയെ ഇവിടെവച്ച് കുത്തി വീഴ്ത്തുമ്പോള്‍ 54 കുത്തുകളിലൊന്നു വാരിയെല്ലിലൂടെ തുളച്ചു കയറി ഹൃദയം തകര്‍ത്തിരുന്നു.

എന്നാല്‍ അന്നത്തെ ആ മൃഗീയതയില്‍ നിന്നും അയാള്‍ ഇന്ന് മനുഷ്യനായി മാറിക്കഴിഞ്ഞിരിക്കുന്നു. ദ്വേഷത്തിനു പകരം കിട്ടിയ സ്‌നേഹം, സേംലിയ റായ്മല്‍ ഗ്രാമത്തിലെ ക്രൂരനായ ഠാക്കൂറിനെ ജ്ഞാനിയും പ്രശാന്തനുമാക്കി മാറ്റിയിരിക്കുന്നു.

കൊലപാതക ശേഷം മൂന്നാം ദിനം കാട്ടില്‍ നിന്നും പൊലീസിന്റെ പിടിയിലാകുമ്പോള്‍ ആദിവാസികള്‍ക്കിടയില്‍ സേവനം ചെയ്തുകൊണ്ടിരുന്ന സന്യാസിനിയെ കൊലപാതകത്തിനു പ്രേരിപ്പിച്ച ജമീന്ദാര്‍മാരും, മനസ്സില്‍ വിദ്വേഷം നിറച്ചവരും ഒന്നും അയാളുടെ രക്ഷക്കെത്തിയില്ല.

തുടര്‍ന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കഴിയുമ്പോഴാണു സ്വാമിയച്ചന്‍ (കുറ്റവാളികള്‍ക്കു വേണ്ടി സേവനം നടത്തുന്ന വൈദികന്‍) ജയില്‍ സന്ദര്‍ശിച്ചത്. ‘സിസ്റ്റര്‍ റാണി മരിയയുടെ കുടുംബം നിന്നോടു ക്ഷമിക്കുന്നു, സഭയും ക്ഷമിക്കുന്നു’വെന്ന് അച്ചന്‍ പറഞ്ഞു.

പിന്നാലെ, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി പോളിനെ അദ്ദേഹം കൂട്ടിക്കൊണ്ടു വന്നു. സ്വസഹോദരിയുടെ ചോര കുതിര്‍ന്ന ആ കയ്യില്‍ അവര്‍ സഹോദര സ്‌നേഹത്തിന്റെ പ്രതീകമായ രാഖി ചാര്‍ത്തി. ശിക്ഷ കഴിഞ്ഞു കേരളത്തിലെത്തി പെരുമ്പാവൂര്‍ പുല്ലുവഴിയിലെ വീട്ടില്‍ സിസ്റ്റര്‍ റാണി മരിയയുടെ മാതാപിതാക്കളെ കണ്ട് മാപ്പ് ചോദിച്ചു. അവരും ക്ഷമിച്ചതോടെ സമന്ദര്‍ സിംഗ് പൂര്‍ണ്ണമായും മനുഷ്യനായി മാറി.

സമന്ദറിനെ ഭാര്യ ജയില്‍ വാസത്തിനിടെ അയാളെ ഉപേക്ഷിച്ചു പോയിരുന്നു. ഇപ്പോള്‍ താമസം സഹോദരനൊപ്പമാണ്. നെല്ലും കടലയും ഉള്ളിയും വളരുന്ന രണ്ടേക്കര്‍ വയലിലെ കൃഷിക്കാരനാണ് സമന്ദര്‍ ഇപ്പോള്‍. ജയില്‍ മോചനത്തിനു ശേഷം ഏറെക്കാലം രോഗികളെ ശുശ്രൂഷിച്ചു. കുറച്ചു നാളായി സൗജന്യമായി കൃഷിപ്പണി പഠിപ്പിക്കുന്നു.

കത്തോലിക്കാ സഭ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയെന്നു വിളിക്കുമ്പോള്‍, ഇതിനകം ഒരു അനുതാപത്തിന്റെ സമുദ്രങ്ങള്‍ തന്നെ സമന്ദര്‍ താണ്ടിക്കഴിഞ്ഞു. ഇടയ്ക്കിടെ സ്മൃതിമണ്ഡപത്തിലെത്തുന്ന സമന്ദര്‍ സിങ്, ‘ദീദീ, കഴിയുമെങ്കില്‍ പൊറുക്കുക’ എന്ന പ്രാര്‍ഥന ചൊല്ലും… ‘ഈ പാപം ഇവനു മേലാകരുതേ’ എന്നെഴുതിയ ഫലകത്തിനടുത്തു തിരി തെളിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.