അന്ന് ശപിച്ച് പുറത്താക്കപ്പെട്ടവള്‍: ഇന്ന് ഗോത്രത്തിലെ ആദ്യകന്യാസ്ത്രീ

സാമൂഹിക അസമത്വങ്ങളും അനാചാരങ്ങളും നിലനില്‍ക്കുന്ന കെനിയയിലെ സാംബുരു ഗോത്രത്തില്‍ നിന്ന് ഒരു കന്യാസ്ത്രീ. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോകാന്‍ സാധിക്കാത്തവരുടെ ഇടയില്‍ നിന്നാണ് ഇവര്‍ സഭാവസ്ത്രമണിഞ്ഞിരിക്കുന്നത്. 

കെനിയയിലെ കിചാക്കി ഗ്രാത്തിലെ സാംബുരു ഗോത്രം അന്ന് ആവേശത്തിലായിരുന്നു. സ്ത്രീകള്‍ കഴുത്ത് മറഞ്ഞ് കിടക്കുന്ന വീതിയുള്ള മുത്തുമാലകള്‍ അണിഞ്ഞ് നൃത്തം വയ്ക്കുന്ന തിരക്കിലും. സാധാരണ വിവാഹാഘോഷ വേളകളിലാണ് ഈ ഗോത്രവംശക്കാര്‍ ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നത്. എന്നാല്‍ വിവാഹത്തേക്കാള്‍ അവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു ചടങ്ങ് അവിടെ നടക്കുകയാണ്. സാംബുരു ഗോത്രത്തിലെ ആദ്യ സന്യാസിനിയായ സിസ്റ്റര്‍ റോസിലിന്‍ ലെംഗുരിയെ സ്വീകരിക്കുക എന്ന ചടങ്ങ്. ഒരു ഗോത്രത്തിന്റെ മുഴുവന്‍ ശാപവും പേറിയാണ്  സിസ്റ്റര്‍ റോസിലിന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് സന്യാസ ജീവിതം നയിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ശപിച്ച അതേ ജനങ്ങള്‍ തന്നെ ഇന്ന് നൃത്തം ചെയ്തും പാട്ട് പാടിയും സിസ്റ്ററിനെ സ്വീകരിക്കാനൊരുങ്ങുന്നു.

സാംബുരു ഗോത്രത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ പ്രത്യുല്‍പാദനത്തിനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ പറയുന്ന ആളെ വിവാഹം ചെയ്ത് വംശത്തിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇവരുടെ ചുമതല. മാത്രമല്ല വിദ്യാഭ്യാസത്തിലും ഇവര്‍ പിന്നോക്കമായിരിക്കും. പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം മിക്ക പെണ്‍കുട്ടികളും കുടുംബിനികളായി മാറുകയാണ് പതിവ്. സ്വന്തമായ അഭിപ്രായങ്ങളോ സ്വപ്നങ്ങളോ ഇല്ലാത്ത പെണ്‍കുട്ടികള്‍. ഗോത്രാധികാരികളുടെ ഉത്തരവ് മറികടന്നാല്‍ ശാപം മൂലം കുടുംബം നശിക്കും, ഇല്ലാതാകും എന്നാണ് ഇവര്‍ക്കിടയിലെ വിശ്വാസം.

സാംബുരു ഗോത്രത്തിന്റെ എല്ലാ വിശ്വാസങ്ങളെയും മറികടന്നാണ് സിസ്റ്റര്‍ റോസിലിന്‍ സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്യുലേറ്റ് സന്യാസ സഭയിലെത്തുന്നത്. പതിവുപോലെ പ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം റോസിലിനെയും വിവാഹം ചെയ്ത് അയയ്ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ താന്‍ ആഗ്രഹിക്കുന്നത് മറ്റൊരു ജീവിതമാണെന്ന് റോസിലിന്‍ അവരോട് പറഞ്ഞു. സന്യാസിനി ആകണമെന്ന റോസിലിന്റ ആഗ്രഹത്തെ ഒരു ഗോത്രം മുഴുവന്‍ ശപിച്ചു. ”വിവാഹം കഴിക്കാതെ, കുട്ടികളുണ്ടാകാതെ, നീ മരിക്കട്ടെ” എന്നായിരുന്നു ഗോത്രത്തലവന്റെ ശാപം. അതിന് മുമ്പ് സന്യാസ ജീവിതത്തെക്കുറിച്ച്  തന്റെ ഗോത്രത്തില്‍ ആരും ചിന്തിച്ചിട്ട് കൂടിയില്ല എന്ന് റോസിലിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

സൗത്ത് സുഡാനിലെ നൈല്‍ പ്രവിശ്യയിലാണ് സാംബുരു ഗോത്രത്തിന്റെ വാസം. ആട്, പശു, ഒട്ടകം എന്നിവയെ വളര്‍ത്തലാണ് ഇവരുടെ ഉപജീവനമാര്‍ഗ്ഗം. അതുപോലെ വിവാഹം കഴിച്ചയയ്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനമായി ഇവര്‍ നല്‍കുന്നത് വളര്‍ത്തുമൃഗങ്ങളെയാണ്. ആദ്യ വിവാഹത്തിലെ സ്ത്രീയ്ക്ക് കുട്ടികളുണ്ടായില്ല എങ്കില്‍ പുരുഷന് വീണ്ടും വിവാഹം ചെയ്യാം.

ഗോത്രത്തിലെ മുതിര്‍ന്നവരുടെ ശാപത്തെ പേടിക്കുന്നവരാണ് സാംബുരു വംശക്കാര്‍. ശാപത്തില്‍ ആ വ്യക്തിയുടെ ഭവനം തന്നെ ഇല്ലാതാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇവര്‍ക്കിടയില്‍ ഏറ്റവും വെറുക്കപ്പെടുന്നവരാണ് ശാപത്തിനിരയാകുന്നത്. ശാപത്തെ താനും ആദ്യം ഭയപ്പെട്ടിരുന്നു എന്ന് സിസ്റ്റര്‍ റോസിലിന്‍ പറയുന്നു. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ മേല്‍ ഒരു ശാപവും പതിക്കില്ല എന്ന് തന്റെ ജീവിതം കൊണ്ട് സിസ്റ്റര്‍ റോസിലിന്‍ തെളിയിച്ചിരിക്കുകയാണ്. പ്രൈമറി സ്‌കൂളില്‍ അവസാനിക്കുമായിരുന്ന തന്റെ വിദ്യാഭ്യാസം തുടരാന്‍ സിസ്‌ററര്‍ റോസിലിന് സാധിച്ചു.

പതിമൂന്നാമത്തെ വയസ്സില്‍ തന്നെ വിവാഹം ചെയ്ത് അയയ്ക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നതായി സിസ്റ്റര്‍ റോസിലിന്‍ ഓര്‍ക്കുന്നു. അതിന് വേണ്ടി അമ്മാവന്‍മാര്‍ ഒരാളെയും വീട്ടിലേക്കയച്ചിരുന്നു. ”അന്ന് ഞാന്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡിലാണ് പഠിക്കുന്നത്. എന്റെ പരീക്ഷ കഴിഞ്ഞിരുന്നില്ല” സിസ്റ്റര്‍ റോസിലിന്‍ പറയുന്നു. പരീക്ഷ കഴിഞ്ഞ ഉടന്‍ തന്നെ കല്യാണം നടത്താന്‍ അവരെല്ലാവരും കൂടി തീരുമാനിച്ചു. ”ഇവരുടെ തീരുമാനങ്ങള്‍ അറിഞ്ഞപ്പോഴും എന്റെ ജീവിതം വിവാഹത്തിലല്ല എത്തേണ്ടത് എന്നെനിക്കുറപ്പുണ്ടായിരുന്നു. എന്നാല്‍ റോസിലിന്റെ പിതാവ് ഡാനിയേല്‍ ലെന്‍ഡികില്‍ ലിംഗുരിസ് തന്റെ മകള്‍ക്ക് ബന്ധുക്കളും ഗോത്രത്തലവന്‍മാരും ചേര്‍ന്ന് വിവാഹം ആലോചിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. സാംബുരു ഗോത്രത്തിന്റെ വിശ്വാസമനുസരിച്ച് പിതാവിനേക്കാള്‍ അധികാരം ഇവര്‍ക്കൊക്കെയാണ്.

പരീക്ഷ കഴിഞ്ഞതിന് ശേഷം വീണ്ടും വിവാഹാലോചനകള്‍ വന്നു. എന്നാല്‍ തുടര്‍ന്ന് പഠിക്കണമെന്ന് റോസിലിന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവിടത്തെ പ്രാദേശിക ഇടവകയിലെ വേദപാഠ അധ്യാപകന്‍ആയിരുന്നു റോസിലിന്റെ പിതാവ് ഡാനിയേല്‍. തന്റെ മകളുടെ ആഗ്രഹത്തിന് ഒപ്പം നില്‍ക്കാന്‍ ആ പിതാവ് തീരുമാനിച്ചു. എന്നാല്‍ മറ്റ് ബന്ധുക്കളെയും ഗോത്ര അധികാരികളെയും ഇത് പ്രകോപിപ്പിച്ചു. അവര്‍ കുടുംബത്തെ മൊത്തം ശപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഗോത്രാചാരങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ അവര്‍ക്ക് ആ പ്രദേശത്ത് നിന്ന് ഓടിപ്പോകേണ്ടി വന്നു. അവിടത്തെ ഇടവക വികാരിയായിരുന്ന ഫാദര്‍ അഡോള്‍ഫോ ഫെറാറോയാണ് സ്‌കൂള്‍ വിദ്യാഭ്യാസം തുടരാന്‍ റോസിലിനെ സഹായിച്ചത്. തുടര്‍ന്ന് പഠിക്കാനുള്ള റോസിലിന്റെ ആഗ്രഹത്തെ പിന്തുണച്ചത് പിതാവ് ഡാനിയേലായിരുന്നു. പത്താം ക്ലാസ്സിന് ശേഷമാണ് തനിക്ക് കന്യാസ്ത്രീയാകാനുളള ആഗ്രഹമുണ്ടെന്ന് റോസിലിന്‍ ഗോത്രാധികാരികളെയും പിതാവിനെയും അറിയിച്ചത്.

2016 ഏപ്രില്‍ 25 നാണ് സിസ്റ്റര്‍ റോസിലിന്‍ നിത്യവ്രതവാഗ്ദാനം സ്വീകരിച്ചത്. ബന്ധുക്കളും സഹോദരങ്ങളും തന്നെ വളരെയധികം പിന്തുണയ്ക്കുന്നുവെന്ന് സിസ്റ്റര്‍ റോസിലിന്‍ വെളിപ്പെടുത്തുന്നു.

എല്ലാ എതിര്‍പ്പുകളെയും നേരിട്ട് ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ സാധിച്ച സിസ്റ്റര്‍ റോസിലിന്‍ ഗോത്രത്തിലെ പെണ്‍കുട്ടികളുടെ റോള്‍ മോഡല്‍ കൂടിയാണ്. അനേകം പെണ്‍കുട്ടികള്‍ തുടര്‍വിദ്യാഭ്യാസം ചെയ്യുകയും തൊഴിലിനായി പഠിക്കുകയും ചെയ്യുന്നുണ്ട്. മേരി ഇമ്മാകുലേറ്റ് പ്രൈമറി സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഇപ്പോള്‍ സിസ്റ്റര്‍ റോസിലിന്‍. സ്‌കൂള്‍ അവധിക്കാലത്ത് സിസ്റ്റര്‍ റോസിലിന്‍ തന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. ആഘോഷത്തോടെയും സന്തോഷത്തോടെയുമാണ് അവര്‍ ഇപ്പോള്‍ സിസ്റ്റര്‍ റോസിലിനെ സ്വീകരിക്കുന്നത്.

സുമം തോമസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.