പുൽക്കൂട്ടിലേയ്ക്ക് 19: സകല ജനതകള്‍ക്കും വേണ്ടിയുള്ള രക്ഷ

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 19 – സകല ജനതകള്ക്കും വേണ്ടിയുള്ള രക്ഷ

വചനം

“സകല ജനതകള്ക്കും വേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള് കണ്ടുകഴിഞ്ഞു” (ലൂക്കാ 2:31).

വിചിന്തനം

ലോകരക്ഷകനായ ഉണ്ണീശോയെ കരങ്ങളിലെടുത്തുകൊണ്ട് ശിമയോൻ പാടിയ സ്തുതിഗീതകത്തിലെ ഒരു ഭാഗമാണിത്. ദൈവം ഒരുക്കിയിരിക്കുന്ന രക്ഷയാണ് ഉണ്ണിമിശിഹാ. മനുഷ്യവതാരത്തിലൂടെ ആ രക്ഷ മനുഷ്യമക്കളോടൊപ്പം വാസമുറപ്പിക്കാൻ ആരംഭിച്ചു. ദിവ്യകാരുണ്യത്തിലൂടെ ആ രക്ഷാനുഭവം ലോകാവസാനം വരെ തുടരുകയും ചെയ്യും. രക്ഷകനെ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവയാണ്. ആഗമനകാലം രക്ഷകനെ കൺകുളിർക്കെ കാണാനും ഹൃദയം കൊണ്ട് അനുഭവിക്കാനും ഒരുങ്ങുന്ന സമയമാണ്. ആഗമനകാലത്തിന്റെ അവസാന ആഴ്ചയിൽ രക്ഷകനെ കാണാൻ തീവ്രമായി നമുക്കൊരുങ്ങാം. അതിനായി പരിശ്രമിക്കാം.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, ലോകരക്ഷകനെ ദർശിക്കാനായി ഞങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നു. സകലജനതകൾക്കും രക്ഷകനായവനെ എനിക്കു സ്വീകരിക്കാൻ കഴിയണമെങ്കിൽ പരിശുദ്ധിയുള്ള ഹൃദയവും നിർമ്മലമായ മനസാക്ഷിയും ആവശ്യമാണന്നു ഞാൻ മനസ്സിലാക്കുന്നു. ആഗമനകാലത്തിന്റെ അവസാനദിനങ്ങളിൽ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും ഉപവിപ്രവർത്തികളിലൂടെയും രക്ഷകനായി എന്റെ ഹൃദയം ഒരുക്കാൻ എനിക്ക് കൃപ തരണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

സുകൃതജപം

ഉണ്ണീശോയെ, എന്റെ ഹൃദയത്തിന്റെ നാഥനാകണമേ!

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.