ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗവിവാഹം, ദയാവധം എന്നിവക്ക് നിയമസാധുത നല്‍കില്ല: നയം വ്യക്തമാക്കി എല്‍ സാല്‍വദോര്‍ പ്രസിഡന്റ്

ഭരണഘടനാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എല്‍ സാല്‍വദോറില്‍ ഉടലെടുത്ത വലിയ ആശങ്കക്ക് അറുതി വരുത്തി, പ്രസിഡന്റ് നായിബ് ബുക്കലെ. ഗര്‍ഭച്ഛിദ്രവും സ്വവര്‍ഗ്ഗവിവാഹവും ദയാവധവും നിയമവിധേയമാക്കുന്ന യാതൊന്നും ഭരണഘടനാ പരിഷ്‌ക്കരണത്തില്‍ ഉണ്ടാവില്ലെന്നാണ് അദ്ദേഹം ഉറപ്പു നല്‍കിയിരിക്കുന്നത്.

“ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗവിവാഹം, ദയാവധം എന്നിവയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ തള്ളിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ജീവിക്കാനുള്ള അവകാശം എന്നത് ഗര്‍ഭധാരണം മുതല്‍ ആരംഭിക്കുന്നു. വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ളതാണ്” – പ്രസിഡന്റ് ബുക്കലെ വ്യക്തമാക്കി.

ഏറ്റവും കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിരോധന നിയമം നിലവിലുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍. എന്നാല്‍, വൈസ് പ്രസിഡന്റ് ഫെലിക്‌സ് ഉല്ലോവ നിര്‍ദ്ദേശിച്ച ഭരണഘടനാ പരിഷ്‌കരണ ശുപാര്‍ശകള്‍ ഗര്‍ഭച്ഛിദ്രം, ദയാവധം, സ്വവര്‍ഗ്ഗവിവാഹം എന്നിവ പ്രോത്സാഹിപ്പിക്കപ്പെടാന്‍ സഹായിക്കുന്നതായിരുന്നു. ഇതിനെതിരെ, നടത്തിയ ഓണ്‍ലൈന്‍ ക്യാംപെയിനില്‍ 20,000 -ല്‍പരം ഒപ്പ് രേഖപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. പ്രസിഡന്റിന്റെ നയത്തിന് സാന്‍ സാല്‍വദോര്‍ ബിഷപ്പ് മോന്‍സി ജോസ് ലൂയിസ് എസ്‌കോബര്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.