ബുദ്ധിപൂര്‍വ്വം പ്രണയിക്കാന്‍ പഠിപ്പിച്ച സാജനും മെര്‍ലിനും ഇത്തവണ എത്തിയിരിക്കുന്നത് ‘വിശുദ്ധമായ തേപ്പ്’ പാഠങ്ങളുമായി

കീര്‍ത്തി ജേക്കബ്

ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രണയമെന്ന പരിശുദ്ധ വികാരത്തെ സമൂഹം ചോദ്യം ചെയ്യുന്നതു കണ്ട്, അവര്‍ക്ക് ചില ഉത്തരങ്ങള്‍ നല്‍കണമെന്നുറച്ച് പത്തനംതിട്ട സ്വദേശികളായ സാജന്‍ പാപ്പച്ചന്‍- മെര്‍ലിന്‍ ദമ്പതികള്‍ ചെയ്ത വീഡിയോയാണ് ‘ബുദ്ധിപൂര്‍വ്വം പ്രണയിക്കാം’ എന്നത്. ഫാമിലി മാറ്റേഴ്‌സ് 360 എന്ന തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സാജനും മെര്‍ലിനും ചേര്‍ന്നവതരിപ്പിച്ച പ്രണയപാഠങ്ങള്‍ മലയാളികള്‍ ഏറ്റെടുക്കുകയും ചെയ്തു.

സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ശുദ്ധ പ്രണയത്തെക്കുറിച്ച് ഇവര്‍ വാചാലരായപ്പോള്‍ വീഡിയോ കണ്ട അനേകര്‍ ചിന്തിച്ചത് ഇങ്ങനെയാണ്, ‘നിങ്ങള്‍ ഈ വീഡിയോ കുറച്ചു നേരത്തെ ചെയ്തിരുന്നെങ്കില്‍’ എന്ന്. വീഡിയോ റിലീസ് ചെയ്തതിനുശേഷം തങ്ങള്‍ക്കു വന്നുകൊണ്ടിരിക്കുന്ന കമന്റുകളിലും മെസേജുകളിലും നല്ലൊരു ശതമാനം ഈ ചോദ്യമായതിനാല്‍ സാജനും- മെര്‍ലിനും മറ്റൊരു വീഡിയോ കൂടി ചെയ്യാന്‍ തീരുമാനിച്ചു. ‘ബുദ്ധിപൂര്‍വ്വം പ്രണയിക്കാം’ എന്ന വീഡിയോയുടെ രണ്ടാം ഭാഗം എന്ന വിശേഷണത്തോടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര് ‘വിശുദ്ധമായ തേപ്പ്’ അഥവാ, തേപ്പ്- ഒരു താത്വികമല്ലാത്ത അവലോകനം എന്നാണ്.

ഒരു തേപ്പുകാരി അല്ലെങ്കില്‍ തേപ്പുകാരന്‍ എന്ന പേരില്‍ താന്‍ അറിയപ്പെടുമോ, അല്ലെങ്കില്‍ താന്‍ പങ്കാളിയോട് ചെയ്യുന്ന ചതിയായി അത് മാറുമോ എന്നെല്ലാം ഭയന്ന് ഒരുതരത്തിലും യോജിച്ചു പോകാന്‍ പറ്റാത്ത പ്രണയബന്ധങ്ങളില്‍ തുടരുന്നവരോടാണ് ഇത്തവണ സാജനും മെര്‍ലിനും ചേര്‍ന്ന് സംസാരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഒരു പ്രണയബന്ധം അവസാനിപ്പിക്കേണ്ടത്, ഒരു ബന്ധം അവസാനിപ്പിക്കേണ്ട സമയമായെന്ന് തിരിച്ചറിയേണ്ടത് എങ്ങനെയാണ്? തന്നോടു തന്നെയും പങ്കാളിയോടും നീതി കാട്ടുന്ന രീതിയില്‍ എപ്രകാരമാണ് ആ പ്രണയ ബന്ധം അവസാനിപ്പിക്കേണ്ടത്? അതിന് ആരുടെയൊക്കെ സഹായം തേടണം? താന്‍ ബ്രേക്കപ്പ് ആഗ്രഹിക്കുന്ന കാര്യം പങ്കാളിയെ എങ്ങനെ പറഞ്ഞു മനസിലാക്കണം? ബ്രേക്കപ്പിലൂടെ ഉണ്ടാകുന്ന മാനസിക അസ്വസ്ഥതകളെ എങ്ങനെ നേരിടണം? എന്നെല്ലാം കൃത്യവും വ്യക്തവും അത്യാകര്‍ഷകവുമായാണ് സാജനും മെര്‍ലിനും ചേര്‍ന്ന് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

തേപ്പ് എന്ന പ്രക്രിയയെ വലിയ കുറ്റമായി കരുതി വരുന്ന സമൂഹത്തിലേയ്ക്ക് ‘വിശുദ്ധമായ തേപ്പ്’ ചിലപ്പോഴെങ്കിലും ഏറ്റവും നല്ല പുണ്യപ്രവര്‍ത്തിയാകുന്നുണ്ട് എന്ന സന്ദേശമാണ് സാജനും മെര്‍ലിനും നല്‍കുന്നത്. അതുകൊണ്ട് തന്നെയാണ് ‘ബുദ്ധിപൂര്‍വ്വം പ്രണയിക്കാന്‍’ പഠിപ്പിച്ചവര്‍ തന്നെ ‘ബുദ്ധിമുട്ടി പ്രണയിക്കുന്നവര്‍ക്കും’ ചില ജീവിതപാഠങ്ങളുമായി എത്തിയത്. പ്രണയപാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വീഡിയോയുടെ രണ്ടാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാജന്‍-മെര്‍ലിന്‍ ദമ്പതികളുടെയും അവരുടെ വീഡിയോകളുടെയും വിശേഷങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മുമ്പ് ലൈഫ്‌ഡേ ചെയ്ത ഫീച്ചറിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു.

https://www.lifeday.in/lifeday-sajan-pappachan-and-merlin-talks-about-their-life-and-video-how-to-fall-in-love-wisely/

ബുദ്ധിപൂർവ്വം പ്രണയിക്കാൻ പഠിപ്പിച്ച വീഡിയോയും വിശേഷങ്ങളുമായി സാജൻ പാപ്പച്ചനും മെർലിനും

 

2 COMMENTS

  1. A highly proficient & lifesaver presentation guiding through making the most significant decisions of a meaningful life #simple words wise enough#Excellent job.

  2. Excellent Guidelines.. A must watch for young generation and parents.. Congrats Lifeday for featuring them..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.