മാതാപിതാക്കളെ വിശ്വാസത്തിലേക്ക് നയിച്ച വിശുദ്ധർ

സാധാരണയായി മാതാപിതാക്കൾ ആണ് മക്കളിലേക്ക് വിശ്വാസം പകരുന്നത്. എന്നാൽ എല്ലായ്പ്പോഴും അങ്ങനെയല്ല. പ്രത്യേകിച്ച് ചില വിശുദ്ധരുടെ ജീവിതത്തിൽ. വിശുദ്ധരുടെ ജീവിതംകൊണ്ട് മാതാപിതാക്കൾ കൂടുതൽ മാനസാന്തരത്തിലേക്ക് കടന്നു വരുകയും വിശ്വാസത്തിൽ ആഴപ്പെടുകയും ചെയ്ത സംഭവങ്ങളും ഉണ്ട്. അങ്ങനെയുള്ള ചില വിശുദ്ധ ജീവിതങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം.

1. വാഴ്ത്തപ്പെട്ട കൊളംബ കാങ് വാൻ-സുക്ക്

ഒരു കുലീന കുടുംബത്തിൽ ജനിച്ച കൊളംബ ഒരു കത്തോലിക്കയായി. ഒപ്പം അവളുടെ രണ്ടാനമ്മയെയും അമ്മായിയമ്മയെയും വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. ഭർത്താവ് അവളെ വേശ്യാവൃത്തിക്ക് അയച്ചപ്പോൾ കൊളംബയുടെ അമ്മായിയമ്മ കൊളംബയ്‌ക്കൊപ്പം താമസിക്കാൻ തീരുമാനിച്ചു. മരുമകളുടെ ആത്മീയ സ്വാധീനത്തിന് അവൾ നന്ദിയുള്ളവളായിരുന്നു. ഭർത്താവ് പോയതോടെ കൊളംബയുടെ വീട് ഭൂഗർഭ സഭയുടെ പ്രവർത്തന കേന്ദ്രമായി മാറി. കൊളംബ തന്റെ ജീവിതകാലം മുഴുവൻ ഒരു സുവിശേഷകയും കാറ്റെക്കിസ്റ്റും ആയി ജീവിച്ചു. നാല്പതാമത്തെ വയസ്സിൽ രക്തസാക്ഷിത്വം വരിച്ചു.

2. വാഴ്ത്തപ്പെട്ട ലൂക്ക് ഹ്വാംഗ് സാക്-ടു

ഒരു കുലീന കുടുംബത്തിലെ ഏക മകനായിരുന്നു ലൂക്ക് ഹ്വാംഗ് സാക്-ടു. ഉന്നത ഗവണ്മെന്റ് ഉദ്യോഗം ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ജോലിക്കായി ഉള്ള പരീക്ഷയ്ക്ക് പോകുമ്പോൾ യേശുവിനെപ്പറ്റി പറയുന്നത് കേട്ട് പരീക്ഷ എഴുതാതെ തിരിച്ചു വന്നു. വീട്ടിൽ വന്നപ്പോൾ പിതാവ് ഒരുപാട് മർദിച്ചു. എന്നാൽ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചു. താമസിയാതെ തന്നെ ലൂക്ക് ഭാര്യയെ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. പിതാവ് അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ട് വർഷക്കാലം അദ്ദേഹം ആരോടും സംസാരിക്കാതെ നിശബ്ദതയിൽ ചിലവഴിച്ചു. അദ്ദേഹത്തെ വിശ്വാസത്തിൽ നിന്നും അകറ്റാൻ കുടുംബം കഠിനമായി ശ്രമിച്ചു. അവസാനം, അദ്ദേഹത്തിന്റെ വിശ്വാസ ജീവിതത്തിന് ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ചിരുന്ന പിതാവ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. വിശ്വാസത്തെ പ്രതി അറസ്റ്റിലായപ്പോൾ, രക്തസാക്ഷിത്വം വരിക്കുന്നത് വരെ ലൂക്ക് തടവുകാരോട് സുവിശേഷം പ്രസംഗിച്ചു.

3. വിശുദ്ധ കിസിറ്റോ

ബുഗാണ്ടയിലെ രാജാവിന്റെ കൊട്ടാരത്തിലെ ഒരു ഭടനായിരുന്നു കിസിറ്റോ. വിജാതീയ മാതാപിതാക്കൾ വളർത്തിയെങ്കിലും കിസിറ്റോ കത്തോലിക്കാ സഭയിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ മാമ്മോദീസ സ്വീകരിച്ചു. രാജാവിന്റെ അക്രമങ്ങളെയും ലൈംഗിക വേഴ്ചയെയും കിസിറ്റോ എതിർത്തപ്പോൾ അറസ്റ്റ് ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. മകനെ നഷ്ടപ്പെട്ടതിൽ മാതാപിതാക്കൾ വിഷമിച്ചെങ്കിലും കിസിറ്റോ വളരെ സന്തോഷത്തോടെ മരിച്ചു. അതിനുശേഷം പിതാവ് മാനസാന്തരപ്പെട്ട് മാമ്മോദീസ സ്വീകരിച്ചു.

4. വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ്

ക്രൈസ്തവർ എങ്കിലും വിശ്വാസത്തിൽ ആഴപ്പെടാത്ത മാതാപിതാക്കളായിരുന്നു കാർലോയുടേത്. ചെറുപ്പത്തിൽ വളർത്തിയ ജോലിക്കാരിയിൽ നിന്നും യേശുവിനെക്കുറിച്ച് കൂടുതൽ പഠിച്ച കാർലോ പള്ളിയിൽ കൊണ്ടുപോകാൻ അമ്മയെ നിർബന്ധിക്കുമായിരുന്നു. അങ്ങനെ മകനിലൂടെ വിശ്വാസപരമായ കാര്യങ്ങളിൽ സംബന്ധിക്കുവാൻ അമ്മ ഇടയായി. കാർലോ തന്റെ പതിനഞ്ചാം വയസിൽ രക്താർബുദം പിടിപെട്ട് മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.