വിശുദ്ധ കുർബാനയുടെ മാഹാത്മ്യത്തെക്കുറിച്ച് വിശുദ്ധർ പറയുന്നത്

വിശുദ്ധ കുർബാന – നമ്മോടൊപ്പം ആയിരിക്കുവാൻ നാം ദൈവത്തോടൊപ്പം ആയിരിക്കുവാൻ ദൈവം നമുക്ക് നൽകിയ ഏറ്റവും മഹത്തായ ഉപാധി. മനുഷ്യരിലേയ്ക്ക് ഒരു ഗോതമ്പപ്പത്തിന്റെ രൂപത്തിൽ എഴുന്നള്ളിവരുന്ന ദൈവം. ആ ദൈവത്തിന്റെ സ്നേഹത്തിന്റെ മൂർത്തീഭാവമാണ് ഓരോ വിശുദ്ധ കുർബാനയും.

എന്നാൽ ഇന്ന് നാം അത് എത്രത്തോളം തിരിച്ചറിയുന്നുണ്ട്. ഓൺലൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാനിരിക്കുമ്പോഴും പരിശുദ്ധ കുർബാനയുടെ ഈ മാഹാത്മ്യം നാം മറക്കരുത്. വിശുദ്ധ കുർബാനയുടെ മഹത്വത്തെക്കുറിച്ച് വിശുദ്ധരുടെ വാക്കുകൾ ഈ സമയം നിങ്ങളുടെ ഓർമ്മയിൽ ഇരിക്കട്ടെ…

വി. പത്താം പീയൂസ്: “സ്വർഗ്ഗത്തിലേയ്ക്കുള്ള ഏറ്റവും ചെറുതും സുരക്ഷിതവുമായ വഴിയാണ് വിശുദ്ധ കുർബാന സ്വീകരണം.”

വി. മാക്സിമില്യൻ കോൾബേ: “മാലാഖമാർക്ക് മനുഷ്യരോട് അസൂയ തോന്നുമെങ്കിൽ അതിന് ഒരു കാരണമേയുള്ളൂ. അത് പരിശുദ്ധ കുർബാന മാത്രമാണ്.”

വി. കൊച്ചുത്രേസ്യാ: “തിരുനാളുകളെ എത്രമാത്രം ഞാൻ സ്നേഹിക്കുന്നു. ദിവ്യകാരുണ്യത്തെ ബഹുമാനിച്ചുള്ള പ്രദിക്ഷണങ്ങളെ ഞാൻ പ്രത്യേകമായി സ്നേഹിക്കുന്നു. ദൈവത്തിന്റെ പാദാന്തികത്തിൽ പുഷ്പങ്ങൾ വിതറുന്നതിൽ എത്ര ആനന്ദം ഞാൻ കണ്ടെത്തിയിരുന്നന്നോ. പരിശുദ്ധ അരുളിക്കയിൽ എന്റെ പുഷ്പങ്ങൾ സ്പർശിക്കുന്നതു കാണുമ്പോൾ ഞാൻ അനുഭവിച്ച ആനന്ദം എത്രയോ അവർണ്ണനീയം.”

വി. മദർ തേരേസാ: “ക്രൂശിതരൂപത്തിലേയ്ക്ക് നീ നോക്കുമ്പോൾ ഈശോ നിന്നെ അന്ന് എത്രമാത്രം സ്നേഹിച്ചു എന്നു നീ മനസ്സിലാക്കുന്നു. എന്നാൽ ദിവ്യകാരുണ്യത്തിലേയ്ക്ക് നീ കണ്ണുകൾ ഉയർത്തുമ്പോൾ ഈശോ ഇന്ന് നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു നീ മനസ്സിലാക്കുന്നു.”

വി. ജോൺപോൾ രണ്ടാമൻ: “ക്രൈസ്തവജീവിതം ജീവിക്കാനുള്ള ശക്തിയും മറ്റുള്ളവർക്കായി ജീവിതം പങ്കുവയ്ക്കാനുള്ള അഭിനിവേശം ലഭിക്കുന്നതും ദിവ്യകാരുണ്യത്തിൽ നിന്നാകുന്നു.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.