അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശുദ്ധര്‍ പഠിപ്പിക്കുന്നത്

ഒരു യുവതി അമ്മയാകുമ്പോള്‍ പ്രത്യേകിച്ച്, ആദ്യമായി അമ്മയാകുമ്പോള്‍ വളരെയധികം മാനസിക – ശാരീരിക അസ്വസ്ഥതകളിലൂടെയും അവശതകളിലൂടെയും കടന്നുപോകാറുണ്ട്. പിന്നീട് കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ തരത്തിലുള്ള ആകുലതകള്‍ അമ്മമാരെ വേട്ടയാടും. എന്നാല്‍, ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായ മാതൃത്വത്തെ അതിമനോഹരമാക്കേണ്ടേത് എങ്ങനെയെന്ന് ചില വിശുദ്ധര്‍ പറഞ്ഞുതരുന്നുണ്ട്. അവയില്‍ ചിലത് പരിചയപ്പെടാം, ഓര്‍മ്മയില്‍ സൂക്ഷിക്കാം…

1. ലളിതമായ ജീവിതം

ഇക്കാര്യത്തില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും വി. ഫ്രാന്‍സിസ് അസീസിയെ മാതൃകയാക്കാം. സര്‍വ്വ സമ്പത്തും ഉപേക്ഷിച്ച് എളിയവരില്‍ എളിയവനായി ജീവിച്ച വ്യക്തിയാണ് അദ്ദേഹം. സമ്പത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചാല്‍ കുടുംബം, കുട്ടികള്‍ പോലുള്ളവയിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കും.

2. സഹനം ആര്‍ദ്രതയിലേയ്ക്ക് നയിക്കും

ജീവിതത്തില്‍ പലപ്പോഴും സഹനങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കൂട്ടുപിടിയ്ക്കാനും ദൈവത്തില്‍ ആശ്രയം കണ്ടെത്താനും കഴിഞ്ഞാല്‍ അത് അനുകമ്പയും കരുണയും ഉള്ളവരാക്കി നമ്മെ മാറ്റും. മാത്രവുമല്ല, മറ്റുള്ളവരുടെ ദുഃഖത്തെ സ്വന്തം ദുഃഖമായി കണക്കാനും അവരെ ആശ്വസിപ്പിക്കാനുമുള്ള ഒരു ഹൃദയവും നമുക്ക് ലഭിക്കും. വി. കൊച്ചുത്രേസ്യയും അവരുടെ മാതാപിതാക്കളും ഈ ജീവിതരീതി നയിച്ചിരുന്നവരാണ്.

3. ആതിഥേയ മര്യാദ ശീലിക്കുക; വളര്‍ത്തിയെടുക്കുക

ആതിഥേയ മര്യാദ പുലര്‍ത്തുക എന്നതിനോട് ചേര്‍ത്തു പറയുന്ന ഒരു കാര്യമുണ്ട്. അത്, തിരിച്ചു നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് നല്‍കുക എന്നത്. അതായത്, പാവങ്ങളുടെയും അവശരുടെയും മുമ്പില്‍. അങ്ങനെയാവുമ്പോള്‍ അവരില്‍ നിന്ന് ഒന്നും തിരിച്ചു കിട്ടില്ല. സുവിശേഷത്തില്‍ പലയിടത്തും ചുങ്കക്കാരുടെയും പാപികളുടെയുമൊപ്പം ഈശോ വിരുന്നിന് ഇരുന്നതുപോലെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ അതിഥികളെ സത്കരിക്കാം.

4. ഉദാരമനസ്‌കരാകാം

കുടുംബത്തോടും മക്കളോടുമുള്ള ഉത്തരവാദിത്വം എത്ര വലുതാണെങ്കിലും അവശരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്ക് ആവശ്യമായവ നല്‍കാനുമുള്ള സന്മനസ് ഉണ്ടാക്കിയെടുക്കാം. അതിന്റെ അനുഗ്രഹം ഈ ലോകത്തിലും പരലോകത്തിലും ലഭിക്കാതിരിക്കുകയില്ലെന്ന് ഈശോ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.

5. ഏകാന്തതയില്‍ ആയിരിക്കാം

അമ്മമാരാണ് ഒരു കുടുംബത്തിലെ കൂടുതല്‍ തിരക്കുള്ളവര്‍. എങ്കില്‍ പോലും കുറച്ചു സമയം ഏകാന്തതയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. ആ സമയം ദൈവത്തോട് സംസാരിക്കാന്‍ ശ്രമിക്കുന്നത് ആത്മീയ ഉണര്‍വിനും സഹായകമാവും.