ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് വിശുദ്ധരുടെ വാക്കുകള്‍

ശുദ്ധീകരണസ്ഥലം കത്തോലിക്കാ സഭയുടെ ഔദ്യോഗിക വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തോടെയാണ്. പക്ഷേ, സഭയുടെ തുടക്കം മുതലേ മരിച്ചവരുടെ കടങ്ങള്‍ ക്ഷമിക്കപ്പെടുന്നതിനും അവര്‍ക്ക് മോക്ഷപ്രാപ്തി കൈവരിക്കുന്നതിനുള്ള കൃപ ലഭിക്കുന്നതിനും വേണ്ടി സഭാംഗങ്ങള്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്നു. ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഏതാനും വിശുദ്ധര്‍ പങ്കുവച്ചിട്ടുള്ള ചിന്തകളെ നമുക്ക് ധ്യാനിക്കാം.

വി. കാതറിന്‍ ശുദ്ധീകരണസ്ഥലത്തെ അനുഗ്രഹങ്ങളുടെ കൂടാരമായി വിവരിക്കുന്നു. അവള്‍ പറയുന്നു: “പാപമെന്ന തുരുമ്പാണ് സ്വര്‍ഗ്ഗീയ ആനന്ദത്തിന് തടസമായി നില്‍ക്കുന്നത്. ഈ തുരുമ്പ് അഗ്നിയിലെന്നതുപോലെ കത്തിനശിക്കണം. അതിനുള്ള സ്ഥലമാണ് ശുദ്ധീകരണസ്ഥലം. പൊതിയപ്പെട്ട ഒരു വസ്തുവിന്റെമേല്‍ സൂര്യപ്രകാശം പതിക്കുന്നില്ല. എപ്പോഴും പ്രകാശിക്കുന്ന സൂര്യന്റെ പ്രകാശത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, ഈ വസ്തുവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയാണ് സൂര്യപ്രകാശം അതിന്മേല്‍ പതിക്കാനുള്ള തടസം. ആ വസ്തുവിന്റെ പൊതിച്ചില്‍ കത്തിച്ചുകളഞ്ഞാല്‍ ആ വസ്തു സൂര്യപ്രകാശത്തിനുമുമ്പില്‍ തുറന്നിരിക്കും. ഇതുപോലെ പാപമെന്ന തുരുമ്പ് ആത്മാവിനെ പൊതിഞ്ഞിരിക്കുന്ന അവസ്ഥയോടെ ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കള്‍, അഗ്നിയില്‍ ഈ തുരുമ്പിനെ കത്തിച്ചുകളഞ്ഞ് ദൈവത്തെ കാണാനും അനുഭവിക്കാനും സ്വീകരിക്കാനും തക്കവിധത്തില്‍ കൂടുതല്‍ തുറവിയുള്ളവരായിക്കൊണ്ടിരിക്കുന്നു!”

വി. കൊച്ചുത്രേസ്യ പറയുന്നു: “കര്‍ത്താവില്‍ ശരണപ്പെടാത്ത, വിശ്വസിക്കാത്ത, ദൈവത്തെ സ്നേഹിക്കാത്ത ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലം ഉറപ്പാണ്.” ഈ അറിവ് നമ്മെ ഭയപ്പെടുത്തേണ്ട ഒന്നല്ല. പിന്നെയോ, നമ്മെ പ്രത്യാശയിലേയ്ക്ക് നയിക്കേണ്ട ഒന്നാണ്. കാരണം ദൈവത്തെ നമുക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടുന്നതില്‍ നിന്ന് ശുദ്ധീകരണസ്ഥലം നമ്മെ രക്ഷിക്കുന്നു.

“ഈ ഭൂമിയിലെ പീഡകളിലൂടെയും പരീക്ഷണങ്ങളിലൂടെയും മരണത്തിനുശേഷം നേരെ ദൈവത്തിലേയ്ക്ക് ചെല്ലാനുള്ള കൃപകള്‍ നമുക്ക് സ്വീകരിക്കുവാന്‍ കഴിയും. എന്നാല്‍ അപ്രകാരം ലഭിക്കാത്ത വ്യക്തികള്‍ സമയം പാഴാക്കി എന്നുവേണം പറയാന്‍. യാതനയും സഹനവും കഷ്ടപ്പാടുമെല്ലാം പാഴാക്കിക്കളഞ്ഞവര്‍, ശുദ്ധീകരണസ്ഥലത്തിലൂടെ കടക്കേണ്ടിവരുന്നു. ശുദ്ധീകരണസ്ഥലമെന്നത് സമയം പാഴാക്കിയവര്‍ക്ക് സ്വര്‍ഗത്തിലേയ്ക്ക് പ്രവേശിക്കാനുള്ള ഒരു അടിയന്തര പ്രവേശനകവാടമാണ്.”

വി. പാദ്രേപിയോ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്ക് അവിടുത്തെ അഗ്നി ഉപേക്ഷിച്ച് ഭൂമിയിലെ ഏറ്റം വലിയ അഗ്നിയിലേയ്ക്ക് പോകാന്‍ കര്‍ത്താവ് അനുവാദം കൊടുത്താല്‍ ചൂടുവെള്ളത്തില്‍ നിന്ന് തണുത്തവെള്ളത്തിലേക്ക് പോകുന്നതുപോലെ ആയിരിക്കും അത്.” അദ്ദേഹം വീണ്ടുമൊരിക്കല്‍ തന്റെ ഒരു പ്രിയശിഷ്യയോട് ഇപ്രകാരം പറഞ്ഞു:”എന്റെ മകളേ, ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ ഈ ഭൂമിയിലെ അഗ്നിയുടെ കിണറ്റിലേയ്ക്ക് തങ്ങളെത്തന്നെ എറിയാന്‍ ആഗ്രഹിക്കുന്നു. കാരണം, അതവര്‍ക്ക് തണുത്ത വെള്ളമുള്ള കിണറായിരിക്കും.” ശുദ്ധീകരണസ്ഥലത്ത് വേദനയനുഭവിക്കുന്ന ആത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും എത്രയേറെ അനിവാര്യമാണെന്ന് വി. പാദ്രേ പിയോയുടെ വാക്കുകളും വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.