ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ട ഫിലിപ്പീനോ വൈദികന്റെ നാമകരണത്തിന് തുടക്കമായി

ഇസ്ലാമിക തീവ്രവാദികള്‍ നിഷ്ഠൂരമായി വധിച്ച ക്ലരീഷ്യന്‍ സഭാംഗം ഫാ. റോല്‍ ഗല്ലാര്‍ഡോയുടെ നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ച് ഫിലിപ്പൈന്‍സിലെ സഭ. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ‘അബു സയ്യഫ്’ ജിഹാദികള്‍ 2000 മേയ് മൂന്നിനാണ് 33 വയസുകാരനായ ഫാ. ഗല്ലാര്‍ഡോയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 21-ാം ചരമവാര്‍ഷികത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ, ഇസബെല്ലാ രൂപതാ ബിഷപ്പ് ലിയോ മാഗ്ഡുഗോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫിലിപ്പൈന്‍സില്‍ തന്നെ ജനിച്ചുവളര്‍ന്ന അദ്ദേഹം, 1999 ജൂലൈയിലാണ് മിന്‍ഡാനാവോ മേഖലയിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിതനായത്. 2000 മാര്‍ച്ചില്‍ സ്‌കൂള്‍ ആക്രമിച്ച് അഗ്നിക്കിരയാക്കിയ ഇസ്ലാമിക തീവ്രവാദികള്‍ അദ്ദേഹം ഉള്‍പ്പെടെ 52 പേരെ ബന്ധികളാക്കുകയായിരുന്നു. ബന്ധികളെ മോചിപ്പിക്കുവാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന കണ്ടെത്തിയ ഫാ. ഗല്ലാര്‍ഡോയുടെ മൃതദേഹത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെയും വെടിയേറ്റതിന്റെയും തെളിവുകള്‍ ഉണ്ടായിരുന്നു.

ഫാ. ഗല്ലാര്‍ഡോ സേവനം ചെയ്തിരുന്ന സാന്‍ വിന്‍സെന്റ് ഫെറര്‍ ദൈവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട അനുസ്മരണ ദിവ്യബലിയില്‍ ക്ലരീഷ്യന്‍ മിഷനറീസിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ഏലിയാസ് അബുയാന്‍ ജൂനിയറും സന്നിഹിതനായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.